Latest Videos

അയർലണ്ടിൽ നിന്നെത്തിയ ഐഎസ്‌ഡി കോൾ, രണ്ടു സംസ്ഥാനങ്ങളിലെ പോലീസിന്റെ പരിശ്രമം, ഒടുവിൽ ഒഴിവായത് ഒരു ആത്മഹത്യ

By Web TeamFirst Published Aug 10, 2020, 3:29 PM IST
Highlights

അയാൾ ഫേസ് ബുക്ക് ലൈവിൽ വന്ന് സൂയിസൈഡിനെപ്പറ്റി സംസാരിക്കാൻ തുടങ്ങി. ഈ വീഡിയോകൾ ശ്രദ്ധയിൽ പെട്ട അയർലൻഡ് സ്വദേശിയായ ഫേസ്ബുക് റിവ്യൂവർമാരിൽ ഒരാളാണ് ദില്ലി പൊലീസിന് വിവരം നൽകിയത്. 

അയർലണ്ടിൽ നിന്ന് ജോലിചെയ്യുന്ന ഒരു ഫേസ്‌ബുക്ക് ജീവനക്കാരന്റെ കൃത്യസമയത്തുള്ള മുന്നറിയിപ്പും, ദില്ലി, മുംബൈ പൊലീസുകളുടെ സമയോചിതമായ ഇടപെടലുകളും കാരണം പൊലിയാതെ കാക്കാനായത് ഒരു കുടുംബസ്ഥന്റെ ജീവനാണ്. ആധുനിക ജീവിതങ്ങളിൽ നിന്ന് സാങ്കേതിക വിദ്യ വൈകാരികാംശം ചോർത്തിക്കളയുന്നു എന്നുള്ള ആരോപണങ്ങൾ നിലനിൽക്കെ, അതിനൊരു അപവാദമായിരിക്കുകയാണ്, നൂതന സാങ്കേതിക വിദ്യയുടെയും, മനുഷ്യപ്പറ്റ് വറ്റിത്തീർന്നിട്ടില്ലാത്ത അധികാരികളുടെയും ഇടപെടലിലൂടെ മാത്രം ഒരാൾ ആത്മഹത്യയിൽ നിന്ന് പിന്മാറിയ ഈ സംഭവം. 

കഥയിലെ നായകൻ ദില്ലി സ്വദേശിയാണെങ്കിലും, ഈ സംഭവം നടക്കുമ്പോൾ അയാൾ തൊഴിലെടുത്തിരുന്നത് മുംബൈയിലായിരുന്നു. ലോക്ക് ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു അയാൾ. മാനസിക നില തകർന്ന്, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ അലട്ടിത്തുടങ്ങിയ അയാൾ ഫേസ് ബുക്ക് ലൈവിൽ വന്ന് സൂയിസൈഡിനെപ്പറ്റി സംസാരിക്കാൻ തുടങ്ങി. ഈ വീഡിയോകൾ ശ്രദ്ധയിൽ പെട്ട അയർലൻഡ് സ്വദേശിയായ ഫേസ്ബുക് റിവ്യൂവർമാരിൽ ഒരാളാണ് ദില്ലി പൊലീസിന് വിവരം നൽകിയത്. അവർ മുംബൈ പൊലീസിന്റെ സഹായത്തോടെ ഏറെ പ്രയാസപ്പെട്ടാണെങ്കിലും അയാളെ കണ്ടെത്തി, കൗൺസിലിംഗിന് വിധേയനാക്കി, അയാളുടെ മനസ്സിൽ നിന്ന് ആത്മഹത്യാ ചിന്തകൾ തുടച്ചു നോക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു. 

കഥ തുടങ്ങുന്നത് ഒരു ഐഎസ്‌ഡി കാളിൽ 

എല്ലാം തുടങ്ങുന്നത് ഓഗസ്റ്റ് 8 -ന് ദില്ലി പൊലീസിന് വന്ന ഒരു ഐഎസ്‌ഡി കാളോടെയാണ്. വൈകുന്നേരം എട്ടുമണിയോടെയാണ് സൈബർ സെൽ ഡിസിപി അനയേഷ്‌ റായിയുടെ മൊബൈലിൽ അയർലണ്ടിൽ നിന്നുള്ള ഒരു ഐഎസ്‌ഡി കാൾ വരുന്നത്. ഫോണെടുത്തപ്പോൾ മറുതലക്കൽ ഉള്ളയാൾ താൻ ഒരു ഫേസ് ബുക്ക് ജീവനക്കാരനാണ് എന്ന് പരിചയപ്പെടുത്തി. ദില്ലിയിലുള്ള ഒരു വ്യക്തിയുടെ പെരുമാറ്റത്തിൽ താൻ നിരീക്ഷിച്ച ആത്മഹത്യാ പ്രവണതയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ അയാൾ സൈബർ സെൽ ഡിസിപിയുമായി പങ്കുവെച്ചു. പ്രസ്തുത വ്യക്തിയുടെ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവയും അദ്ദേഹം താമസിയാതെ തന്നെ ഡിസിപിക്ക് മെയിലിൽ അയച്ചു നൽകി.  ആ ഫോൺ നമ്പറിന്റെ ലൊക്കേഷൻ ദില്ലിയിലെ മണ്ഡാവലി എന്ന പ്രദേശത്തായിരുന്നു. അതോടെ സൈബർ സെൽ ഡിസിപി, ദില്ലി ഈസ്റ്റ് ഡിസിപി ജസ്മീത് സിങിന്റെ സഹായം തേടി.

