
റഷ്യ-ഉക്രൈൻ സംഘർഷത്തെ(Russia-Ukraine crisis) തുടർന്ന് ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന നേതാക്കളിൽ ഒരാളായി ഈ ദിവസങ്ങളിൽ പുടിൻ(Putin) മാറിയിരിക്കുകയാണ്. 69 -കാരനായ പ്രസിഡന്റിന്റെ ഭൂതകാലത്തെക്കുറിച്ചടക്കം ആളുകൾ അന്വേഷിക്കുന്നുണ്ടത്രെ. അക്കാര്യത്തിൽ, കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, രണ്ടാം ലോക മഹായുദ്ധത്തെത്തുടർന്ന് റഷ്യ ദാരിദ്ര്യത്തിലും പ്രതിസന്ധിയിലും വലയുന്ന സമയത്താണ് അദ്ദേഹം വളർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തവത്തിൽ, പുടിന്റെ സ്വന്തം പിതാവ് യുദ്ധക്കളത്തിൽ നാസി സേനയോട് ധീരമായി പോരാടിയ ഒരു മുൻനിര സൈനികനാണ് എന്ന് പറയപ്പെടുന്നു.
2012 -ൽ വ്‌ളാഡിവോസ്റ്റോക്കിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ ഹിലരി ക്ലിന്റനോട് വ്‌ളാഡിമിർ പുടിൻ തന്റെ മാതാപിതാക്കളെ കുറിച്ച് പങ്കുവച്ച കാര്യങ്ങൾ 'ഹാർഡ് ചോയ്‌സസ്' എന്ന പുസ്തകത്തിൽ ഹിലാരി വിവരിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത്, പുടിന്റെ പിതാവ് സൈനിക സേവനത്തിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത് വീട്ടിലെത്തി. തന്റെ വീടിന് മുന്നിൽ എത്തിയപ്പോൾ, തെരുവിൽ നിറയെ മൃതദേഹങ്ങൾ കുന്നുകൂടി കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. വീടിന് പുറത്ത് ഒരു ട്രക്കിലേക്ക് മൃതദേഹങ്ങൾ കയറ്റുന്നതും അദ്ദേഹം കണ്ടു. എന്നാൽ അടുത്തെത്തിയപ്പോൾ, മൃതദേഹങ്ങളിലൊന്ന് തന്റെ ഭാര്യയുടേതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അത് തനിക്ക് തിരികെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ച് നേരത്തെ തർക്കത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന് വിട്ടു കിട്ടി.
എന്നാൽ, പരിശോധയിൽ ഭാര്യയ്ക്ക് അപ്പോഴും ജീവനുണ്ടായിരുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കുറേനാളത്തെ പരിചരണത്തിന് ശേഷം പുടിന്റെ പിതാവ് ഭാര്യയെ തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷം അവർക്ക് ഒരു മകൻ ജനിച്ചു. അതായിരുന്നു വ്‌ളാഡിമിർ പുടിൻ. പുടിൻ പറഞ്ഞ ഈ കഥയുടെ സത്യാവസ്ഥ പരിശോധിക്കാൻ തനിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് ക്ലിന്റൺ അഭിപ്രായപ്പെട്ടു. “ഒരിക്കൽ എന്റെ അമ്മ വിശന്നു തളർന്ന് അനങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായി. അമ്മ മരിച്ചുവെന്ന് പോലും ആളുകൾ കരുതി. അവർ അമ്മയെ മൃതദേഹങ്ങളുടെ കൂട്ടത്തിൽ കിടത്തി. ഭാഗ്യത്തിന് അമ്മ ഉണർന്ന് ഞരങ്ങാൻ തുടങ്ങി" ആ അനുഭവത്തെ കുറിച്ച് പുടിൻ പിന്നീട് എഴുതി.
