
സ്വന്തം വിവാഹാഭരണങ്ങൾ മുഴുവൻ വിറ്റ് 'ഹെർമസ്' (Hermès) ബാഗുകൾ വാങ്ങി യുവതി. സമീപകാലത്തായി ദീർഘകാല നിക്ഷേപം എന്ന നിലയിൽ ലക്ഷ്വറി ബാഗുകൾ വാങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാഷൻ എന്നതിലുപരി, പണം നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ബാഗുകൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണം സമീപകാലത്തായി കൂടിയിട്ടുണ്ട് എന്നാണ് പ്രമുഖ ഡിസൈനർ റീസെയിൽ ബിസിനസ്സ് സ്ഥാപനമായ 'ലവ് ലക്ഷ്വറി'യുടെ സഹസ്ഥാപകൻ ആദം അബ്രഹാം ഖലീജ് പറയുന്നത്.
'അടുത്തിടെ ഞങ്ങളുടെ ദുബായ് സ്റ്റോറിൽ വന്ന ഒരു ഉപഭോക്താവ് അവരുടെ സമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി വിവാഹത്തിന്റെ സ്വർണ്ണം മുഴുവൻ വിറ്റാണ് ഹെർമസ് ബാഗുകൾ വാങ്ങാൻ തുടങ്ങിയത്' മാധ്യമങ്ങളോട് സംസാരിക്കവേ അബ്രഹാം വ്യക്തമാക്കി. ഹെർമസ് ബ്രാൻഡിന്റെ ഏറ്റവും പ്രശസ്തമായ 'ബിർക്കിൻ' (Birkin), 'കെല്ലി' (Kelly) എന്നീ മോഡലുകൾ വാങ്ങാനാണ് ആളുകൾക്ക് കൂടുതൽ താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിലെ യുദ്ധാന്തരീക്ഷം, വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ നിക്ഷേപകർക്കിടയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. നിക്ഷേപ ആവശ്യങ്ങൾക്കായി ആളുകൾ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന ഒരു അപൂർവ്വ മോഡലാണ് 'ബിർക്കിൻ 25 ഹിമാലയ' (Birkin 25 Himalaya). ഹെർമസ് ഷോറൂമുകളിൽ ഈ ബാഗിന്റെ വില ഏകദേശം £40,000 (ഏകദേശം 42 ലക്ഷത്തിലധികം രൂപ) ആണ്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഇത് റീസെയിൽ മാർക്കറ്റിൽ എത്തിയാൽ ഇതിന്റെ വില മൂന്നിരട്ടിയിലധികമാകും. ഉപയോഗിക്കാത്ത പുത്തൻ അവസ്ഥയിലുള്ള (Pristine condition) ഒരു ഹിമാലയ ബാഗ് £180,000-ൽ അധികം (1.9 കോടിയിലധികം രൂപ) വിലയ്ക്ക് വിൽക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രശസ്ത ലേല സ്ഥാപനമായ സോത്ബീസ് പറയുന്നതനുസരിച്ച്, ഹിമാലയൻ ബിർക്കിൻ 2008 -ലാണ് ആദ്യമായി പുറത്തിറങ്ങിയത്. 2010-ലെ റൺവേ ഷോയ്ക്ക് ശേഷമാണ് ഇത് ആഗോളതലത്തിൽ പ്രശസ്തമായത്. മഞ്ഞുവീണ വെളുത്ത നിറത്തിൽ നിന്ന് പുക പടർന്ന ചാരനിറത്തിലേക്ക് മാറുന്ന മുതലത്തോലിന്റെ ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ അപൂർവ്വതയും വേറിട്ട നിറവും ലോകമെമ്പാടുമുള്ള കളക്ടർമാർക്കിടയിൽ ഇതിനെ ഏറ്റവും പ്രിയപ്പെട്ടതാക്കി മാറ്റുന്നു. രാഷ്ട്രീയ അസ്ഥിരത കാരണം ഒറ്റരാത്രികൊണ്ട് മൂല്യം ഇടിയാൻ സാധ്യതയുള്ള ഓഹരി വിപണിയിൽ നിന്നോ, അല്ലെങ്കിൽ വിലയിൽ നിരന്തരം മാറ്റങ്ങൾ വരുന്ന സ്വർണ്ണത്തിൽ നിന്നോ വ്യത്യസ്തമാണിതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്.
ലക്ഷ്വറി ഹാൻഡ്‌ബാഗുകൾ നിക്ഷേപമായി വാങ്ങുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, റീസെല്ലർമാരിൽ നിന്ന് വാങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആദം അബ്രഹാം മുന്നറിയിപ്പ് നൽകുന്നു. 'കൃത്യമായ അന്വേഷണം നടത്തുക. നിങ്ങൾ വാങ്ങുന്ന വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ 100 ശതമാനം വിശ്വസിക്കാൻ സാധിക്കണം. വ്യാജ ഉൽപ്പന്നങ്ങളുടെ വിപണി ഇന്ന് വളരെ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. പരിചയസമ്പന്നരല്ലാത്ത ഒരാൾക്ക് യഥാർത്ഥ ഹെർമസ് ബാഗും വ്യാജനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക ഏതാണ്ട് അസാധ്യമാണ്' എന്നാണ് ഇദ്ദേഹം പറയുന്നത്.