പ്രിയപ്പെട്ടവരുടെ മരണം താങ്ങാൻ നായയ്ക്കും പ്രയാസം, കൂട്ടുകാരെ നഷ്ടപ്പെടുന്നത് വേദനയുണ്ടാക്കുമെന്നും പഠനം

Published : Feb 26, 2022, 01:23 PM IST
പ്രിയപ്പെട്ടവരുടെ മരണം താങ്ങാൻ നായയ്ക്കും പ്രയാസം, കൂട്ടുകാരെ നഷ്ടപ്പെടുന്നത് വേദനയുണ്ടാക്കുമെന്നും പഠനം

Synopsis

പങ്കെടുത്തവരിൽ 86 ശതമാനം പേരും ഒരു നായ ഇല്ലാതായ ശേഷം ജീവിച്ചിരിക്കുന്ന നായയുടെ പെരുമാറ്റത്തിൽ വലിയ വ്യത്യാസം വന്നുവെന്ന് സമ്മതിക്കുകയുണ്ടായി. 

പ്രിയപ്പെട്ട ഒരാളുടെ നഷ്ടം മനുഷ്യരിൽ അഗാധമായ സ്വാധീനം ചെലുത്തും, ഉറക്കത്തെയും വിശപ്പിനെയും എല്ലാം അത് ബാധിക്കാം. ഇപ്പോൾ ഗവേഷകർ പറയുന്നത്, സുഹൃത്തിനെ നഷ്ടപ്പെട്ട നായ്ക്കളിലും(Dogs) സമാനമായ മാറ്റങ്ങൾ കണ്ടെത്തിയെന്നാണ്. ഇതിനെ ദുഖം എന്ന് കൃത്യമായി പറയാമോ എന്ന് അറിയില്ലെങ്കിലും അവയുടെ പെരുമാറ്റത്തെ അത് ബാധിക്കുന്നുണ്ട് എന്നാണ് ​ഗവേഷകർ പറയുന്നത്. 

പഠനത്തിന്റെ രചയിതാക്കളിൽ ഒരാളായ മിലാൻ സർവകലാശാലയിലെ ഡോ. ഫെഡറിക്ക പിറോൺ(Dr Federica Pirrone of the University of Milan) പറയുന്നത്, നായകൾ വളരെ വൈകാരികതയുള്ള മൃ​ഗങ്ങളാണ്. അവ മറ്റ് നായകളോട് വളരെയധികം അടുപ്പം സൂക്ഷിക്കുന്നവയാണ്. അതിനാൽ തന്നെ അക്കൂട്ടത്തിൽ ഒന്നിനെ നഷ്ടപ്പെട്ടാൽ അത് അവയെ ബാധിക്കും. ആ തകർച്ചയിൽ നിന്നും അവയെ കരകയറ്റാനുള്ള കാര്യങ്ങൾ ചെയ്യേണ്ടി വരും എന്നാണ്. ദുഃഖത്തിന്റെ പ്രകടനങ്ങൾ മനുഷ്യർക്ക് മാത്രമുള്ളതല്ല: ചില കുരങ്ങുകൾ, ഡോൾഫിനുകൾ, ആനകൾ, പക്ഷികൾ എന്നിവ മരണത്തെ ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളിൽ പങ്കെടുക്കുകയും വിലപിക്കുകയും ചെയ്യുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ജീവജാലങ്ങളിൽ ഉൾപ്പെടുന്നു. 

'സയന്റിഫിക് റിപ്പോർട്ട്സ്' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തിനായി 426 പേരിൽ നിന്നുമാണ് ചോദ്യാവലിയുടെ സ​ഹായത്തോടെ വിവരങ്ങൾ ശേഖരിച്ചത്. അവരെല്ലാവരും രണ്ട് നായകളുണ്ടായിരുന്നവരും അതിൽ ഒന്നിനെ നഷ്ടപ്പെട്ടവരുമാണ്. ഒരു നായയെ നഷ്ടപ്പെട്ട ശേഷമുള്ള ഉടമകളുടെയും ശേഷിച്ച നായയുടെയും അവസ്ഥ, പെരുമാറ്റം ഇവയെല്ലാം രേഖപ്പെടുത്തപ്പെട്ടു. 

