
ഇന്ത്യയിൽ നിന്നും ഒരുപാടുപേർ ഇപ്പോൾ വിദേശത്തേക്ക് പഠനത്തിന് വേണ്ടിയും ജോലി ചെയ്യാനും ഒക്കെയായി പോകാറുണ്ട്. അതിൽ തന്നെ പലരും അവിടെ സ്ഥിരതാമസമാക്കാനും ആഗ്രഹിക്കാറുണ്ട്. പ്രധാനമായും ഇത്തരം കുടിയേറ്റങ്ങൾക്ക് ആളുകൾ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്ന് കാനഡയാണ്. ഇന്ത്യയിലെന്നതുപോലെ തന്നെ ഇന്ത്യക്കാരെ കാനഡയിലും ഇന്ന് കാണാം. അതുമായി ബന്ധപ്പെട്ട അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്തായാലും അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ലോചവ് രവി എന്ന ഇന്ത്യക്കാരനാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വിൻഡ്‌സർ-ഡിട്രോയിറ്റ് നദീതീരത്ത് നിന്നാണ് വീഡിയോ പകർത്തിയത്. എങ്ങോട്ട് നോക്കിയാലും എല്ലായിടത്തും ഇന്ത്യക്കാർ തന്നെ... ആ സ്ഥലമാകെ ഇന്ത്യക്കാർ കൈയടക്കിയതുപോലെയാണ് തോന്നുന്നത് എന്നാണ് വീഡിയോയിൽ യുവാവ് പറയുന്നത്.
താൻ കണ്ടതിൽ പത്തിൽ എട്ട് പേരും ഇന്ത്യക്കാരാണ് എന്നും യുവാവ് കാപ്ഷനിൽ പറയുന്നുണ്ട്. ഇന്ത്യക്കാർ കഠിനാധ്വാനികളും സ്വന്തം കാര്യം നോക്കി ജീവിക്കുന്നവരും സ്വന്തം സംസ്കാരത്തെ ബഹുമാനിക്കുന്നവരും ഒക്കെ ആണെങ്കിലും ഇവിടെയുള്ളവർക്ക് ഇന്ത്യക്കാർ അവരുടെ നാട് കീഴടക്കിയത് പോലെ തോന്നിയേക്കാം. നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്നും യുവാവ് ചോദിക്കുന്നുണ്ട്. കാനഡ കാൻഇന്ത്യയായി മാറി എന്നാണ് യുവാവ് പറയുന്നത്.
നേരത്തെ കാനഡയിൽ നിന്നുള്ള വിവിധ ദൃശ്യങ്ങൾ വൈറലായി മാറിയിട്ടുണ്ട്. ഇന്ത്യക്കാർ ഇവിടെ നദീതീരത്ത് ഗംഗാ ആരതി നടത്തുന്നതിന്റെയും, തടാകത്തിൽ സോപ്പ് തേച്ച് കുളിക്കുന്നതിന്റെയും ഒക്കെ ദൃശ്യങ്ങളാണ് വൈറലായി മാറിയിട്ടുള്ളത്. അതേസമയം തന്നെ വിവിധ രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാതിക്രമം നടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആ രാജ്യങ്ങളിലുള്ളവർ തന്നെ സോഷ്യൽ മീഡിയയിലടക്കം ഇത്തരം സംഭവങ്ങളെ ശക്തമായി വിമർശിക്കാറുമുണ്ട്.