
തങ്ങളുടെ തൊഴിലാളികള്‍ക്കിടയില്‍ കുടുംബജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരു ചൈനീസ് കമ്പനി കൊണ്ടുവന്ന തീരുമാനങ്ങൾ വിവാദമായി. തങ്ങളുടെ തൊഴിലാളികൾക്കിടയില്‍ 28 നും 58 നും ഇടയില്‍ പ്രായമുള്ള അവിവാഹിതരും വിവാഹമോചിതരുമായവര്‍ സെപ്തംബറോടെ വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കണമെന്നായിരുന്നു കമ്പനിയുടെ നിർദ്ദേശം. ജനനനിരക്ക് കൂട്ടാനായി ചൈനീസ് ഭരണകൂടം നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനിടെ ഒരു പടി കൂടി കടന്നുള്ള കമ്പനിയുടെ നിര്‍ദ്ദേശം പക്ഷേ, വലിയ വിമര്‍ശനങ്ങൾക്കാണ് വഴിവച്ചത്. സംഭവം വിവാദമായതോടെ ചൈനീസ് ഭരണകൂടം കമ്പനിയില്‍ നിന്നും വിശദീകരണം തേടിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഷാൻഡോങ് പ്രവിശ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷുണ്ടിയൻ കെമിക്കൽ ഗ്രൂപ്പാണ് തങ്ങളുടെ ജീവനക്കാര്‍ക്ക്, പുതിയ കുടുംബ ജീവിതം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി പുലിവാല് പിടിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് കമ്പനി പുതിയ നിര്‍ദ്ദേശം പുറത്തിറങ്ങിയത്. കമ്പനിയിലെ വിവാദ നിര്‍ദ്ദേശത്തില്‍ ജീവനക്കാര്‍ ആരെങ്കിലും മാര്‍ച്ചിനുള്ളില്‍ വിവാഹം കഴിക്കാതെ ഇരിക്കുകയാണെങ്കില്‍ ഒരു സ്വയം വിമർശന കത്ത് കമ്പനിയില്‍ സമർപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം ജൂണിനുള്ളിൽ അവിവാഹിതരായവർ കമ്പനിയുടെ മൂല്യനിർണ്ണയത്തിന് വിധേയരാക്കപ്പെടും. കമ്പനി നിര്‍ദ്ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുകയാണെങ്കിൽ, അത്തരം ജീവനക്കാരെ പിരിച്ച് വിടുമെന്നും കമ്പനിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
സംഭവം വിവാദമായതിന് പിന്നാലെ സ്വയം ന്യായീകരിച്ച് കൊണ്ട് കമ്പനി രംഗത്തെത്തി. തങ്ങൾ സര്‍ക്കാറിന്‍റെ വിവാഹ നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളെയും പരമ്പരാഗത ചൈനീസ് മൂല്യങ്ങളെയും പിന്‍പറ്റുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു. അതേസമയം പ്രതിഷേധത്തെ തുടര്‍ന്ന് പ്രാദേശിക ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ സെക്യൂരിറ്റി ബ്യൂറോ ഫെബ്രുവരി 13 ന് കമ്പനിയിൽ പരിശോധന നടത്തി. ഇതിന് പിന്നാലെ കമ്പനി തങ്ങളുടെ സര്‍ക്കുലര്‍ പിന്‍വലിക്കുകയും അവിവാഹിതരെ പിരിച്ച് വിടില്ലെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കമ്പനിയുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും അത് വിവാഹ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും ചൈനീസ് നിയമവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു.