
കഴുത, കുതിര, ഒട്ടകം എന്നീ മൃഗങ്ങളെ വളർത്താൻ വ്യക്തികൾക്ക് 50 ലക്ഷം രൂപവരെയും അവയുടെ ബ്രീഡിംഗ് ഫാമുകളോ ബീജ കേന്ദ്രങ്ങളോ നിർമ്മിക്കുന്നതിന് സംസ്ഥാനത്തിന് 10 കോടി രൂപ വരെ സഹായം അനുവദിക്കാൻ കേന്ദ്രസർക്കാർ. നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷൻ (എൻഎൽഎം സ്കീം) എന്ന പദ്ധതിക്ക് കീഴിലാണ് ഇവയുടെ വശംവർദ്ധനവിനായി കേന്ദ്രസർക്കാർ പണം അനുവദിക്കുന്നത്. കഴുതകളുടെയും കുതിരകളുടെയും ഒട്ടകങ്ങളുടെയും എണ്ണത്തിൽ രാജ്യത്ത് അടുത്ത കാലത്തായി വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിനെ തുർന്നാണ് ഇവയുടെ വംശവർദ്ധനവിനായി ഇത്തരമൊരു പദ്ധതിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
കഴുതകഴുടെ എണ്ണത്തിൽ 2012 മുതൽ ഏകദേശം 60 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. 2019 ലെ മൃഗ സെൻസസ് പ്രകാരം, ഇന്ത്യയിൽ 1.23 ലക്ഷം കഴുതകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. മുമ്പ്, കാർഷിക വൃത്തിക്കും ഇഷ്ടിക, മണൽ, ഭാരം ചുമക്കൽ തുടങ്ങിയ ജോലികൾക്കും കഴുതകളെ ഉപയോഗിച്ചിരുന്നു. ഈ രംഗങ്ങളിൽ യന്ത്രങ്ങൾ വന്നതോടെ ഇവയുടെ ഉപയോഗം കുറഞ്ഞു, നിലവിൽ, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇപ്പോൾ പ്രധാനമായും കഴുതകളെ കാണപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും ഇവയുടെ എണ്ണം തീരെയില്ല. ഈ കുറവ് നികത്താനായിട്ടാണ് കേന്ദ്രസർക്കാർ കഴുതയെ വളർത്തുന്നതിന് 50 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കുന്നത്. ഇതോടൊപ്പം കഴുതപ്പാലും അതിൽ നിന്നുള്ള ഉൽപ്പന്നങ്ങളെയും കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കളിൽ ഇത് ഉൾപ്പെടുത്താൻ എഫ്എസ്എസ്എഐ അനുമതി തേടിയിട്ടുണ്ട്.
നാഷണൽ ലൈവ്‌സ്റ്റോക്ക് മിഷനിൽ (NML) ഉൾപ്പെടുത്തിയിട്ടുണ്ട് തദ്ദേശീയമായ ഇത്തരം മൃഗങ്ങളുടെ അതിജീവനം കേന്ദ്രസർക്കാർ ഉറപ്പ് വരുത്തുന്നത്. പാൽ, മാംസം, കമ്പിളി, കാലിത്തീറ്റ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നിവ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇപ്പോൾ കഴുത, കുതിര, ഒട്ടക കർഷകർക്കായി പ്രത്യേക സബ്‌സിഡികളും കേന്ദ്രസർക്കാർ ആരംഭിച്ചു. പദ്ധതി പ്രകാരം, ഒരാൾ കഴുത, കുതിര, ഒട്ടകം എന്നിവയെ വളർത്താൻ അപേക്ഷിച്ചാൽ, പദ്ധതിയുടെ ആകെ ചെലവിന്‍റെ 50 ശതമാനം സബ്‌സിഡിയായി ലഭിക്കും. ഒപ്പം ഇവയുടെ ബ്രീഡിംഗ് ഫാമുകളോ ബീജ കേന്ദ്രങ്ങളോ സൃഷ്ടിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് പരിധി 10 കോടി രൂപ വരെ ലഭിക്കും.
കഴുത വളർത്തലിന് ഏറ്റവും കുറഞ്ഞത് 50 പെൺ കഴുതകളെയും 5 ആൺ കഴുതകളെയും വേണം. കുതിരകൾക്ക് ഏറ്റവും കുറഞ്ഞത് 10 പെൺ കുതിരകളെയും 2 ആൺ കുതിരകളെയും വേണം. ഒട്ടകത്തിനാകട്ടെ വലുപ്പത്തിന് അനുസരിച്ച് 3 ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. ഈ പദ്ധതി നാടൻ ഇനങ്ങൾക്ക് മാത്രമാണ് ലഭിക്കുക. സബ്‌സിഡി രണ്ട് ഗഡുക്കളായി നൽകും. ബാങ്ക് വായ്പ ലഭിച്ചതിന് ശേഷവും രണ്ടാമത്തെ ഗഡു പദ്ധതി പൂർത്തീകരിച്ചതിന് ശേഷവും ലഭിക്കും.
പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് nlm.udyamimitra.in -ലാണ് ഇതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിന് ശേഷം, ബാങ്കിൽ നിന്ന് വായ്പയെടുത്ത് നിങ്ങൾക്ക് പദ്ധതി ആരംഭിക്കാം, സബ്‌സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭിക്കും. സർക്കാർ നിർദ്ദേശിക്കുന്ന പ്ലാനും യൂണിറ്റ് വലുപ്പവും പാലിക്കേണ്ടതുണ്ട്.