പങ്കെടുത്തവരിൽ 86 ശതമാനം പേരും ഒരു നായ ഇല്ലാതായ ശേഷം ജീവിച്ചിരിക്കുന്ന നായയുടെ പെരുമാറ്റത്തിൽ വലിയ വ്യത്യാസം വന്നുവെന്ന് സമ്മതിക്കുകയുണ്ടായി. പിറോൺ പറഞ്ഞു: "മൊത്തത്തിൽ, നായ്ക്കൾ കുറച്ച് മാത്രം കളിക്കുകയും ഭക്ഷണം കഴിക്കുകയും, കൂടുതൽ ഉറങ്ങുകയും, ഉടമകളുടെ ശ്രദ്ധയ്ക്കായി കൂടുതൽ ശ്രമങ്ങൾ നടത്തുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്." നായ്ക്കൾ എത്രകാലം ഒരുമിച്ചു ജീവിച്ചു എന്നോ ജീവിച്ചിരിക്കുന്ന നായ്ക്കൾ ശവശരീരം കണ്ടോ എന്നതുമായി ഈ മാറ്റങ്ങൾ ബന്ധപ്പെട്ടിട്ടില്ലെന്ന് സംഘം പറഞ്ഞു. അതുപോലെ കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരുന്ന നായകൾ ഒന്നിന്റെ മരണശേഷം കൂടുതൽ ദുഖിതരാവുന്നു. ഉദാഹരണത്തിന് ഭക്ഷണം ഒരുമിച്ച് കഴിച്ചിരുന്ന രണ്ട് നായ്ക്കളിൽ ഒന്നിന്റെ മരണശേഷം മറ്റേത് അധികം ഒന്നിലും ആക്ടീവാവാതെ കൂടുതൽ നേരം ഉറങ്ങുന്നു എന്നും ​ഗവേഷകർ പറയുന്നു. 

നായ്ക്കൾ വേ​ഗത്തിൽ മറ്റൊന്നിനോട് വൈകാരികബന്ധം ഉണ്ടാക്കിയെടുക്കുന്നുണ്ട്. അതുകൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത്. എന്നാൽ, കൂടെയുണ്ടായിരുന്ന ഒന്നിന്റെ നഷ്ടം കൊണ്ടാണോ അതോ മരിച്ചുവെന്ന് അറിയുന്നതിനാലാണോ നായകൾ ഇങ്ങനെ ദുഖം പ്രകടിപ്പിക്കുന്നത് എന്നതിന് വ്യക്തതയില്ല. 

ഏതായാലും പഠനത്തിന് നേരെ വിമർശനങ്ങളും ഉണ്ട്. നായകളുടെ പെരുമാറ്റം വേണ്ടപോലെ മനസിലാക്കാനും വ്യാഖ്യാനിക്കാനും ഉടമകൾക്ക് കഴിയണമെന്നില്ല. ​ഗവേഷകർ തയ്യാറാക്കിയ ചോദ്യാവലി ഇത്തരം ഒരു അനുമാനത്തിലെത്താൻ പൂർണമായും സഹായിക്കണം എന്നില്ല എന്നൊക്കെയാണ് വിമർശനങ്ങൾ. 

PREV
Read more Articles on
click me!

Recommended Stories

അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്
10 ലക്ഷത്തിന്റെ കാർ വാങ്ങിയത് ജോലിയിലെ ടിപ്പ് മാത്രം ഉപയോ​ഗിച്ചെന്ന് യുവാവ്, ശമ്പളം മുഴുവന്‍ സേവിംഗ്സ്