തല്‍സമയം കൊല; ലൈവ് സ്ട്രീമിംഗിനിടെ വ്‌ളോഗറെ പച്ചയ്ക്ക് തീകൊളുത്തിക്കൊന്ന മുന്‍ഭര്‍ത്താവിന് വധശിക്ഷ

Published : Jul 23, 2022, 07:41 PM ISTUpdated : Jul 23, 2022, 07:42 PM IST
തല്‍സമയം കൊല; ലൈവ് സ്ട്രീമിംഗിനിടെ വ്‌ളോഗറെ പച്ചയ്ക്ക്  തീകൊളുത്തിക്കൊന്ന മുന്‍ഭര്‍ത്താവിന് വധശിക്ഷ

Synopsis

വീട്ടിലെ അടുക്കളയിലിരുന്ന് ഒരു വീഡിയോ ലൈവ് സ്ട്രീമിംഗ് ചെയ്യുകയായിരുന്നു. അകത്തേക്ക് കുതിച്ചെത്തിയ താംഗ് ലൂ ലാമോയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും നേരത്തെ കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് അവരെ കത്തിക്കുകയും ചെയ്തു. 

അടുക്കളയില്‍ ലൈവ് ലൈവ് സ്ട്രീമിംഗ് ചെയ്യുകയായിരുന്ന മുന്‍ഭാര്യയെ ക്യാമറയ്ക്കു മുന്നില്‍ പച്ചയ്ക്ക് തീകൊളുത്തിക്കൊന്ന കേസില്‍ ചൈനീസ് യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി. ചൈനയില്‍ വമ്പിച്ച കോളിളക്കമുണ്ടാക്കിയ കേസിലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. താംഗ് ലു എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

തെക്കുവടക്കന്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്ക് ടോക്ക് കമ്പനിയുടെ അധിനതയിലുള്ള ദൗയിന്‍ എന്ന ചൈനീസ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ലാമു എന്ന തിബത്തന്‍ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ വധം ലൈവ് സ്ട്രീമിംഗിലൂടെ ആയിരക്കണക്കിനാളുകളാണ് തല്‍ക്ഷണം കണ്ടത്. ഗാര്‍ഹിക പീഡന പരാതികളെ തുടര്‍ന്ന് വിവാഹമോചിതയായ യുവതിയെ മുന്‍ ഭര്‍ത്താവ് അവരുടെ വീട്ടിലെത്തിയാണ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്. 

ദൗയിന്‍ എന്ന ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ടായിരുന്ന ലാമോ അവരുടെ വീഡിയോകളിലൂടെയാണ് ശ്രദ്ധേയയായത്. സ്വന്തം നാടിനെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള രസകരമായ വീഡിയോകളായിരുന്നു ലാമോയെ ജനപ്രിയയാക്കിയത്. സദാ തമാശ പറഞ്ഞിരുന്ന, രസകരമായ വീഡിയോകള്‍ ചെയ്തിരുന്ന ഒരാളായിരുന്നു ലാമോ. എന്നാല്‍, ഇവരുടെ ദാമ്പത്യ ജീവിതം ഒട്ടും സുഖകരമായിരുന്നില്ല. 

2009-ലാണ് ലാമോ തിബത്തന്‍ വംശജനായ താംഗ് ലൂവിനെ വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷം ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഏറെയായിരുന്നു. സംശയരോഗിയായ താംഗ് ലൂ ഭാര്യയെ മറ്റെല്ലാ പൊതുപരിപാടികളില്‍നിന്നും വിലക്കിയിരുന്നു. അപ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന ലാമോയെ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുകയും വീടിനകത്ത് പൂട്ടിയിടുകയും ചെയ്തിരുന്നതായി അവരുടെ സഹോദരി കോടതിയില്‍ മൊഴിയില്‍ നല്‍കിയിരുന്നു.  നിരന്തര ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് 2020-ല്‍ ഇരുവരും വിവാഹ മോചനം നേടി. എന്നാല്‍, ബന്ധം വീണ്ടും പുന:സ്ഥാപിക്കണം എന്നായിരുന്നു താംഗ് ലൂവിന്റെ ആവശ്യം. ഇതിന് ലാമോ സമ്മതിച്ചില്ല. അതിനാല്‍, വിവാഹ മോചനത്തിനു ശേഷവും ഇവര്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. 

തുടര്‍ന്നാണ് 2020 സെപ്തംബര്‍ 14-ന് താംഗ് ലൂ ലാമോയുടെ വീട്ടിലേക്ക് എത്തിയത്. കുടുംബ വീട്ടില്‍ താമസിച്ചുകൊണ്ട് വീഡിയോ ബ്ലോഗുകള്‍ ചെയ്തു വരികയായയിരുന്നു ലാമോ. ആ സമയത്ത് അവര്‍ തന്റെ വീട്ടിലെ അടുക്കളയിലിരുന്ന് ഒരു വീഡിയോ ലൈവ് സ്ട്രീമിംഗ് ചെയ്യുകയായിരുന്നു. അകത്തേക്ക് കുതിച്ചെത്തിയ താംഗ് ലൂ ലാമോയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും നേരത്തെ കൈയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് അവരെ കത്തിക്കുകയും ചെയ്തു. ഈ സംഭവം ലൈവ് ആയി തന്നെ ആയിരക്കണക്കിനാളുകളാണ് തല്‍സമയം കണ്ടത്. സംഭവം വലിയ ചര്‍ച്ചയാവുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തു. 

ഗുരുതരമായി പൊള്ളലേറ്റ ലാമോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ലാമോ മരിച്ചു. ഈ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. സ്ത്രീ സുരക്ഷ അപകടത്തിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ മുറവിളികള്‍ ഉയര്‍ന്നു. ഗാര്‍ഹിക പീഡനത്തിന് എതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു.  #LhamoAct എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ ലാമോയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പെയിന്‍ നടന്നു. ഈ സംഭവം വിദേശ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. അതിനിടെ, ഈ വിഷയം പരാമര്‍ശിച്ചുകൊണ്ട്, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുമെന്ന് യുഎന്നില്‍ നടത്തിയ പ്രഭാഷണത്തില്‍ ഉറപ്പു നല്‍കി. 

സംഭവത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത താംഗ് ലൂവിനെ ജയിലിടച്ചു.തുടര്‍ന്ന് തിബത്തന്‍ കോടതിയില്‍ കേസ് നടന്നു. അത് പിന്നീട് സുപ്രീം കോടതിയിലേക്ക് മാറി. സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം താംഗ്‌ലൂവിന് വധശിക്ഷ വിധിച്ചു. ഇന്നലെ അതു നടപ്പാക്കുകയും ചെയ്തു. 

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞിന് 23 -ാം ദിവസം ഉറക്കത്തിൽ ശ്വാസംമുട്ടി ദാരുണാന്ത്യം