
മ്യാന്മാര്‍ തായ്‍ലന്‍ഡ് അതിര്‍ത്തിയിൽ മ്യാന്മാര്‍ സൈന്യത്തിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിന്, കാമുകനെ വിറ്റ് കാമുകിയെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ. ഒരു ലക്ഷം യുവാന് (ഏതാണ്ട് 12 ലക്ഷത്തോളം രൂപ), 19 -കാരനായ കാമുകനെ വിറ്റ 17 -കാരിയായ കാമുകിയെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണ്‍ അവസാനം 3,50,000 യുവാൻ (ഏതാണ്ട് 43 ലക്ഷം രൂപ ) കുടുംബം നല്‍കിയതിനെ തുടര്‍ന്ന് സംഘം യുവാവിനെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഹുവാങ് എന്ന ചൈനീസ് യുവാവിനാണ് ഈ ദാരുണ അനുഭവമുണ്ടായത്. ഏതാണ്ട് നാല് മാസത്തോളം മ്യാന്മാറിലെ തട്ടിപ്പ് സംഘത്തിന്‍റെ തടവില്‍ കഴിയേണ്ടി വന്ന ഹുവാങിനെ സംഘം നിരന്തരം മര്‍ദ്ദിച്ചിരുന്നെന്നും ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് ബധിരത ബാധിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഹുവാങ്ങിന്‍റെ സഹോദരി തങ്ങൾക്ക് നേരിടേണ്ടിവന്ന അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോഴാണ് സംഭവം ലോകമറിഞ്ഞത്. ഇതോടെ വിഷയം ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചായായെന്ന് സിയാവോക്സിയാങ് മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ തെക്കൻ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഗ്വാങ്‌ഷോവിലുള്ള ഒരു ബില്യാർഡ്സ് ഹാളിൽ വെച്ചാണ് ഹിവാങ്, 17 -കാരിയായ ഷൗ എന്ന പെണ്‍കുട്ടിയെ ആദ്യമായി കണ്ടുമുട്ടിയത്. പിന്നാലെ ഇരുവരും പ്രണയത്തിലായി. തെക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയിൽ നിന്നാണെന്നും മാതാപിതാക്കൾക്ക് രാജ്യത്തുടനീളം നിക്ഷേപങ്ങളുണ്ടെന്നുമായിരുന്നു ഷൗ, ഹുവാങിനോട് പറഞ്ഞിരുന്നത്. ഇതിനിടെ ഹുവാങ് വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി ഈ സമയത്ത് തന്നെ ഹുവാങിന്‍രെ ജോലി നഷ്ടമായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഈ സമയത്താണ് ഷൗ, മ്യാന്മാറിലെ തൊഴിൽ സാധ്യതകളെ കുറിച്ച് ഹുവാങിനോട് പറയുന്നത്. പിന്നാലെ ഹുവാങിനെ മ്യാന്മാറിലേക്ക് പോകാന്‍ അവൾ നിര്‍ബന്ധിച്ചു. അവിടെയും തന്‍റെ കുടുംബത്തിന് ബിസിനസ് താത്പര്യങ്ങളുണ്ടെന്നും ഷൗ പറഞ്ഞു. പിന്നാലെ കുടുംബത്തെ പോലും അറിയിക്കാനെ ഹുവാങ്. ഷൗവുമായി കഴിഞ്ഞ ഫെബ്രുവരി 2 -ാം തിയതി തായ്‍ലന്‍ഡിലേക്ക് പോയി. അവന്‍റെ സമൂഹ മാധ്യമത്തിലെ ഫോട്ടോ കണ്ടപ്പോഴാണ് അവന്‍ തായ്‍ലന്‍ഡിലുണ്ടെന്ന് തങ്ങൾ അറിഞ്ഞതെന്നായിരുന്നു സഹോദരി പറഞ്ഞത്.
