വീല്‍‌ച്ചെയറില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന മകൾക്ക് ആദ്യമായാണ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരു വിമാനയാത്ര സാധ്യമായത്. അതിന് കാരണം ഇന്‍ഡിഗോയിലെ ക്രൂ അംഗങ്ങളുടെ സഹകരണം ഒന്ന് മാത്രമാണെന്നും ആ അമ്മ കുറിച്ചു. 


ന്‍ഡിയോയുടെ മോശം കസ്റ്റമര്‍ കെയറിനെ കുറിച്ചുള്ള പരാതികളായിരുന്നു സമൂഹ മാധ്യമത്തില്‍ ഇതുവരെ പങ്കുവയ്ക്കപ്പെട്ടിരുന്നത്. എന്നാല്‍, അതിന് ഘടകവിരുദ്ധമായ ഒരു അനുഭവക്കുറിപ്പുമായി ഒരു അമ്മ സമൂഹ മാധ്യമങ്ങളിലെത്തിയപ്പോൾ ആ കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കൾ ഏറ്റെടുത്തു. സഞ്ചരിക്കാന്‍ വീൽച്ചെയര്‍ ആവശ്യമുള്ള തന്‍റെ മകൾക്ക് സുഖപ്രദമായ യാത്രയാണ് ഇന്‍ഡിഗോ ഒരുക്കിയതെന്നായിരുന്നു ആ അമ്മ തന്‍റെ ലിങ്ക്ഡിന്‍ അക്കൌണ്ടിലൂടെ പങ്കുവച്ചത്. അത്തരമൊരു യാത്ര ഒരുക്കി തന്ന ഇന്‍ഡിഗോയക്ക് മോനിഷ നന്ദി പറഞ്ഞു. 

മകൾക്ക് 10 മാസം മാത്രം പ്രായമുള്ളപ്പോഴാണ് അപൂർവ ജനിതക വൈകല്യമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) രോഗം സ്ഥിരീകരിച്ചത്. മകൾ കിയയ്ക്ക് ഇന്ന് 14 വയസായി. പക്ഷേ, അവളിപ്പോഴും വീല്‍ച്ചെയറിലാണ് യാത്ര ചെയ്യുന്നത്. വീല്‍ച്ചെയറിലുള്ള മകൾക്കൊപ്പം യാത്ര ചെയ്യുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് അവര്‍ എഴുതി. രോഗം തീവ്രമായതോടെ മകളുടെ ചലന ശേഷി കുറഞ്ഞത് പ്രശ്നങ്ങൾ സങ്കീര്‍ണ്ണമാക്കി. 2022 -ൽ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം മകളുടെ അവസ്ഥ 80 % ശാരീരിക വൈകല്യത്തിലേക്ക് നയിച്ചുവെന്നും ഇത് തന്‍റെ ജീവിതത്തെയും ഏറെ ബാധിച്ചെന്നും മോനിഷ എഴുതി. 

Read More: അഞ്ച് മിനിറ്റ് നേരത്തേക്ക് ഡൽഹി-അമൃത്സർ എക്സ്പ്രസ് സ്വന്തമാക്കിയ ലുധിയാനക്കാരനായ കര്‍ഷകൻ

വൈദ്യസഹായമില്ലാതെ സ്വതന്ത്രമായി ഇരിക്കാനും ശ്വസിക്കാനുമുള്ള കഴിവ് നിലനിർത്താനും സ്ഥിരമായി കിടപ്പിലാകുന്നത് തടയാനും ശസ്ത്രക്രിയ നിർണായകമായിരുന്നുവെന്നും അവര്‍ കുറിച്ചു. യാത്രയ്ക്കിടയില്‍ മകൾക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളെയും കൊണ്ട് പോവുക എന്നത് ഏറെ ശ്രമകരമായിരുന്നു. എല്ലാ യാത്രകളിലും എന്തെങ്കിലും ഒരു പ്രശ്നമെങ്കിലും ഉണ്ടാകാറുണ്ടെന്നതാണ് എപ്പോഴെത്തെയും അനുഭവം. എന്നാല്‍, ഇൻഡിഗോ ജീവനക്കാരുടെ, പ്രത്യേകിച്ച് പ്രതീക് അർജുൻ സെന്നിന്‍റെ അസാധാരണമായ സഹായത്തോടെ ഒരു പ്രശ്നങ്ങളുമില്ലാതെ ആദ്യമായി മകളുമൊത്ത് ഒരു വിമാനയാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നും അവരെഴുതി. അർജുൻ സെന്നിന്‍റെ പൂർണ്ണ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് തങ്ങൾക്ക് ഇങ്ങനെയൊരു യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും അവർ കൂട്ടിച്ചേര്‍ത്തു. 

Read More: 55000 വാടകയുള്ള ഫ്ലാറ്റ് ഒഴിഞ്ഞു; 1.75 ലക്ഷത്തിന്‍റെ ഡെപ്പോസിറ്റ് കൊടുക്കാതെ ഉടമ; മെയ്ന്‍റനന്‍സ് ഫീയെന്ന്

അതേസമയം 2023 -ൽ ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ ഒരു ഇന്‍ഡിഗോ യാത്രയില്‍ ക്രൂ അംഗങ്ങൾ അബദ്ധവശാല്‍ മകളുടെ വീല്‍ചെയര്‍ തകറാറിലാക്കിയ സംഭവവും അവര്‍ ഓർത്തെടുത്തു. അന്ന് തനിക്ക് എയര്‍ ക്രൂ അംഗങ്ങളോട് വലിയ ദേഷ്യം തോന്നിയിരുന്നെന്നും അവരെഴുതി. എന്നാല്‍ പുതിയ അനുഭവം അതെല്ലാം മായ്ക്കുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം മകള്‍ കിയ, ഇന്‍ഡിഗോ കാബിന്‍ക്രൂ അംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രങ്ങളും മോനിഷ പങ്കുവച്ചു. കുറിപ്പ് വൈറലായതോടെ മോനിഷയുടെ നല്ല വാക്കുകൾക്ക് നദി പറഞ്ഞ് ഇന്‍ഡിയോയും രംഗത്തെത്തി.