1952 ഒക്ടോബർ 7 -ന് ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ലെനിൻഗ്രാഡിലാണ് പുടിൻ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിൽ 900 ദിവസത്തോളം ഉപരോധത്തിലായിരുന്ന അവിടം. യുദ്ധത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പട്ടിണി കിടന്ന് മരിച്ചു. നിരവധി കുടുംബങ്ങൾ പൂർണ്ണമായും ഇല്ലാതായി. അദ്ദേഹത്തിന്റെ പിതാവ് രണ്ടാം ലോകമഹായുദ്ധസമയത്ത് വീണ്ടും പങ്കെടുക്കാനായി നിർബന്ധിതനായി. എന്നാൽ, യുദ്ധത്തിൽ പരിക്കേറ്റ അദ്ദേഹം ജീവിതകാലം മുഴുവൻ മുടന്തനായി ജീവിച്ചു. മാതാപിതാക്കൾ യുദ്ധത്തിൽ നിരവധി കഷ്ടപ്പാടുകളെ അതിജീവിച്ചു. ഒടുവിൽ പിതാവിന്റെ 41 -ാം വയസ്സിലാണ് പുടിൻ ജനിക്കുന്നത്. ഇതിനിടയിൽ ദമ്പതികൾക്ക് അവരുടെ രണ്ട് മുതിർന്ന കുട്ടികളെ നഷ്ടപ്പെട്ടു. ഒരാൾ യുദ്ധത്തിനിടെ ഡിഫ്തീരിയ ബാധിച്ച് മരിച്ചു. രണ്ടാമത്തേയാൾ കുട്ടിക്കാലത്ത് മറ്റൊരു രോഗത്താൽ മരണപ്പെട്ടു.
അദ്ദേഹത്തിന്റെ മുൻ സ്കൂൾ അധ്യാപിക വെരാ ദിമിട്രിവ്ന ഗുരെവിച്ച് പുട്ടിന്റെ വീടിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “ചൂടുവെള്ളമോ ബാത്ത്ടബ്ബോ ഇല്ലായിരുന്നു. ശൗചാലയം ശോചനീയമായ അവസ്ഥയിലായിരുന്നു. തണുപ്പാണെങ്കിൽ ഭയങ്കരമായിരുന്നു. പുടിൻ കൂടുതലും തെരുവിലായിരുന്നു. ജീവിതം വളരെ കഠിനമായിരുന്നു." 'ദി മാൻ വിത്തൗട്ട് എ ഫേസ്: ദി അൺലൈക്കിലി റൈസ് ഓഫ് വ്‌ളാഡിമിർ പുടിൻ' -ന്റെ രചയിതാവ് മാഷാ ഗെസെൻ പറയുന്നു: “പുടിന്റെ മാതാപിതാക്കൾ രാപ്പകലില്ലാതെ ജോലി ചെയ്തു. അമ്മ ചെറിയ ജോലികൾ ചെയ്തു കുടുംബം പോറ്റി. അച്ഛൻ ഒരു ഫാക്ടറിയിൽ ജോലിക്കാരനായിരുന്നു. അതുകൊണ്ട് തന്നെ പുടിൻ കുട്ടിക്കാലത്ത് കൂടുതലും തനിച്ചായിരുന്നു. അവൻ തനിച്ചാണ് വളർന്നത്. കൂട്ടുകാർ അവനെ ഉപദ്രവിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്വയരക്ഷക്കായി ആയോധനകലയായ സാംബോ പഠിക്കാൻ തുടങ്ങി."
പുടിന്റെ മുത്തച്ഛൻ സ്പിരിഡൺ പുടിൻ ഒന്നാം ലോകമഹായുദ്ധസമയത്ത് വ്‌ളാഡിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ എന്നിവരുടെ സ്വകാര്യ പാചകക്കാരനായിരുന്നു. 1941 -ൽ പുടിന്റെ മുത്തശ്ശി ജർമ്മൻകാരാൽ കൊല്ലപ്പെട്ടു. വളർന്നുവമ്പോൾ, ലജ്ജാശീലനും അന്തർമുഖനുമായ ഒരു റൊമാന്റിക് കൗമാരക്കാരനെന്നാണ് പുടിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, യുദ്ധത്തിന്റെ കെടുതികൾ ഏറെ അനുഭവിച്ച അദ്ദേഹം ഇന്ന് അതേ തന്ത്രങ്ങൾ പിന്തുടരുന്നത് തീർത്തും വിരോധാഭാസമായി തോന്നാം.