
തൊഴിലാളികളില്‍ നിന്നും പരമാവധി ലാഭമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എല്ലാ കമ്പനികളും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നൂറ്റാണ്ടുകൾ നടന്ന തൊഴിലാളി സമരങ്ങളില്‍ നിന്ന് രൂപപ്പെട്ട തൊഴില്‍ നിയമങ്ങൾ പലതും ഇന്ന് ഭരണകൂടങ്ങൾ തന്നെ അപ്രസക്തമാക്കി കളഞ്ഞു. തൊഴിലാളികളെയും കര്‍ഷകരെയും മുന്‍നിര്‍ത്തി പട നയിച്ച് അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നും അടുത്ത കാലത്തായി തൊഴില്‍ വിരുദ്ധതയുടെ നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
ചൈനയിലെ ഒരു കമ്പനി തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം പണമായി നല്‍കുന്നതിന് പകരം വൌച്ചറുകളായിട്ടാണ് നൽകുന്നതെന്ന വാര്‍ത്തയാണ് ഈ വിഷയത്തില്‍ ഏറ്റവും ഓടുവിലായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപകമായ പരാതികൾ ഉയര്‍ന്നതോടെ സ്ഥാപനത്തിനെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
ചൈനയിലെ ഒരു ഷോപ്പിംഗ് സെന്‍ററാണ് തങ്ങളുടെ തൊഴിലാളികൾക്ക് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ശമ്പള രീതി അവലംബിച്ചത്. ശമ്പളത്തിന് തുല്യമായ തുകയ്ക്കുള്ള വ്യത്യസ്ത വൗച്ചറുകളാണ് ഷോപ്പിംഗ് സെന്‍റർ തങ്ങളുടെ തൊഴിലാളികള്‍ക്ക് നല്‍കിയത്. മിക്ക വൗച്ചറുകളും ഭക്ഷണത്തിനും വസ്ത്രങ്ങൾ വാങ്ങാനും ഉള്ളവയാണ്. 1.4 ഡോളര്‍ മുതല്‍ 70 ഡോളര്‍ (ഏകദേശം 121 രൂപ മുതല്‍ 6,054 രൂപ വരെ) വരെയുള്ള വിവിധ വൗച്ചറുകളാണ് കമ്പനി, തൊഴിലാളികള്‍ക്ക് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ വൗച്ചറുകൾ ഉപയോഗിച്ച് മറ്റ് സാധനങ്ങൾ വാങ്ങാന്‍ കഴിയില്ലെന്നും അതിനായി നിര്‍ദ്ദേശിച്ച സാധനങ്ങൾ മാത്രമേ വാങ്ങാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Watch Video: 'അവന്‍റെ കലിപ്പ് എന്നെ കീഴടക്കുന്നു'; സന്ദർശകര്‍ക്ക് നേരെ അലറുന്ന കുഞ്ഞ് വെള്ളക്കടുവയുടെ വീഡിയോ വൈറൽ
അതേസമയം പ്രോപ്പർട്ടി മാനേജ്മെന്‍റ് ഫീസ് അടയ്ക്കുന്നതിനും ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ചില പ്രോപ്പർട്ടികളും പാർക്കിംഗും ഡിസ്കൗണ്ട് വിലയ്ക്ക് വാങ്ങുന്നതിനും ഈ വൗച്ചറുകൾ ഉപയോഗിക്കാം. അതേസമയം റെസ്റ്റോറന്‍റുകളിലും തുണിക്കടകളിലുമാണ് അവയ്ക്ക് കൂടുതല്‍ സ്വീകാര്യത. എന്നാല്‍, വാങ്ങിയ സാധനത്തിന് വൗച്ചറിനേക്കാൾ വില കുറവാണെങ്കില്‍ ബാക്കി പണമോ ആ മൂല്യത്തിനുള്ള മറ്റ് സാധനങ്ങളോ വാങ്ങാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വൗച്ചറുകൾ ഉപയോഗിച്ച് പ്രായമായവരുടെയോ കുട്ടികളുടെയോ ആവശ്യങ്ങൾ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ചില തൊഴിലാളികൾ ആരോപിച്ചു. സമൂഹ മാധ്യമ ഉപയോക്താക്കൾ കമ്പനിയുടെ നടപടി തികച്ചും മനുഷ്യത്വരഹിതമാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്.
Read More: സ്പൈനൽ മസ്കുലർ അട്രോഫി ബാധിതയായ മകൾക്ക് സുഖപ്രദമായ യാത്രയൊരുക്കി; ഇൻഡിഗോയെ അഭിനന്ദിച്ച് അമ്മ
അതേസമയം കമ്പനി, ചൈനയിലെ തൊഴില്‍ നിയമം ലംഘിച്ചെന്ന് ചൈനീസ് നിയമ സ്ഥാപനത്തിലെ അഭിഭാഷകനായ ഷാവോ ലിയാങ്ഷാൻ പറഞ്ഞു. ചൈനീസ് തൊഴിൽ നിയമപ്രകാരം, തൊഴിലാളിയുടെ ശമ്പളം പ്രതിമാസം പണമായി നൽകണം. മാത്രമല്ല, ജോലി സമയം, ശമ്പളം അല്ലെങ്കിൽ തൊഴിലാളികളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ ജീവനക്കാരുമായി സമഗ്രമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ മാറ്റാന്‍ പാടൊള്ളൂവെന്നും ചൈനയിലെ കരാർ നിയമം അനുശാസിക്കുന്നു. ഇതൊന്നും പാലിക്കാതെയാണ് കമ്പനി സ്വന്തം ഇഷ്ടത്തിന് തൊഴിലാളികളുടെ ശമ്പളം വൗച്ചറുകളാക്കി മാറ്റിയതെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.