മണ്ഡാവലിയിലേക്ക് ഉടനടി തന്റെ ഒരു പൊലീസ് ടീമിനെ അയച്ചു ദില്ലി ഈസ്റ്റ് ഡിസിപി. ആ അഡ്രസ്സിൽ അവർക്ക് ഒരു സ്ത്രീയെ കണ്ടുകിട്ടി. ഫോൺ ഉപയോഗിക്കുന്നത് താനാണ് എങ്കിലും, ആ ഫേസ്ബുക്ക് പ്രൊഫൈൽ അപ്പോൾ ഉപയോഗിക്കുന്നത് തന്റെ ഭർത്താവാണ് എന്ന് അവർ സ്ഥിരീകരിച്ചു. ഭർത്താവെവിടെ എന്നായി അപ്പോൾ പൊലീസ്. ഒരാഴ്ചമുമ്പ് തന്നോട് വഴക്കിട്ടിറങ്ങിപ്പോയി ഭർത്താവ് എന്ന് അപ്പോൾ അവർ പൊലീസിനോട് പറഞ്ഞു. അയാൾ ഇപ്പോൾ മുംബൈയിലെ ഏതോ ഹോട്ടലിൽ ജോലി ചെയ്യുകയാണ് എന്നും അവർ പറഞ്ഞു. ഭാര്യയുടെ കയ്യിലാണെങ്കിൽ അയാളുടെ ഇപ്പോഴത്തെ അഡ്രസ് ഉണ്ടായിരുന്നില്ല. അപ്പോൾ അയാൾ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ മാത്രമാണ് ഉണ്ടായിരുന്നത്. അത് അവർ പൊലീസിന് കൈമാറി. 

ഈ ഫോൺ നമ്പർ ഈസ്റ്റ് ഡിസിപി വീണ്ടും സൈബർ സെൽ ഡിസിപിക്ക് കൈമാറി. അദ്ദേഹം അത് മുംബൈ സൈബർ സെൽ മേധാവി ഡോ. രശ്മി കരാന്തിക്കർക്ക് കൈമാറി. അവരോട് ആ കേസിന്റെ അതുവരെയുള്ള നിലയും അദ്ദേഹം ഡീ-ബ്രീഫ് ചെയ്തു. ആ ഫോൺ നമ്പറിൽ പിടിച്ച് മുംബൈ പൊലീസ് അന്വേഷണം തുടങ്ങി എങ്കിലും ആദ്യമൊക്കെ ആ ഫോൺ സ്വിച്ചോഫ് ചെയ്തിരിക്കയാണ് എന്ന മറുപടിയാണ് വന്നുകൊണ്ടിരുന്നത്. പിന്നീട് എപ്പോഴോ ഫോൺ ഓണായി. എന്നാൽ, പലവട്ടം റിങ് ചെയ്തിട്ടും അയാൾ കാൾ അറ്റൻഡ് ചെയ്തില്ല. എന്നാൽ, പൊലീസ് നിരന്തരം ഫോൺ ചെയ്തുകൊണ്ടേയിരുന്നു. വേറെ ഒരു ബുദ്ധി കൂടി പൊലീസ് കാണിച്ചു. പിണങ്ങി നിന്ന ഭാര്യയെക്കൊണ്ട് വളരെ വൈകാരികമായ ഒരു സന്ദേശവും, ഒപ്പം ചെറിയ കുട്ടികളുടെ ഫോട്ടോ അയപ്പിച്ച് അയാളെ സ്വാധീനിക്കാൻ ഒരു ശ്രമം നടത്തി നോക്കി. 

24 മണിക്കൂർ നേരം നടത്തിയ തുടർച്ചയായ പ്രയത്നത്തിനൊടുവിൽ അയാൾ ഫോണെടുത്തു. ലോക് ഡൌൺ കാരണം ചെയ്തുകൊണ്ടിരുന്ന ജോലിയിൽ ശമ്പളം നാലിൽ ഒന്നായി വെട്ടിച്ചുരുക്കപ്പെട്ടിരുന്നു. അതിന്റെ കൂടെ അയാളെ 'കൊറോണ ഏത് നിമിഷവും ബാധിച്ചേക്കാം' എന്ന കടുത്ത ഉത്കണ്ഠയും ബാധിച്ചു തുടങ്ങി. ആ ടെൻഷൻ ശമിപ്പിക്കാൻ വേണ്ടിയാണ് ജോലിസ്ഥലത്തുനിന്ന്  ഭാര്യയെ വിളിച്ചത്. അപ്പോൾ അവൾ തന്നെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു. അതോടെ അവളോട് പിണങ്ങിയാണ് ദില്ലി വിട്ടിറങ്ങി മുംബൈയിൽ എത്തിയത്. അവിടെ ഒരു ഹോട്ടലിൽ ജോലിക്ക് കയറിയത്. ഭാര്യയോടുള്ള പിണക്കം, മക്കളെ കാണാൻ കഴിയാത്തതിലുള്ള പ്രയാസം, സാമ്പത്തിക സമ്മർദ്ദങ്ങൾ അങ്ങനെ നാലുപാടുനിന്നും വല്ലാതെ പ്രഷർ വന്നപ്പോൾ താങ്ങാൻ കഴിയാതെയാണ് ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നത് എന്നയാൾ പൊലീസിനോട് തുറന്നു പറഞ്ഞു.

