'ചെറുതെന്ന് പറഞ്ഞപ്പോൾ അതുവരെ നെയ്തതെല്ലാം അഴിച്ച് അമ്മ വീണ്ടും തുടങ്ങി'; 91 -മത്തെ വയസിൽ കിടപ്പിലായ അമ്മ നെയ്ത സ്വെറ്ററുമായി മകൻ

Published : Dec 27, 2025, 04:55 PM IST
mom knits sweater for son

Synopsis

ഹൈദരാബാദ് സ്വദേശിയായ മകൻ, കിടപ്പിലായ തന്‍റെ 91 വയസ്സുള്ള അമ്മയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചു. പ്രായത്തിന്‍റെ അവശതകൾക്കിടയിലും, മകനുവേണ്ടി അവർ ഒരു സ്വെറ്റർ നെയ്തെടുത്തു. അളവ് തെറ്റിയപ്പോൾ പലതവണ അഴിച്ച് അവർ സ്വെറ്റർ വീണ്ടും നെയ്തു. 

 

കിടക്കയിൽ എഴുന്നേൽക്കാനാകാതെ കിടക്കുമ്പോഴും മകന് വേണ്ടി സ്വെറ്റർ നെയ്ത അമ്മയുടെ സ്നേഹത്തിന് മുന്നിൽ നമിച്ച് നെറ്റിസെൻസ്. അമ്മയുടെ പുത്രസ്നേഹത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവച്ചത് മകൻ തന്നെ. ഹൈദരാബാദ് സ്വദേശിയായ എച്ച് ആർ കൺസൾട്ടന്‍റായി ജോലി ചെയ്യുന്ന അരുൺ ഭാഗവതുലയാണ് തന്‍റെ അമ്മയുടെ അകമഴിഞ്ഞ പുത്ര സ്നേഹത്തെ കുറിച്ച് കുറിപ്പെഴുതിയത്. 91 -ാമത്തെ വയസിൽ എഴുന്നേൽക്കാന്‍ പോലുമാകാതെ കട്ടിലിൽ കിടക്കുന്ന അമ്മ, തനിക്ക് വേണ്ടി നെയ്തെടുത്ത സ്വെറ്റർ ധരിച്ച ചിത്രം പങ്കുവച്ച് കൊണ്ടാണ് അരുൺ തന്‍റെ അമ്മയുടെ സ്നേഹം വെളിപ്പെടുത്തിയത്.

അമ്മ നെയ്ത വെള്ള സ്വെറ്റർ

'91 വയസുള്ള എന്‍റെ അമ്മ എനിക്ക് വേണ്ടി നെയ്തെടുത്ത സ്വെറ്റർ' എന്ന കുറിപ്പോടെയാണ് അമ്മയുടെ സ്നേഹത്തെ കുറിച്ച് അരുണ്‍ എഴുതിയത്. പ്രായാധിക്യം വന്ന് ശയ്യാവലംബിയായത് അമ്മയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. കിടക്കയിൽ കിടന്ന് കൊണ്ട് അമ്മ തനിക്കായി ഒരു സ്വെറ്റർ നെയ്തെടുത്തു. കൈ വേദനിക്കുമ്പോൾ ജോലി നിർത്തിവയ്ക്കും പിന്നെ വീണ്ടും തുടങ്ങും. വേണ്ടെന്ന് പറഞ്ഞാലോയെന്ന് ഭയന്ന് സ്വെറ്റ‍ർ നിർമ്മാണം തുടങ്ങിയ ശേഷമാണ് അമ്മ, തന്നോട് എനിക്കായി ഒരു വെള്ള സ്വെറ്റ‍ർ നെയ്യുന്നുണ്ടെന്ന് പറഞ്ഞത്. പക്ഷേ, എനിക്കെങ്ങനെ വേണ്ടെന്ന് പറയാൻ പറ്റുമെന്ന് അദ്ദേഹം ചോദിക്കുന്നു. കഴുത്തിന്‍റെ ഭാഗം നെയ്ത ശേഷം അമ്മ അളവ് നോക്കാൻ പറഞ്ഞു. അല്പം നീളം വേണമെന്നായിരുന്നു അദ്ദേഹം അമ്മയോട് നിർദ്ദേശിച്ചത്. ഒരു വാക്കു പോലും പറയാതെ അതുവരെ നെയ്തതെല്ലാം അമ്മ അഴിച്ചു. വീണ്ടും നെയ്ച് തുടങ്ങി.

