
ഇന്ത്യന്‍ എഞ്ചിനീയറിംഗ് വൈഭവമായി, ഇന്ത്യയുടെ അഭിമാനമായി ഒരു വര്‍ഷം മുമ്പ് വലിയ ആഘോഷത്തോടെയാണ് അടൽ സേതു എന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) റോഡ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലമാണിത്. 21.8 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന അടൽ സേതുവിന്‍റെ 16.5 കിലോമീറ്റർ ദൂരവും കടലിന് മുകളിലൂടെയാണ് കടന്ന് പോകുന്നത്. തെക്കൻ മുംബൈയിലെ സേവ്രിയെയും നവി മുംബൈയിലെ നവ ഷെവയെയും ഈ പാലം ബന്ധിപ്പിക്കുന്നു. പാലത്തിലൂടെ പോകുമ്പോൾ വാഹനം നിര്‍ത്തരുത് എന്നത് മുതല്‍ ഓട്ടോ പോലുള്ള ചെറിയ വാഹനങ്ങൾക്ക് പ്രവേശമില്ലെന്നത് വരെയുള്ള നിരവധി കർശന നിർദ്ദേശങ്ങളാണ് പാലം ഉപയോഗിക്കുന്നതിനായി ഏര്‍പ്പെടുത്തിയത്.
സേവ്രിയെയും നവ ഷെവയെയും തമ്മിൽ ബന്ധിപ്പുക്കുന്നു. രണ്ട് പ്രദേശങ്ങൾക്കിടയിലുള്ള യാത്രാ സമയം വെറും 15-20 മിനിറ്റായി കുറയ്ക്കുന്നു. പാലത്തിൽ നിന്നുള്ള ചില വീഡിയോകൾ 2024 ജനുവരി 12 ന് ഉദ്ഘാടനം ചെയ്ത പാലത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെ കാണിച്ചു. പാലത്തിന്‍റെ ചില ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. പല ഇടത്തും അറ്റകുറ്റപ്പണികൾ നടത്തിയതിന്‍റെ ദൃശ്യങ്ങളുണ്ട്. പാലത്തില്‍ തകരാർ കണ്ടെത്തിയതിനെ തുടർന്ന് കരാറുകാരനിൽ നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
റോഡ്സ് ഓഫ് ഇന്ത്യ എന്ന എക്സ് ഹാന്‍റിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ, ഇതാണ് അടൽ സേതു. ഇവിടെ എല്ലാ ദിവസവും ജോലി തുടരുന്നു, എന്തെങ്കിലും ജോലികളായി ഇവിടെ എപ്പോഴും അറ്റകുറ്റപ്പണികൾ നടക്കുന്നുവെന്ന് വിവരിക്കുന്നു. ഒപ്പം കാണിക്കുന്ന ദൃശ്യങ്ങളിൽ പാലത്തിന്‍റെ വിവിധ പ്രദേശങ്ങളെ ബാരിക്കേഡ് വച്ച് തിരിച്ചിരിക്കുന്നത് കാണാം. പല ഇടത്തും വലിയ മിഷ്യനറികൾ ഉപയോഗിച്ച് ടാർ ചെയ്യുകയോ മറ്റ് അറ്റകുറ്റ പണികൾ നടത്തുകയോ ചെയ്യുന്നു. വീഡിയോയിൽ റോഡിൽ നിരവധി സ്ഥലത്തായി പാച്ച് വര്‍ക്കുകൾ ചെയ്തതിന്‍റെ ബാക്കിയായി റോഡിൽ ചില അടയാളങ്ങൾ കാണാം. മുഴുവൻ പാലവും ശരിയായി നിർമ്മിച്ചിട്ടില്ല. കുഴികൾ… എല്ലായിടത്തും പാച്ചുകൾ മാത്രമേയുള്ളൂവെന്നും വീഡിയോൽ പറയുന്നത് കേൾക്കാം.
വീഡിയോ വൈറലായതിന് പിന്നാലെ മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (എംഎംആർഡിഎ) പ്രതികരണവുമായി രംഗത്തെത്തി. പാലത്തിലെ പിഴവുകൾക്ക് കരാറുകാരനില്‍ നിന്നും രു കോടി രൂപ പിഴ ചുമത്തിയതായി അതോറിറ്റി ട്വീറ്റിന് മറുപടിയിൽ പറഞ്ഞു. ഒപ്പം അസാധാരണമായ മഴയും വലിയ തോതിലുള്ള വാഹന ഗതാഗതം കാരണമാണ് പാലത്തിന് കേടുപാടുണ്ടായതെന്നും അധികൃതർ കൂട്ടിച്ചേർത്തു. പാലത്തിലെ ബമ്പുകൾ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മാസ്റ്റിക് അസ്ഫാൽറ്റ് പാച്ചിംഗ് നടക്കുകയാണെന്നും എംഎംആർഡിഎ അറിയിച്ചു.
എന്നാൽ, മഴയും വാഹനങ്ങളുടെ ബാഹുല്യവും മൂലമാണ് പാലം തകർന്നതെന്ന വാദം സമൂഹ മാധ്യമ ഉപയോക്താക്കൾ മുഖവിലയ്ക്ക് എടുത്തില്ല. നിരവധി പേരാണ് പാലത്തിന്‍റെ പണിക്കായി എന്ത് അന്താരാഷ്ട്രാ നിലവാരമാണ് പുലര്‍ത്തിയതെന്ന് ചോദിച്ച് രംഗത്തെത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ടാറിംഗ് ഇളകുന്ന പാലമാണോ ഇത്രയും ആഘോഷപൂര്‍വ്വം ഉദ്ഘാടനം നടത്തിയതെന്നും ഇത് അഴിമതിയാണെന്നും ചിലര്‍ വിമർശിച്ചു. മറ്റ് ചിലര്‍ 17,840 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്‍റെ അവസ്ഥയാണോയെന്ന് മറ്റ് ചിലരും എടുത്ത് ചോദിച്ചു. പിന്നാലെ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും രംഗത്തെത്തി. പാലത്തിന്‍റെ 80 ശതമാനം ജോലിയും തങ്ങളുടെ ഭരണകാലത്ത് നടത്തിയതാണെന്നും ബാക്കി, ടാറിംഗ് പോലുള്ള 20 ശതമാനം ജോലികൾ ബിജെപിയുടെ ഭരണകാലത്ത് നടത്തിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപി അവസാന ഘട്ട ജോലികളിൽ അഴിമതി കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.