അഞ്ചുവയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് 50 ഗ്രാം സ്വർണ്ണക്കട്ട! പുറത്തെടുത്തു

Published : Aug 23, 2026, 04:48 PM IST
gold bar

Synopsis

ആശുപത്രിയിലെത്തുന്നതിന് മുൻപ് കുടുംബം സമീപത്തുള്ള പല ക്ലിനിക്കുകളിലും പോയെങ്കിലും അടിയന്തര എൻഡോസ്കോപ്പി സൗകര്യങ്ങൾ അവിടെയില്ലായിരുന്നു.

ചൈനയിൽ അഞ്ചുവയസ്സുകാരി അബദ്ധത്തിൽ 50 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കട്ട വിഴുങ്ങി. കുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ഓഗസ്റ്റ് 16 -നാണ് കുഞ്ഞിനെ ക്യാപിറ്റൽ മെഡിക്കൽ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ചുള്ള ബെയ്‍ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. സ്വർണ്ണക്കട്ട വിഴുങ്ങി ആറു മണിക്കൂറിനു ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എക്സ്-റേ പരിശോധനയിൽ 4 സെന്റീമീറ്റർ നീളമുള്ള സ്വർണ്ണക്കട്ട കുട്ടിയുടെ വയറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കണ്ടെത്തി.

ഇത് വയറിന്റെ ആന്തരിക പാളികളിൽ പോറലേൽപ്പിക്കാനും രക്തസ്രാവത്തിനും ആന്തരിക മുറിവുകൾക്കും കാരണമാകുമെന്നതിനാൽ കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുൻപ് കുടുംബം സമീപത്തുള്ള പല ക്ലിനിക്കുകളിലും പോയെങ്കിലും അടിയന്തര എൻഡോസ്കോപ്പി സൗകര്യങ്ങൾ അവിടെയില്ലായിരുന്നു. തുടര്‍ന്ന് ബെയ്ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ എൻഡോസ്കോപ്പി നടത്തി. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ സ്വർണ്ണക്കട്ട പൂർണ്ണമായി പുറത്തെടുത്തു. കുട്ടി നിലവിൽ സുഖം പ്രാപിച്ചു വരികയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഈ വാർത്ത ചൈനീസ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി. 'അഞ്ചുവയസ്സുകാരിക്ക് കളിക്കാൻ 50 ഗ്രാം സ്വർണ്ണക്കട്ട നൽകാൻ മാത്രം എത്ര സമ്പന്നരായിരിക്കും ഈ കുടുംബം?' എന്ന് ഒരാൾ ചോദിച്ചപ്പോൾ, കുട്ടികളെ 'സ്വർണ്ണം തിന്നുന്ന ജീവികൾ' എന്ന് വിളിക്കുന്നത് വെറുതെയല്ലെന്ന് മറ്റൊരാൾ കുറിച്ചു. ചൈനയിൽ കുട്ടികളെ വളർത്തുന്നതിനും വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനുമുള്ള ഉയർന്ന ചെലവിനെ സൂചിപ്പിക്കാനാണ് 'രണ്ടുകാലുള്ള സ്വർണ്ണം വിഴുങ്ങുന്ന ജീവികൾ', 'നാലുകാലുള്ള സ്വർണ്ണം വിഴുങ്ങുന്ന ജീവികൾ' എന്നീ വിളിപ്പേരുകൾ ഉപയോഗിക്കാറുള്ളത്.

കുട്ടികൾ നാണയങ്ങൾ, ഹെയർ ക്ലിപ്പുകൾ തുടങ്ങിയ വസ്തുക്കൾ വിഴുങ്ങുന്നത് സാധാരണയായി കണ്ടുവരുന്ന അടിയന്തര സാഹചര്യമാണ്. കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ നാട്ടുചികിത്സകൾ ചെയ്യരുതെന്നും, എത്രയും വേഗം ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

PREV
Read more Articles on
click me!

Recommended Stories

2 കോടി ശമ്പളം കിട്ടുന്ന മെറ്റയിലെ ജോലി ഉപേക്ഷിച്ച് 40 -കാരൻ, പണം മാത്രമല്ല എല്ലാം
10 ഇഞ്ച് പിസ്സയ്ക്ക് പകരം ലഭിച്ചത് 7 ഇഞ്ച്; 10,520 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്