ഹോങ്കോങ്ങിൽ ചൈന പണി തുടങ്ങി, മാധ്യമഭീമൻ ജിമ്മി ലായി കസ്റ്റഡിയിൽ

Published : Aug 10, 2020, 05:06 PM ISTUpdated : Aug 10, 2020, 05:08 PM IST
ഹോങ്കോങ്ങിൽ ചൈന പണി തുടങ്ങി, മാധ്യമഭീമൻ ജിമ്മി ലായി കസ്റ്റഡിയിൽ

Synopsis

 യുകെ പൗരത്വം കൂടി ഉണ്ടായിരുന്നിട്ടും, ചൈനയിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകും എന്നുറപ്പായിട്ടും രാജ്യം വിട്ട് ഒളിച്ചോടാൻ ലായി തയ്യാറായിരുന്നില്ല. 

ഹോങ്കോങ്ങിൽ ചൈനയുടെ പിടി മുറുകിത്തുടങ്ങുന്നതിന്റെ ആദ്യ സൂചനകൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യ ലക്ഷണമാണ് കഴിഞ്ഞ ദിവസമുണ്ടായ മാധ്യമ ഭീമൻ ജിമ്മി ലായിയുടെ അറസ്റ്റ്. പുതിയ സെക്യൂരിറ്റി നിയമ പ്രകാരമാണ് ഇദ്ദേഹത്തെ ചൈന അറസ്റ്റ് ചെയ്തിട്ടുളളത്. വൈദേശിക ശക്തികളുമായി ഗൂഢാലോചന നടത്തി ഭരണകൂടത്തിനെതിരെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തി എന്നതാണ് അദ്ദേഹത്തിനുമേൽ ചുമത്തിയിരിക്കുന്ന കുറ്റമെന്ന് ലായിയുടെ അടുത്ത അനുയായികളിൽ ഒരാൾ പറയുന്നു.  

 

 

ഹോങ്കോങ്ങിലെ ചൈനീസ് ഇടപെടലുകളെ വർഷങ്ങളായി വിമർശിച്ചു കൊണ്ടിരുന്ന 'ആപ്പിൾ ഡെയ്‌ലി' എന്ന ഹോങ്കോങ് പത്രത്തിന്റെ ഉടമയാണ് ജിമ്മി ലായി. ജിമ്മിയുടെയും മകന്റെയും അദ്ദേഹം സ്ഥാപിച്ച നെക്സ്റ്റ് ഗ്രൂപ്പ് എന്ന മാധ്യമ സ്ഥാപനത്തിന്റെ മറ്റംഗങ്ങളുടെയും വീടുകളിൽ അപ്രതീക്ഷിതമായി റെയ്ഡ് നടത്തിയാണ് അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്. ഇരുനൂറിലധികം സായുധരായ പോലീസുകാരാണ് ആപ്പിൾ ഡെയ്‌ലിയുടെ ആസ്ഥാനം റെയ്ഡ് ചെയ്യാൻ എത്തിച്ചേർന്നത്. ഇതിന്റെ നടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കൈവിലങ്ങണിയിച്ചാണ് ലായിയെ പൊലീസ് അറസ്റ്റുചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

 

 

കഴിഞ്ഞ വർഷം നടന്ന ജനാധിപത്യ സമരങ്ങൾക്ക് പിന്തുണ നൽകിയ ഒരാൾ കൂടിയായിരുന്നു ജിമ്മി ലായി എങ്കിലും അദ്ദേഹം വളരെ സ്വാധീനമുള്ള ഒരു മാധ്യമടൈക്കൂൺ ആയതിനാൽ ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാവില്ല എന്നായിരുന്നു പലരും കരുതിയിരുന്നത്.  എഴുപത്തൊന്നുകാരനായ ലായിയെ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് വിശേഷിപ്പിച്ചത് കലാപങ്ങൾക്ക് ആഹ്വാനം നൽകുന്ന ആൾ എന്നാണ്.   

 

 

എന്നാൽ, ഇങ്ങനെ ഒരു അറസ്റ്റിനെ ലായിയും സഹപ്രവർത്തകരും തികഞ്ഞ സംയമനത്തോടെയാണ് നേരിട്ടത് എന്നും, പുതിയ നിയമം പാസായ സാഹചര്യത്തിൽ ഇങ്ങനെ ഒരു നടപടി ഏത് നിമിഷവും പ്രതീക്ഷിച്ചു തന്നെയാണ് അദ്ദേഹം ഇരുന്നതെന്നും പറയപ്പെടുന്നു. യുകെ പൗരത്വം കൂടി ഉണ്ടായിരുന്നിട്ടും, ചൈനയിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകും എന്നുറപ്പായിട്ടും രാജ്യം വിട്ട് ഒളിച്ചോടാൻ ലായി തയ്യാറായിരുന്നില്ല. ഇപ്പോൾ, ജിമ്മി ലായിയെപ്പോലെ ബഹുമാന്യനായ ഒരു മാധ്യമവ്യക്തിത്വത്തെ യാതൊരു വിധ പരിഗണനയും കൂടാതെ പൊതുജനമധ്യത്തിലൂടെ കൈവിലങ്ങണിയിച്ച് നടത്തിക്കൊണ്ടു പോയതും, രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതും ഒക്കെ ചൈന ഹോങ്കോങ്ങിൽ തങ്ങളുടെ ഉരുക്കുമുഷ്ടികൾ ഞെരിച്ചു തുടങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണെന്നത് സ്പഷ്ടമാണ്. 

PREV
click me!

Recommended Stories

കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് മലയാളി നേഴ്സിംഗ് വിദ്യാർത്ഥിനി; അന്വേഷണത്തിൽ വമ്പൻ ട്വിസ്റ്റ് !
വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!