അങ്ങനെ അയാളോട് കുറച്ചു നേരം ഓരോരോ കാര്യങ്ങൾ സംസാരിപ്പിക്കാൻ സാധിച്ചപ്പോഴേക്കും അയാളുടെ അപ്പോഴത്തെ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സൈബർ സെല്ലിന് സാധിച്ചു. അയാൾ മീരാ ഭയന്തറിലെ ഒരു ഹോട്ടലിൽ ആയിരുന്നു ജോലിയും താമസവുമെല്ലാം. അയാളെ നേരിട്ട് കാണാൻ വേണ്ടി ഒരു സ്‌പെഷ്യൽ പൊലീസ് ടീം പറഞ്ഞയക്കപ്പെട്ടു. ആ കാളിനിടെയും താൻ ഏത് നിമിഷം വേണമെങ്കിലും ആത്മഹത്യ ചെയ്തേക്കാം എന്നുതന്നെയാണ് അയാൾ ആവർത്തിച്ച് കൊണ്ടിരുന്നത്. തനിക്കിനിയും ജീവിച്ചിരിക്കാൻ ആഗ്രഹമില്ല എന്നും അയാൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. രണ്ടുവട്ടം ഇതിനകം ശ്രമിച്ചു പരാജയപ്പെട്ടു എന്നുകൂടി അയാൾ പറഞ്ഞതോടെ പൊലീസിന്റെ നെഞ്ചിടിപ്പേറി.

പിന്നെ പൊലീസ് അയാളുടെ ഭാര്യയെയും മറ്റു ചിലരെയും ഒക്കെ ലൈനിൽ വരുത്തി അയാളെ സ്വാധീനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൊറോണ വന്നാലും സാരമില്ല മാറിക്കൊള്ളും എന്നും തനിക്ക് വന്ന് ഭേദപ്പെട്ടതാണ് എന്നും പൊലീസ് ഓഫീസർ അയാളെ പറഞ്ഞ് ആശ്വസിപ്പിച്ചു. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനും സൈബർ സെൽ ഡിസിപി  തയ്യാറായി. 'ഓല'യിൽ രജിസ്റ്റർ ചെയ്ത ഒരു കാർ മുംബൈയിൽ ഓടിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു നൽകാം, എന്ന് ഡിസിപി അയാളോട് പറഞ്ഞു. അയാളുടെ മനോനില മെച്ചപ്പെടും വരെ കൂടെ വന്ന് താമസിക്കാൻ വേണ്ടി ദില്ലിയിലുള്ള ഭാര്യയോടും പൊലീസ് ഉടനടി പുറപ്പെട്ട മുംബൈക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇനിയങ്ങോട്ടും എന്തിനുമേതിനും കൂടെയുണ്ടാകും എന്നും അയാൾക്ക് വാഗ്ദാനം നൽകിയിരിക്കുകയാണ് മുംബൈ പൊലീസ്.

ഇപ്പോൾ അയാൾ ഏറെക്കുറെ ഏകദേശം മനോനിയന്ത്രണം കൈവരിച്ചു കഴിഞ്ഞിട്ടുണ്ട് എങ്കിലും, മുംബൈ പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലാണ് അയാൾ ഇന്നും.  അങ്ങനെ ഒരു ഐഎസ്‌ഡി കാളിന്റെയും, രണ്ടു സംസ്ഥാനങ്ങളിലെ പൊലീസിന്റെ ഇടപെടലിന്റെയും ബലത്തിൽ പൊലിയാതെ കാക്കപ്പെട്ടത് വിലപ്പെട്ട ഒരു ജീവനാണ്. കൊവിഡ് ലോക്ക് ഡൌൺ സാധാരണക്കാരിൽ അടിച്ചേൽപ്പിച്ചിരുന്ന കടുത്ത സമ്മർദ്ദങ്ങളുടെ ഒരു ഇരയാകാതെ രക്ഷപ്പെട്ടു എന്ന് തൽക്കാലത്തേക്ക് അയാൾക്കും കുടുംബത്തിനും ആശ്വസിക്കാം. അതിനു നിമിത്തമായ അയര്‍ലണ്ടിലെഫേസ്‌ബുക്ക് ജീവനക്കാരനെയും, ദില്ലി/മുംബൈ പോലീസിനെയും നന്ദിയോടെ സ്മരിക്കാം. 

click me!