72 വയസ്സുള്ള കമ്യൂണിസ്റ്റ് നേതാവിന് ഇനിയും ഭരിക്കണം; ചൈനീസ് സൈന്യത്തില്‍ വെട്ടിനിരത്തല്‍; ജനറല്‍മാര്‍ മിസ്സിംഗ്!

Published : Feb 05, 2026, 11:29 AM IST
Chinese army

Synopsis

ചൈനീസ് പരമാധികാരിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ്ങിന് 72 വയസ്സായി. നാലാം ഊഴത്തിന് തയ്യാറെടുക്കുന്ന ഷി അതിനായി ഒരു ശുദ്ധികലശത്തിലാണ്.  China | Chinese Army | Xi Jinping

ചൈനയുടെ അഹങ്കാരമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. ഇന്ത്യയ്ക്കും ലോകത്തിനാകെയും ഭീഷണി ഉയര്‍ത്തുന്ന ചൈനീസ് പട്ടാളം. എണ്ണത്തിലും കരുത്തിലും അച്ചടക്കത്തിലും സായുധവിന്യാസത്തിലും മുന്നില്‍നില്‍ക്കുന്ന ചൈനീസ് പട്ടാളം എന്നാലിപ്പോള്‍ നാഥനില്ലാ കളരിയായി മാറുകയാണ്. വിശ്വസ്ഥരെ മാത്രം നിലനിര്‍ത്തുന്നതിന് പ്രസിഡന്റ് ഷി ജിന്‍പിംഗ് നടത്തുന്ന വെട്ടിനിരത്തലില്‍ തെറിച്ചുവീഴുന്നത് ചൈനീസ് സൈന്യത്തിലെ ഉന്നതരാണ്. ന്യൂയോര്‍ക്ക് ടൈംസാണ് ചൈനീസ് സൈന്യത്തിന്റെ ഈ പുതിയ അവസ്ഥ പുറത്തുകൊണ്ടുവന്നത്.

ചൈനീസ് പരമാധികാരിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍പിങ്ങിന് ഇപ്പോള്‍ 72 വയസ്സായി. തന്റെ നാലാം ഊഴത്തിന് തയ്യാറെടുക്കുന്ന ഷി അതിനായി ഒരു ശുദ്ധികലശത്തിലാണ്. എന്നുവെച്ചാല്‍ സൈന്യത്തിന്റെ തലപ്പത്തെ വെട്ടിനിരത്തല്‍. മുതിര്‍ന്ന ജനറല്‍മാരെ കണ്ടംവഴി ഓടിച്ച് തന്നോട് കൂറുള്ള പുതിയ നേതൃത്വത്തെ ഉണ്ടാക്കുകയാണ് ഷി. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ മറവിലാണ് ഈ വെട്ടിനിരത്തല്‍.

സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍. ചൈനീസ് സൈന്യത്തിലെ ഏറ്റവും അധികാരമുള്ള ജനറല്‍മാരുടെ സംഘമാണത്. സൈന്യത്തെ ലോകാേത്തര ശക്തിയാക്കി മാറ്റുന്നതിന് ഷി ജിന്‍പിങ്് നിയമിച്ച വിശ്വസ്ഥരായ സൈനികോദ്യോഗസ്ഥരുടെ ഹൈക്കമാന്‍ഡ് ആണത്. എന്നാല്‍, ഇന്ന് സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍ ആളൊഴിഞ്ഞ പൂരപ്പറമ്പാണ്. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരില്‍ ഷി ജിന്‍പിംഗ് നടത്തുന്ന വെട്ടിനിരത്തലില്‍ അതിശക്തരായ ജനറല്‍മാരില്‍ ഭൂരിഭാഗവും പുറത്തായിക്കഴിഞ്ഞു. പലരെയും പുറത്താക്കി. ചിലരെ കാണാതായി. ഷി ജിന്‍പിങ്ങിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന ജനറല്‍ ഷാങ് യൂക്‌സിയയാണ് ഒടുവിലത്തെ ഇര. ഷി ജിന്‍പിംഗ് നിയമിച്ച ജനറല്‍ ഷാങ് ഷെങ്മിന്‍ മാത്രമാണ് ഇവിടെ ബാക്കിയുള്ളത്. ഇദ്ദേഹമാണ് വെട്ടിനിരത്തലിനുള്ള ഷിയുടെ കോടാലിക്കൈ. സൈന്യത്തില്‍ രാഷ്ട്രീയ അച്ചടക്കവും വിശ്വസ്തതയും നിലനിര്‍ത്തുകയാണ് ഇദ്ദേഹത്തിന്റെ ചുമതല. അഴിമതിക്കെതിരായ കുരിശുയുദ്ധമെന്ന് പറയുമ്പോഴും സൈന്യത്തിലെ ഈ വെട്ടിനിരത്തലിനു പിന്നില്‍ ഒരൊറ്റ കാര്യമേ ഉള്ളൂ. ഷി ജിന്‍പിംഗിനോടുള്ള കൂറ് ഉറപ്പാക്കല്‍.