തായ്‍ലന്‍ഡ് അതിര്‍ത്തിയിലേക്കായിരുന്നു ഇരുവരും പോയത്. അവിടെ വച്ച് ഒരു സൈനിക വേഷധാരി ഹുവാങിന്‍റെ പാസ്പോര്‍ട്ടും മൊബൈല്‍ ഫോണും പിടിച്ച് വച്ചു. തുടർന്ന് ഫോണ്‍ തിരിച്ച് തരാന്‍ ഹുവാങ്. ഷൗവിനോട് കരഞ്ഞ് പറയുകയും പിന്നാലെ സംഘം ഹുവാങിന് ഫോണ്‍ തിരിച്ച് നല്‍കി. തുടർന്ന് ഹുവാങ്ങാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വീട്ടുകാര്‍ ഉടനടി ചൈനീസ് പോലീസിനെ വിവരം അറിയിച്ചു. ഇതിനിടെ തട്ടിപ്പ് സംഘം ഹുവാങിന്‍റെ തലമൊട്ടയടിച്ച ശേഷം മ്യാൻമറിലെ കൈക്സുവാൻ എന്ന സ്ഥലത്തേക്ക് കൊണ്ട് പോയി. അവിടെ പല രാജ്യങ്ങളില്‍ നിന്നുള്ള നൂറ് കണക്കിനാളുകളുണ്ടായിരുന്നു. അവിടെ വച്ച് അവര്‍ ഹുവാങിന് ടെലികോം തട്ടിപ്പ് നടത്താനുള്ള പരിശീലനം നല്‍കി.
ഒരു ദിവസം 16 മുതല്‍ 20 മണിക്കൂര്‍ വരെ അവിടെ ജോലി ചെയ്യേണ്ടിവന്നെന്നും ഹുവാങ് വെളിപ്പെടുത്തി. പലപ്പോഴും സംഘം തൊഴിലാളികളെ അടിമകളെ പോലെയാണ് കണ്ടിരുന്നത്. അരക്കെട്ടിലും ചെവിയിലും ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു ശിക്ഷ. നിരന്തരം മര്‍ദ്ദനം ഏറ്റതിന്‍റെ ഫലമായി ഹുവാങിന് ബധിരത ബാധിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 10 കിലോയില്‍ കൂടുതൽ ഭാരം കുറഞ്ഞു. ഇതിനിടെ മ്യാന്മാര്‍ അതിര്‍ത്തിയിലെത്തിയ ഹുവാങിന്‍റെ കുടുംബം തട്ടിപ്പ് സംഘവുമായി ബന്ധപ്പെട്ടു. ഒരു ലക്ഷം യുവാന്‍ മുടക്കിയാണ് ഷൗവില്‍ നിന്നും ഹുവാങിനെ വാങ്ങിയതെന്നും അതിനാല്‍ പണം തന്നാല്‍ വിട്ട് നല്‍കാമെന്നും സംഘം അറിയിക്കുകയായിരുന്നു.
പിന്നാലെ വിഷയത്തില്‍ ഇടപെട്ട മ്യാൻമറിലെ ചാവോഷാൻ ചേംബർ ഓഫ് കൊമേഴ്‌സിന്‍റെ സഹായത്തോടെ ഏറെ നേരത്തെ വില പേശലിന് ശേഷം മൂന്നരലക്ഷം യുവാന് (ഏതാണ്ട് 43 ലക്ഷം രൂപ ) മോചനദ്രവ്യം നല്‍കിയാണ് സഹോദരനെ വീണ്ടെടുത്തതെന്നും സഹോദരി പറഞ്ഞു. ഹുവാങ് ചൈനയിൽ മടങ്ങിയെത്ത് പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും കാമുകി ഷൗവിനെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം മ്യാന്മാറിലെയും കംബോഡിയിലും പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കുന്നത് ചൈനീസ് കുറ്റവാളി സംഘങ്ങളാണെന്നും ചില റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.