 

 

ഒടുവിൽ മുൻ ഭാഗവും പിൻ ഭാഗവും നെയ്ത് കഴിഞ്ഞ് അമ്മ അളവ് നോക്കാൻ പറഞ്ഞു. അദ്ദേഹമത് ധരിച്ചു. പക്ഷേ, സ്വെറ്ററിന് മുന്‍ഭാഗവും പിൻഭാഗവും തമ്മിൽ ആറ് ഇഞ്ചിന്‍റെ വിടവുണ്ടായിരുന്നു. അത് കണ്ട് അമ്മ ഞെട്ടിപ്പോയെന്നും അദ്ദേഹം എഴുതുന്നു. ഞാൻ നിന്‍റെ നെഞ്ചളവ് ചോദിച്ചിരുന്നു. 42 എന്നായിരുന്നു നീ പറഞ്ഞത്. ആ സൈസിനാണ് ഞാൻ നെയ്തതെന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മ നെഞ്ചളവാണ് ചോദിച്ചതെന്നും അരക്കെട്ടിന്‍റെ അളവല്ലെന്നും ശാന്തനായി അദ്ദേഹം മറുപടി നൽകി. മറുത്തൊന്നും പറയാതെ അമ്മ ആ സ്വെറ്റർ മുഴുവനും വീണ്ടും അഴിച്ച് നെയ്തു. ഒടുവിൽ അമ്മ അത് നെയ്ത് കഴിഞ്ഞപ്പോൾ അല്പം ചെറുതാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും പക്ഷേ, ഇത്തവണ താനത് അമ്മയോട് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വെറ്റർ ചെറുതായിരിക്കാം പക്ഷേ, അമ്മയുടെ സ്നേഹം ഒരിക്കലും ചെറുതല്ലെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം അമ്മ നെയ്ത ആ വെള്ള സ്വെറ്റർ ധരിച്ച് നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

അമ്മയ്ക്കുള്ള സ്നേഹാന്വേഷണങ്ങൾ

അമ്മയുടെ സ്നേഹം ഉപാധികളില്ലാത്തതാണ്. അമ്മയുടെ 100 പിറന്നാളിന്‍റെ ചിത്രം താങ്കൾക്ക് ഇവിടെ പങ്കുവയ്ക്കാൻ കഴിയട്ടെയെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. ഇത്തരമൊരു അസുലഭ സ്നേഹം അനുഭവിക്കാൻ താങ്കൾ വലിയ ഭാഗ്യവാനാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. പ്രായം അമ്മമാർക്കൊരു തടസമല്ലെന്നും അവർ എല്ലായ്പ്പോഴും തങ്ങളുടെ മക്കളെ സുരക്ഷിതമായി ചേർത്ത് നിർത്താൻ ആഗ്രഹിക്കുന്നെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി.

 

PREV
Read more Articles on
click me!

Recommended Stories

അർധരാത്രി പെരുവഴിയിൽ, വണ്ടിയില്‍ എണ്ണയില്ല, പിന്നെ സംഭവിച്ചത് ഇതാണ്, യുവാവിന്‍റെ പോസ്റ്റ്
പൂച്ചയുടെ അസുഖം കണ്ടുപിടിക്കാൻ ചിലവാക്കിയത് 33,000 രൂപ, രോഗവിവരമറിഞ്ഞ് ഞെട്ടി ഉടമയും സോഷ്യൽ മീഡിയയും