
ഇന്റർനെറ്റിൻറെ ലോകം വളരെ വലുതാണ്. എവിടെയുള്ള മനുഷ്യർക്കും പരസ്പരം കണ്ടെത്താനും മിണ്ടാനും ഒക്കെ പറ്റുന്ന ഒരു ലോകം. അതിന് ഉദാഹരണമാണ് ഈ സുഹൃത്തുക്കൾ. 2006 -ൽ ഹവായിയിൽ ഒരു ക്രൂയിസ് ഡിന്നറിലാണ് ഇരുവരും പരസ്പരം കാണുന്നതും പരിചയപ്പെടുന്നതും. അപ്പോൾ തന്നെ അവർ ഇരുവരും സുഹൃത്തുക്കളുമായി. യാത്രയ്ക്ക് ശേഷം രണ്ടുപേരും തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ആ രാത്രിയുടെ ഓർമ്മയ്ക്കായി ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ക്യാമറയിലേക്ക് നോക്കി രണ്ടുപേരും ചിരിക്കുന്നതായിരുന്നു ആ ചിത്രം. പിന്നിൽ സമുദ്രവും കാണാം.
എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അതിൽ ഒരു പെൺകുട്ടിക്ക് തന്റെ ആ ചങ്ങാതി എവിടെയാണ്, ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നൊക്കെ അറിയാൻ ആഗ്രഹം തോന്നി. അതിനായി അവൾ ഇന്റർനെറ്റിന്റെ സഹായം തന്നെയാണ് തേടിയത്. രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ആ പഴയ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ഇത് ഷെയർ ചെയ്ത് തങ്ങളുടെ റീയൂണിയന് സഹായിക്കണം എന്നാണ് അവൾ അപേക്ഷിച്ചത്.
എന്തായാലും അവളുടെ ശ്രമം വെറുതെ ആയില്ല. ആ ചിത്രത്തിൽ ഉണ്ടായിരുന്ന പെൺകുട്ടി തന്നെ അവൾക്ക് മറുപടി നൽകി. ആ ചിത്രത്തിലുള്ളത് താനാണ് എന്ന് സമ്മതിച്ചു. താനിപ്പോൾ എങ്ങനെ ഇരിക്കുന്നു എന്ന് കാണിക്കുന്നതിനായി തന്റെ ഒരു സെൽഫിയും അവൾ പോസ്റ്റ് ചെയ്തിരുന്നു. അത് മാത്രമല്ല, അന്ന് ഹവായിയിൽ അവളുടെ കൂടെ ഡിന്നറിനുണ്ടായിരുന്ന ആ പെൺകുട്ടി താനാണ് എന്ന് തെളിയിക്കുന്നതിനായി ആ യാത്രയിൽ എടുത്ത ചിത്രവും അവൾ പോസ്റ്റ് ചെയ്തതിനൊപ്പം ഉണ്ടായിരുന്നു.
ഏതായാലും വീണ്ടും പരസ്പരം കണ്ടുമുട്ടാനും ആ സൗഹൃദം ഇനിയും തുടരാനുമാണ് രണ്ടുപേരുടെയും തീരുമാനം.