
പ്രോട്ടീനുവേണ്ടി പൂച്ചകൾക്കുള്ള ഫുഡ് കഴിച്ച് സ്വിറ്റ്സർലാൻഡിൽ പിഎച്ച്‍ഡി ചെയ്യുന്ന ചൈനീസ് വിദ്യാർത്ഥി. കാശ് ലാഭിക്കാനായി കാറ്റ് ഫുഡ്ഡാണ് താൻ കഴിക്കുന്നത് എന്ന് വെളിപ്പെടുത്തിയതോടെ വിദ്യാർത്ഥി മാധ്യമശ്രദ്ധ നേടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ യുവാവ് വൈറലായി മാറുകയും ചെയ്തു. 'ദി ആർട്ഫുൾ ചീപ്പ്‌സ്‌കേറ്റ്' എന്നറിയപ്പെടുന്ന വിദ്യാർത്ഥിയാണ് പണം ലാഭിക്കാനുള്ള വഴികൾ എന്ന നിലയിൽ ഈ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ മെഡിക്കൽ സ്കൂളിൽ നിന്നാണ് ഇയാൾ ബിരുദം നേടിയത്. പിന്നീട്, ഷാങ്ഹായിൽ ജോലി ചെയ്തു. അതിനുശേഷമാണ് സ്വിറ്റ്സർലാൻഡിൽ പിഎച്ച്ഡിക്കു ചേരുന്നത്. 'സ്വിറ്റ്സർലൻഡിൽ, ഒരു പിഎച്ച്ഡി വിദ്യാർത്ഥിക്ക് സാധാരണയായി പ്രതിമാസം 1,000 മുതൽ 1,500 സ്വിസ് ഫ്രാങ്ക് (1,15,326 രൂപ മുതൽ 1,77,424 വരെ) ആവശ്യമായി വരും. ട്യൂഷനും ജീവിതച്ചെലവും താങ്ങാൻ കഴിയാത്തതിനാൽ നിരവധി വിദ്യാർത്ഥികൾ മൂന്നാം വർഷമാകുമ്പോഴേക്കും പഠനം ഉപേക്ഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതെനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്' എന്ന് യുവാവ് പറയുന്നു.
ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നതിന് നിയമപരമായി വിലക്കുള്ളതിനാൽ, ഏറ്റവും കുറഞ്ഞ ബജറ്റിൽ ജീവിക്കാൻ യുവാവ് സ്വിറ്റ്സർലാൻഡിലേക്ക് എത്തുന്നതിനുമുമ്പ് തന്നെ തീരുമാനിക്കുകയായിരുന്നത്രെ. 'ചിലവ് കുറച്ച് ജീവിക്കുക എന്നത് ഒരു കലയാണ്, അതുകൊണ്ടാണ് ഞാനിപ്പോൾ ഓൺലൈനിൽ ഉപയോഗിക്കുന്ന ഈ പേര് പോലും തെരഞ്ഞെടുത്തത്' എന്നാണ് യുവാവ് പറയുന്നത്.
'കാറ്റ് ഫുഡ് കഴിക്കാനുള്ള എന്റെ തീരുമാനം പലരെയും ഞെട്ടിച്ചു. 3 കിലോഗ്രാമിന്റെ കാറ്റ് ഫുഡ്ഡിന് വെറും 3.75 സ്വിസ് ഫ്രാങ്ക് (443 രൂപ) ആണ് വില വരുന്നത്. അതിൽ 32 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതായത് ഒരു ഫ്രാങ്കിൽ നിന്ന് നിങ്ങൾക്ക് 256 യൂണിറ്റ് പ്രോട്ടീൻ ലഭിക്കും' എന്നാണ് യുവാവ് പറയുന്നത്. അതേസമയം, ഇത് എങ്ങനെ കഴിക്കരുത് എന്നും യുവാവ് പറയുന്നുണ്ട്.
എന്തായാലും, യുവാവിന്റെ വെളിപ്പെടുത്തൽ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി. ചിലരെല്ലാം യുവാവിന്റെ പണം ലാഭിക്കാനുള്ള ബുദ്ധി കൊള്ളാം എന്ന് പറഞ്ഞപ്പോൾ മറ്റ് പലർക്കും അത് അംഗീകരിക്കാനായില്ല. അതേസമയം, ഡയറ്റിൽ വ്യത്യാസം വരുത്തുമ്പോൾ ഒരു വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.