സെന്‍ട്രല്‍ കമീഷനില്‍ മാത്രമല്ല വെട്ടിനിരത്തല്‍. മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറിലേറെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയാണ് ഷി വെളിയില്‍ കളഞ്ഞത്. 2023-ന്റെ തുടക്കത്തില്‍ പ്രത്യേക വകുപ്പുകളും തിയേറ്റര്‍ കമാന്‍ഡുകളും നിയന്ത്രിച്ചിരുന്ന 30 ജനറല്‍മാരും അഡ്മിറല്‍മാരും ചൈനയ്ക്കുണ്ടായിരുന്നു. ഷിയുടെ വെട്ടിനിരത്തലില്‍ ഇവരിലെല്ലാവരും പുറത്തായി. ചിലരെയൊക്കെ കാണാതായി. ഇടയ്ക്ക് ഷി പുതിയ ജനറല്‍മാരെ പകരക്കാരായി നിയമിച്ചു. എന്നാല്‍ അവരില്‍ പലരും പിന്നീട് അപ്രത്യക്ഷരായി. നിലവില്‍ ചുമതലയിലുള്ളത് വെറും ഏഴ് ജനറല്‍മാര്‍ മാത്രമാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നാവികസേനയും റോക്കറ്റ് ഫോഴ്‌സും ഉള്‍പ്പെടെ സൈന്യത്തിന്റെ മിക്ക വിഭാഗങ്ങളിലും ശുദ്ധീകരണം നടന്നുകഴിഞ്ഞു. സൈന്യത്തെ നിയന്ത്രിക്കാന്‍ 2016-ല്‍ ഷി രൂപീകരിച്ച അഞ്ച് തിയേറ്റര്‍ കമാന്‍ഡുകളും ഇല്ലാതാക്കപ്പെട്ടു. തായ്വാന് ചുറ്റുമുള്ള നീക്കങ്ങള്‍ നിയന്ത്രിക്കുന്ന ഈസ്റ്റേണ്‍ തിയേറ്റര്‍

ആധുനിക ചൈനീസ് ചരിത്രത്തില്‍ സമാനതകളില്ലാത്ത വെട്ടിനിരത്തലാണിത്. ഷി തന്റെ പരമാധികാരം ഉറപ്പിച്ചുവെങ്കിലും സൈന്യത്തില്‍ ഇത് വലിയൊരു നേതൃശൂന്യതയാണ് സൃഷ്ടിച്ചത്. യുദ്ധത്തിന് സേനയെ സജ്ജമാക്കുന്ന ചുമതലയുള്ള ജനറല്‍ ഷാങ്, ജനറല്‍ ലിയു ഷെന്‍ലി എന്നിവരാണ് അവസാനം അപ്രത്യക്ഷരായത്. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്റെ നട്ടെല്ലായിരുന്ന ഇവരുടെ അഭാവം സൈന്യത്തിന്റെ പ്രായോഗിക പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ടുവന്നെങ്കിലും പരിചയസമ്പന്നരും ഉന്നതരുമായ 'ഓപ്പറേഷണല്‍' കമാന്‍ഡര്‍മാരുടെ ഇല്ലായ്മ നാഥനില്ലാക്കളരിയായി സൈന്യത്തെ മാറ്റിയിട്ടുണ്ട്.

ചൈനീസ് മാധ്യമങ്ങള്‍ ഈ സാഹചര്യം സമ്മതിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ 'ചെറിയകാലത്തെ പ്രയാസങ്ങളും വേദനയും' ഉണ്ടാക്കുന്നുണ്ടെന്ന് ഔദ്യോഗിക മാധ്യമം സമ്മതിച്ചിരുന്നു. എന്നാലും, കൂടുതല്‍ കരുത്തുള്ള സൈന്യത്തെ ഉണ്ടാക്കാനാണ് ഈ പ്രവര്‍ത്തനങ്ങളെന്നാണ് ചൈന ഔദ്യോഗികമായി അവകാശപ്പെടുന്നത്.

 

 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുവാവിന്റെ മലദ്വാരത്തിൽ ഒന്നാം ലോകമഹായുദ്ധ കാലത്തെ പീരങ്കി ഉണ്ട; ബോംബ് സ്ക്വാഡെത്തി, ആശുപത്രിയൊഴിപ്പിച്ചു!
കളി കാണാൻ സ്കൂളിൽ കള്ളം പറഞ്ഞു, ഒടുവിൽ 9 വയസ്സുകാരനെ ക്യാമറ 'കുടുക്കി', നടപടിയുമായി സ്കൂൾ