
റഷ്യയുടെ പരമാധികാര സ്ഥാനത്തു വരുന്നതിനു മുമ്പ് വ്ലാദിമിർ പുടിന് ഏറെ നിഗൂഢമായ ഒരു ഭൂതകാലമുണ്ടായിരുന്നു. ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള അദ്ദേഹം കെജിബി എന്ന റഷ്യയുടെ വിശ്വപ്രസിദ്ധമായ ചാരസംഘടനയുടെ തലപ്പത്തിരുന്ന വ്യക്തിയാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ഇന്റലിജൻസ് ശേഖരണ ദൗത്യങ്ങൾ ഫലപ്രദമായി ഏറ്റെടുത്ത് നടത്തിയതിന്റെ, നിരവധി യുദ്ധങ്ങൾക്ക് വേണ്ടി അണിയറയിൽ പ്രവർത്തിച്ചതിന്റെ നേരിട്ടുള്ള പരിചയം കൈമുതലാക്കിയ ശേഷമാണ് പുടിൻ 2000 -ൽ പ്രസിഡന്റായി രാജ്യഭാരം ഏറ്റെടുക്കുന്നത്. എന്നാൽ, വ്ലോദിമിർ സെലെൻസ്കി എന്ന യുക്രൈൻ പ്രസിഡന്റിന്റെ ഭൂതകാലത്തിൽ, ഒരു രാഷ്ട്രനേതാവ് എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ സംഭവബഹുലമായ കരിയറിന് ബലം പകരുന്ന തരത്തിലുള്ള അനുഭവ പരിസരങ്ങൾ യാതൊന്നുമില്ല. "ജന സേവകൻ" എന്ന് പേരുള്ള ഒരു ടെലിവിഷൻ പരമ്പരയിൽ, യദൃച്ഛയാ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന, അഴിമതി വിരുദ്ധനായ ഒരു സ്‌കൂൾ ടീച്ചറുടെ വേഷത്തിൽ ഹാസ്യം അനിതരസാധാരണമായ വിധത്തിൽ അഭിനയിച്ചു ഫലിപ്പിച്ചു, ഭരിക്കുന്ന ഗവണ്മെന്റിനെ ആക്ഷേപിച്ചും വിമർശിച്ചും ജനഹൃദയങ്ങളിൽ ഇടം പിടിച്ചു എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു യോഗ്യത. 2019 -ൽ അദ്ദേഹം യുക്രൈൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ, ജനം വാരിക്കോരി വോട്ടുകൾ നൽകി വിജയിപ്പിച്ചത് അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തോടുള്ള മമതയും, ടെലിവിഷൻ സ്ക്രീനിലെ പ്രകടനം യഥാർത്ഥ ജീവിതത്തിലും ആവർത്തിക്കാൻ അദ്ദേഹത്തിനായാലോ എന്ന പ്രതീക്ഷയും കാരണമാണ്.
