ചിമ്പാന്‍സികളും 'കുടിയന്‍മാര്‍', മനുഷ്യര്‍ക്ക് മദ്യമെങ്കില്‍ ചിമ്പാന്‍സികള്‍ക്കത് പഴങ്ങള്‍; ദിവസവും അകത്താക്കുന്നത് 14 ഗ്രാം എഥനോള്‍

Published : Sep 19, 2025, 07:45 PM IST
Chimpanzees

Synopsis

ചിമ്പാന്‍സികള്‍ പഴങ്ങളില്‍ നിന്ന് ദിവസവും ഒരു ആല്‍ക്കഹോളിക് ഡ്രിങ്കിന് തുല്യമായ എഥനോള്‍ അകത്താക്കുന്നുണ്ടെന്ന് പുതിയ പഠനം. ഉഗാണ്ടയിലെയും ഐവറികോസ്റ്റിലെയും ചിമ്പാന്‍സികളില്‍ നടത്തിയ  ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങളിലേക്ക്…

ചിമ്പാന്‍സികളും കുടിയന്‍മാരെന്ന് പഠനം. ചിമ്പാന്‍സികള്‍ പഴങ്ങളില്‍ നിന്നും അകത്താക്കുന്ന എഥനോള്‍ മനുഷ്യര്‍ മദ്യപാനത്തിലൂടെ അകത്താക്കുന്ന ആല്‍ക്കഹോളിന് സമാനമാണെന്നാണ് പുതിയൊരു പഠനം പറയുന്നത്. പഴങ്ങളില്‍ നിന്നാണ് ചിമ്പാന്‍സികള്‍ എഥനോള്‍ അകത്താക്കുന്നത്. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന എഥനോള്‍ കാരണം ദിവസവും ഒരു ആല്‍ക്കഹോളിക് ഡ്രിങ്കിന് തുല്യമായ അളവില്‍ മദ്യം ചിമ്പാന്‍സികളുടെ അകത്തെത്തുന്നുണ്ടെന്നാണ് സയന്‍സ് അഡ്വാന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മനുഷ്യരുടെ മദ്യപാനശീലത്തെ വിശദീകരിക്കാന്‍ ഈ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചിമ്പാന്‍സികള്‍ മദ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ശാസ്ത്രലോകത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. അതില്‍നിന്നും മുന്നോട്ടുപോയി, എത്ര ആല്‍ക്കഹോളാണ് ചിമ്പാന്‍സികള്‍ കഴിക്കുന്നതെന്ന് കൃത്യമായി അളക്കാന്‍ ശ്രമിക്കുകയാണ് പുതിയ പഠനം. ഐവറികോസ്റ്റിലെയും ഉഗാണ്ടയിലെയും രണ്ടു തരം ചിമ്പാന്‍സികളെയും അവര്‍ കഴിച്ച പഴങ്ങളെയും സാമ്പിള്‍ ആയി എടുത്താണ് ബെര്‍ക്കിലി സര്‍വകലാശാലാ ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്.

ഉഗാണ്ടയിലെയും ഐവറികോസ്റ്റിലെയും 20 ഇനം പഴങ്ങളുടെ പള്‍പ്പ് മൂന്ന് വ്യത്യസ്ത രീതികളിലൂടെ സാംപിള്‍ ചെയ്ത് പരിശോധിച്ചപ്പോള്‍ ഈ പഴങ്ങളില്‍ ശരാശരി 0.31% മുതല്‍ 0.32% വരെ എഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകസംഘം കണ്ടെത്തി. ചിമ്പാന്‍സികള്‍ ദിവസവും നാലര കിലോയോളം പഴങ്ങള്‍ കഴിക്കുന്നു എന്നാണ് കണക്ക്. ഇതിലൂടെ ഇവരുടെ ശരീരത്തില്‍ 14 ഗ്രാം എഥനോള്‍ (രാജ്യാന്തര മാനദണ്ഡം അനുസരിച്ച് 1.4 സ്റ്റാന്‍ഡേര്‍ഡ് ആല്‍ക്കഹോളിക് ഡ്രിംഗ്‌സിനു തുല്യം) എത്തുന്നു. എഥനോളിന്റെ അളവ് പഴങ്ങളില്‍ കുറവാണെങ്കിലും കൂടുതല്‍ കഴിക്കുന്നതിനാലാണ് ഇത്രയും എഥനോള്‍ അകത്തെത്തുന്നതെന്ന് ഗവേഷണത്തിന് നേത്വത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഇന്റഗ്രേറ്റീവ് ബയോളജി പ്രൊഫ. റോബര്‍ട്ട് ഡഡ്ലി, അലക്‌സേയ് മാരോ എന്നിവർ പറയുന്നു.

ചിമ്പാന്‍സികളുടെ ഭാരം കൂടി പരിഗണിച്ചാല്‍, ഒരു മനുഷ്യന്‍ ഒരു ദിവസം 2.6 ആള്‍ക്കഹോളിക് ഡ്രിങ്ക്‌സ് കഴിക്കുന്നതിന് തുല്യമാണിതെന്ന് പഠനം പറയുന്നു. കൂടുതല്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതിനാല്‍ ഐവറികോസ്റ്റിലെ പ്ലം പോലുള്ള ഒരു പഴവും ഉഗാണ്ടയിലുള്ള ഫിഗ് വിഭാഗത്തില്‍ പെട്ട പഴവും ചിമ്പാന്‍സികള്‍ കൂടുതല്‍ കഴിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

മദ്യത്തോടുള്ള മനുഷ്യന്റെ താല്‍പര്യവും എഥനോള്‍ സാന്നിധ്യമുള്ള പഴങ്ങള്‍ കഴിക്കാനുള്ള ചിമ്പാന്‍സികളുടെ താല്‍പര്യവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്ന കുടിയന്‍വാനര (Drunken Monkey) സിദ്ധാന്തം രൂപപ്പെടുത്തിയത് ഈ പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ഡഡ്ലിയാണ്. പ്രാരംഭഘട്ടത്തില്‍ ഈ സിദ്ധാന്തം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുവെങ്കിലും പിന്നീട് അതിനെ പിന്തുണയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവരികയും സിദ്ധാന്തത്തിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എഥനോളിന്റെ ഉപഭോഗം സസ്തനികളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും മദ്യഗന്ധം കൂടുതല്‍ മധുരം അടങ്ങിയ ഭക്ഷണം കണ്ടെത്താന്‍ മൃഗങ്ങളെ സഹായിക്കുന്നുണ്ടാവാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യത്തോടുള്ള ആധുനിക മനുഷ്യരുടെ ആകര്‍ഷണത്തെയും അതിന്റെ ദുരുപയോഗത്തെയും കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും പ്രൊഫ. ഡഡ്ലി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
വിവാഹത്തിൽ പങ്കെടുക്കാൻ ദില്ലിയിൽ നിന്നും കൊച്ചിയിലെത്തി പക്ഷേ, സ്യൂട്ട് കേസ് കാണാനില്ല; കൈയൊഴിഞ്ഞ് ഇന്‍ഡിഗോയും