
ലോക പൈതൃക കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന ഭീഷണിയാണ് കാലാവസ്ഥാ വ്യതിയാനമെന്ന് പഠന റിപ്പോർട്ട്. ഈ വേനൽക്കാലത്ത് പാകിസ്ഥാനിൽ ഉണ്ടായ ദാരുണമായ വെള്ളപ്പൊക്കത്തിൽ ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്ന് ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കപ്പെടുന്നതിന് അടുത്തെത്തി. മോഹൻജൊ ദാരോ എന്ന ആ പൈതൃക നഗരം വെള്ളപ്പൊക്കത്തെ അതിജീവിച്ചെങ്കിലും, ആഗോളതാപനം വലിയൊരു വെല്ലുവിളിയായി തന്നെ നിലനിൽക്കുകയാണ്. ബിസി 3000 -ൽ പണികഴിപ്പിച്ച മോഹൻജൊ ദാരോ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകാതിരുന്നതിന് നന്ദി പറയേണ്ടത് അന്നത്തെ ഡിസൈനർമാരുടെ പ്രതിഭയ്ക്ക് ആണ്. ആ പ്രതിഭയിൽ നിന്നും നാം ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് എന്നതും വേറൊരു വസ്തുത.
സിന്ധു നദിക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന നഗരം പഴയ ഡ്രെയിനേജ് സംവിധാനവും അഴുക്കുചാലുകളും കൊണ്ടാണ് സജ്ജീകരിച്ചിരുന്നത്, അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിന് വലിയ ആഘാതം ഈ നഗരത്തെ ബാധിക്കില്ല. ഓവുചാലുകളിലൂടെ വെള്ളം ഒഴുകിപ്പോകും.
വേൾഡ് വെതർ ആട്രിബ്യൂഷന്റെ റിപ്പോർട്ട് പ്രകാരം പ്രകാരം, ആഗോളതാപനം മൂലം ഈ ദുരന്തത്തിൽ ഏകദേശം 1,600 ആളുകൾ മരിക്കുകയും 33 ദശലക്ഷം ആളുകൾ ദുരന്തത്തിന്റെ ഇരയാക്കപ്പെടുകയും ചെയ്തു. ഇന്നും കരകയറാൻ ആകാത്ത വിധം അവർ ആ ദുരിതക്കയത്തിൽ തന്നെയാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായി പുരാതന മഹാനഗരം എല്ലാ പുരാവസ്തു അടയാളങ്ങളോടും കൂടി അപ്രത്യക്ഷമാകാം എന്നാണ് യുഎൻ ഏജൻസിയായ യുനെസ്കോയിലെ വേൾഡ് ഹെറിറ്റേജ് പ്രോഗ്രാമിന്റെ ഡയറക്ടർ ലസാരെ എലൗണ്ടൗ അസമോ പറഞ്ഞത്. കഴിഞ്ഞുപോയ വെള്ളപ്പൊക്കത്തിൽ കാര്യമായ കേടുപാടുകൾ നഗരത്തിന് സംഭവിച്ചിട്ടില്ല എങ്കിലും നിസ്സാരമായി കരുതിക്കൂട എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള 1,154 ലോക പൈതൃക സൈറ്റുകളിൽ അഞ്ചിൽ ഒരു സൈറ്റ് കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ്. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും ഉൾപ്പടെ ഇവയുടെ പരിപൂർണ്ണമായ നാശത്തിന് കാരണം ആയേക്കാവുന്ന ദുരന്തങ്ങൾ നിരവധിയാണ് ഈ കാലഘട്ടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന ദുരിതങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ലെങ്കിലും ഇവ നമ്മുടെ പൈതൃക സമ്പത്തിന് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും എന്നാണ് യുഎൻ റിപ്പോർട്ട് പറയുന്നത്.