ഇങ്ങനെ തികച്ചും വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽ നിന്ന് വന്നതുകൊണ്ടാവണം, യുദ്ധം ആസന്നമാണ് എന്ന പ്രതീതിയുളവാക്കിയ കഴിഞ്ഞ ആറേഴുമാസക്കാലം ഇരുവരും അവരുടെ അനുയായികളും ചെലവിട്ടത് വ്യത്യസ്തമായ രീതിയിലായിരുന്നു. യുദ്ധത്തിൽ സൈനികമായി മേൽക്കൈ നേടാൻ വേണ്ട ഗൂഢ തന്ത്രങ്ങളുടെ, അവയുടെ നടപ്പിലാക്കലിന് വേണ്ടി വന്നേക്കാവുന്ന അടിസ്ഥാന സൈനിക സൗകര്യങ്ങളുടെ ഒക്കെ പിന്നിലെ ആലോചനകളിൽ ആയിരുന്നു പുടിൻ എങ്കിൽ, സെലൻസ്കിയും സംഘവും സാമൂഹിക മാധ്യമങ്ങളിൽ മീമുകളും പ്രചാരണ വസ്തുക്കളും തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ജനുവരിയിൽ, യുദ്ധഭീതി ഏറെ വർധിച്ച സാഹചര്യത്തിൽ പോലും, 'യുക്രൈൻ പ്രതിസന്ധി' എന്ന് തലക്കെട്ട് നൽകിയ മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് സെലൻസ്കി പറഞ്ഞത് ഇവിടെ പ്രതിസന്ധി ഒന്നുമില്ല, ഒരു മോശം അയൽക്കാരനുണ്ട് എന്നുമാത്രമേ ഉള്ളൂ എന്നാണ്. യുക്രൈൻ പ്രസിഡന്റിന്റെ ഹാസ്യാഭിനയ പശ്ചാത്തലം പുടിൻ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വീഡിയോ സന്ദേശം സംപ്രേഷണം ചെയ്ത ശേഷം പോലും നമ്മൾ കണ്ടു. അദ്ദേഹം പുറത്തുവിട്ട മീമിൽ. കുഞ്ഞു കുട്ടിയുടെ പരുവത്തിൽ വരച്ചു വെച്ചിട്ടുള്ള പുടിനെ, ഹിറ്റ്‌ലർ കവിളിൽ തട്ടി അഭിനന്ദിക്കുന്നതിന്റെ ഇല്ലസ്ട്രേഷൻ ആയിരുന്നു ഉണ്ടായിരുന്നത്.
1952 -ൽ സോവിയറ്റ് യൂണിയനിലാണ് പുടിൻ ജനിച്ചത് എങ്കിൽ, സെലൻസ്കിയുടെ ജനനം പുടിൻ കെജിബി എന്ന ചാരസംഘടനയുടെ ഭാഗമാവി മൂന്നു വർഷത്തിനിപ്പുറം 1978 -ലാണ്. ജന്മം കൊണ്ട് ഒരു ജൂതനായ സെലൻസ്കിയുടെ കുടുംബത്തിലെ വളരെ അടുത്ത ബന്ധുക്കളിൽ ചിലർ, രണ്ടാം ലോകമഹായുദ്ധകാലത്ത് ഹോളോകോസ്റ്റിന് ഇരകളായവരാണ്. അതേസമയം സ്റ്റാലിന്റെ കുശിനിപ്പണി ചെയ്തിരുന്നവരായിരുന്നു പുടിന്റെ കുടുംബം. പുടിനും സെലൻസ്കിയും രണ്ടു പേരും കോളേജിൽ നിന്ന് പഠിച്ചത് നിയമം ആയിരുന്നു. പുടിൻ പിന്നീടൊരു ചാരനായി, രാജ്യത്തിന്റെ രഹസ്യപൊലീസ് സംഘത്തലവൻ ആയി എങ്കിൽ, നിയമ പഠനം പൂർത്തിയാക്കി, ലൈസൻസെടുത്തശേഷം നാടകങ്ങളിൽ ആകൃഷ്ടനായ സെലൻസ്കി ഒരു നടൻ എന്ന നിലയിൽ മുന്നോട്ട് പോവുകയാണുണ്ടായത്.
തൊണ്ണൂറുകളുടെ അവസാനത്തോടെ സെലൻസ്കി തിയറ്റർ ഗ്രൂപ്പ് ഉണ്ടാക്കുകയും, അധികം വൈകാതെ ഒരു ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയാവുകയും ചെയ്യുന്നു. ഏതാണ്ട് അതേസമയത്ത് സെന്റ് പീറ്റേഴ്‌സ് ബെർഗിന്റെ മേയറാവുന്ന പുടിൻ 1996 -ൽ യെൽത്സിന്റെ ടീമിൽ അംഗമാവുകയും, 1998 -ൽ അപ്പോഴേക്കും FSB എന്ന് പെരുമാറിക്കഴിഞ്ഞിരുന്ന കെജിബിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നു. സെലൻസ്കി അവിടെ കോമഡി കാട്ടി നാട്ടുകാരെ ചിരിപ്പിച്ചു കൊണ്ട് നടന്ന കാലത്തു തന്നെ പുടിന്റെ മനസ്സിൽ "ഒരു രാജ്യം, ഒരു ജനത" എന്ന വിശാല റഷ്യൻ ഏകീകരണ ചിന്ത ഉദിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.
