
ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് 'സറോഗേറ്റ്' ഉടൻ തന്നെ പ്രസവിക്കുമെന്ന് ഡോ. ഷാങ് ക്വിഫെങ്ങിന്‍റെ നേതൃത്വത്തിലുള്ള ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. അതെ അത്ഭുതപ്പെടേണ്ട്. കേട്ടത് സത്യം തന്നെ സറോഗേറ്റിന്‍റെ ശരീരത്തില്‍ ക്രമീകരിച്ച ഒരു കൃത്രിമ ഗർഭപാത്രത്തിനുള്ളിൽ ഗർഭധാരണം പുനർനിർമ്മിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്ക് ഇനി വലിയ ദൂരമില്ലെന്നും ചൈനീസ് ഗവേഷകന്‍ അവകാശപ്പെട്ടു. ഗ്വാങ്‌ഷൂവിലെ കൈവ ടെക്‌നോളജിയിലെ ഡോ. ഷാങ് ക്വിഫെങ്ങിന്‍റെ നേതൃത്വത്തിലുള്ള ഈ പദ്ധതി, ഒരു കൃത്രിമ ഗർഭപാത്രത്തിനുള്ളിൽ ഗർഭധാരണം പുനർനിർമ്മിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
റോബോട്ടിന്‍റെ ശരീരത്തിനുള്ളിൽ കൃത്രിമമായി നിര്‍മ്മിച്ച അമ്നിയോട്ടിക് ദ്രാവകം നിറഞ്ഞ ഗർഭപാത്രം പോലുള്ള ഒരു സ്ഥലത്താണ് കുഞ്ഞ് വളരുക. ഈ സാങ്കേതികവിദ്യയ്ക്കുള്ള നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കുന്നതിനായി ഡോ. ഷാങ് ഇതിനകം ഗ്വാങ്‌ഡോംഗ് അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പ്രസവത്തിന് മുമ്പ് ഒരു ട്യൂബ് വഴി പോഷകങ്ങൾ സ്വീകരിച്ച് കൊണ്ട് കുഞ്ഞ് ഒമ്പത് മാസം വളരുമെന്ന് വ്യക്തമാക്കിയ ഡോ. ഷാങ്, സാങ്കേതികവിദ്യ ഇപ്പോൾ ഏതാണ്ട് പൂർണ്ണമായെന്നും അവകാശപ്പെട്ടു. സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോ. ഷാങ് പിഎച്ച്ഡി നേടിയത്.
അടുത്ത വർഷം ഏകദേശം 1,00,000 യുവാൻ (12 ലക്ഷത്തിലധികം രൂപ) വിലയുള്ള ഒരു പ്രോട്ടോടൈപ്പ് വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗർഭധാരണം മുതൽ പ്രസവം വരെയുള്ള മുഴുവൻ ഗർഭകാലവും ഈ ഹ്യൂമനോയിഡിന് പകർത്താൻ കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നതായി ലൈവ് മിന്‍റ് റിപ്പോർട്ട് ചെയ്തു. അതേസമയം ഗര്‍ഭകാലത്തെ കുറിച്ച് വ്യക്തമാക്കിയെങ്കിലും ബീജ സങ്കലനം മുതലുള്ള കാര്യങ്ങളും അത് ഗർഭസ്ഥ ശിശുവായി പരിണമിക്കുന്നത് വരെയുള്ള കാര്യങ്ങളെ കുറിച്ചും അവ്യക്തത തുടരുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഗർഭധാരണവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാനും ഒരു കുഞ്ഞിനെ സ്വന്തം ശരീരത്തിൽ ചുമക്കുന്നതിന്‍റെ ശാരീരിക ആയാസത്തിൽ നിന്ന് അവരെ മോചിപ്പിക്കാനും ഇത്തരം കൃത്രിമ ഗർഭപാത്രങ്ങൾക്ക് കഴിയുമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവരും വാദിക്കുന്നു. ഇതോടൊപ്പം 2007-ൽ 11.9% ആയിരുന്ന ചൈനയിലെ വന്ധ്യതാ നിരക്കിന് 2020-ൽ 18% ആയി വർദ്ധിച്ചെന്ന റിപ്പോര്‍ട്ടുകളും ചിലര്‍ ഉയര്‍ത്തിക്കാണിക്കുന്നു. അതേസമയം പദ്ധതിയുടെ നിയമപരവും ധാർമ്മികവുമായ കാര്യങ്ങളെ കുറിച്ച് സജീവമായ ചര്‍ച്ചകൾ തന്നെ ഉയർന്നു. സാങ്കേതിക സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന ജീവന്, മനുഷ്യ കുലത്തോട് എന്ത് ബാധ്യതയാണ് ഉള്ളതെന്നും ഇത് ഭാവിയില്‍ യഥാർത്ഥ മനുഷ്യരുടെ അന്ത്യത്തിന് തന്നെ കാരണമാകുമോയെന്നും യാഥാര്‍ത്ഥ്യവും സങ്കല്പവും തമ്മിലുള്ള അന്തരം കുറയുകയാണെന്നുമുള്ള ആശങ്കകളും പങ്കുവയ്ക്കപ്പെട്ടു.
അമ്മയും കുഞ്ഞും തമ്മിലുള്ള സ്വാഭാവിക ബന്ധം ഇല്ലാതാക്കുന്നതിനാൽ ഈ സാങ്കേതികവിദ്യ പ്രശ്നകരവും അധാർമ്മികവുമാണെന്ന് വിമർശകർ വാദിക്കുന്നു. മാതൃ ഹോർമോൺ നിയന്ത്രണം പോലുള്ള സങ്കീർണ്ണമായ പ്രക്രിയകൾ ശാസ്ത്രത്തിന് ആവർത്തിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ച് മെഡിക്കൽ വിദഗ്ധരും സശയമുന്നയിക്കുന്നു. കൃത്രിമ ഗർഭപാത്രങ്ങൾ സ്ത്രീകളുടെ അവസാനത്തെ സൂചിപ്പിക്കുമെന്ന് റാഡിക്കൽ ഫെമിനിസ്റ്റായ ആൻഡ്രിയ ഡ്വോർക്കിൻ ഒരിക്കൽ മുന്നറിയിപ്പ് നൽകിയതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.