അങ്ങനെ സമാന്തരമായി പൊയ്ക്കൊണ്ടിരുന്ന പുടിന്റെയും സെലൻസ്കിയുടെയും രണ്ടു പാതകളും തമ്മിൽ സന്ധിക്കുന്നത് 2014 -ലാണ്. അക്കൊല്ലമാണ് റഷ്യയുടെ കളിപ്പാവയായിരുന്ന യുക്രൈൻ പ്രസിഡന്റ് വിക്തോർ യാനുക്കോവിച്ചിനെ ജനം അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടരാക്കുന്നതും, യുക്രൈനിൽ റഷ്യാ വിരുദ്ധ വികാരം ആളിപ്പടരുന്നതും. അത്തവണ റഷ്യാ വിരുദ്ധനായ പെട്രോ പെറോഷെങ്കോ അധികാരത്തിലെത്തുന്നു, അധികം വൈകാതെ റഷ്യ ക്രിമിയയെ അനെക്സ് ചെയ്യുകയും ചെയ്തു. അങ്ങനെ യുക്രൈന്റെ ആഭ്യന്തര രാഷ്ട്രീയം റഷ്യാ വിരുദ്ധ വികാരം കൊണ്ട് തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തിലാണ് സെലൻസ്കി തന്റെ ജനസേവകൻ ടെലി സീരിയലും കൊണ്ട് വരുന്നത്. ഈ പരിപാടി റഷ്യയുടെ നിരന്തര ഭീഷണിയിൽ നിന്ന് യുക്രൈൻ ജനതയ്ക്കു കാല്പനികമെങ്കിലും ഒരു താത്കാലികമോക്ഷം നൽകുന്നു.
ടെലിവിഷൻ സീരീസിൽ ആകസ്മികമായി പ്രസിഡന്റാവുന്ന കഥാപാത്രത്തെ അവതരിപ്പിച്ച സെലൻസ്കി അതേപേരിൽ പാർട്ടിയുണ്ടാക്കി ജനങ്ങളെ തെരഞ്ഞെടുപ്പിൽ നേരിടുന്നു. 73 ശതമാനം വോട്ടു ഷെയർ സ്വന്തമാക്കി വൻവിജയം നേടി ജനപ്രിയനായ ഒരു പ്രസിഡന്റുകൂടി ആവുന്നു. Kiev എന്ന റഷ്യൻ സ്പെല്ലിങ്ങിൽ നിന്ന് Kyiv എന്ന യുക്രൈനിയൻ സ്പെല്ലിങ്ങിലേക്ക് രാജ്യതലസ്ഥാനത്തിന്റെ പേരും അദ്ദേഹം മാറ്റുന്നു. ഇതെന്തിന് എന്ന് ചോദിച്ച പത്രപ്രവർത്തകരോട്, "What's In A Name?" എന്ന് ഷേക്സ്പിയറിനെ ഉദ്ധരിച്ച് മറുപടി പറയാനും സെലൻസ്കി ശ്രമിക്കുന്നുണ്ട്. നാടകരംഗത്ത് ഒരു പ്രൊഫഷണൽ കോമാളിയായിരുന്ന വ്ലോദിമിർ സെലൻസ്കിക്ക് ജനഹൃദയങ്ങളിൽ ഇടം നേടിക്കൊടുത്ത നാടകത്തിന്റെ അന്ത്യ രംഗത്തിൽ അദ്ദേഹം പുടിനെ പരിഹസിക്കുക പോലും ചെയ്യുന്നുണ്ട്.
എന്നാൽ, ഇതുവരെ പറഞ്ഞ താരതമ്യങ്ങൾ ഒക്കെ ഇപ്പോൾ വന്നെത്തി നിൽക്കുന്നത് രണ്ടു രാജ്യങ്ങളും തമ്മിൽ യുദ്ധരംഗത്തെ ബലാബലത്തിലാണ്. ഇവിടെ അരങ്ങിലെ കോമാളി, ജീവിതത്തിൽ പ്രസിഡന്റ് സ്ഥാനത്തേറി എങ്കിലും, യുദ്ധം ഒന്ന് മുറുകുമ്പോൾ പോരാടി പരിചയമില്ലാത്ത അയാൾ നാടുവിട്ടോടി തന്റെ ജീവൻ കാക്കുകയെ ഉള്ളൂ, പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രം എന്നൊക്കെയുള്ള പ്രവചനങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ട് കീവിൽ തന്നെ തുടരുകയാണ് സെലൻസ്കി. താനാണ് ഒന്നാം ലക്‌ഷ്യം, പിന്നെ തന്റെ കുടുംബം എന്ന് നല്ല ബോധ്യമുണ്ട് തനിക്കെന്നും, ഒരു ഭീരുവിനെപ്പോലെ പിന്തിരിഞ്ഞോടാൻ താൻ തയ്യാറല്ല, മരണം പുറത്ത് വെടികൊണ്ടിട്ടാവില്ല എന്നും അദ്ദേഹം ആവർത്തിച്ച് ആണയിട്ടുണ്ട്.
രാജ്യത്തെ ആരോഗ്യമുള്ള ഏതൊരു സിവിലിയനും ബോംബും തോക്കുമേന്തി റഷ്യൻ സൈന്യത്തെ എതിരിടണം എന്ന അദ്ദേഹത്തിന്റെ ആഹ്വാനം ചെവിക്കൊണ്ട് ജനം തെരുവിലേക്കിറങ്ങി അർബൻ വാർഫെയറിനു മുതിരുന്ന കാഴ്ചയാണ് നമ്മൾ കാണിച്ചത്. കാര്യം പുടിൻ എത്ര മികച്ച ചാരൻ ആണെന്ന് പറഞ്ഞാലും യുക്രെയിനിലെ അന്തിമ പോരാട്ടത്തിൽ ഒരു ഈസി വാക്കോവർ അദ്ദേഹത്തിന് നൽകാൻ, പൂര്വാശ്രമത്തിൽ ഒരു കോമാളി മാത്രമായിരുന്നു എങ്കിലും പ്രസിഡന്റ് സെലൻസ്കി തയ്യാറല്ല. സിവിലിയൻസിനെ മുന്നിൽ നിർത്തി, അർബൻ യുദ്ധതന്ത്രങ്ങളുടെ സകല സാധ്യതകളും മുതലെടുത്തുകൊണ്ട്, അമേരിക്കയ്ക്ക് വിയറ്റ്നാമിൽ ഏറ്റപോലുള്ള ചില ഗുരുതരമായ നാശനഷ്ടങ്ങൾ, റഷ്യക്ക് യുക്രൈനിന്റെ മണ്ണിൽ ഏൽപ്പിക്കാൻ തന്നെയുള്ള വാശിപ്പുറത്താണ് തല്ക്കാലം സെലൻസ്കി. ഈ യുദ്ധത്തിന്റെ അന്തിമപരിണതി എന്താവും, സെലൻസ്കിക്ക് ഈ യുദ്ധം തീരുന്ന നാൾ എന്ത് വിധിയെയാണ് നേരിടേണ്ടി വരിക എന്നതൊക്കെ അറിയാനുള്ള സംഘർഷ ഭരിതമായ കാത്തിരിപ്പാണ് ഇനിയുള്ള ദിവസങ്ങളിൽ.