ജോലി കിട്ടണമെങ്കിൽ കാപ്പി കുടിച്ച് കപ്പ് കഴുകി അടുക്കളയിൽ വയ്‍ക്കണം; വ്യത്യസ്തമായ ടെസ്റ്റുമായി കമ്പനി

By Web TeamFirst Published Jan 19, 2023, 1:26 PM IST
Highlights

ഇൻറർവ്യൂവിന്റെ അവസാനത്തോടെ അഭിമുഖത്തിനായി എത്തിയിരിക്കുന്ന ഉദ്യോഗാർത്ഥിയെ സ്ഥാപനമേധാവികളിൽ ആരെങ്കിലും ഒരാൾ ഒരു കപ്പ് കോഫി കുടിക്കുവാനായി അടുക്കളയിലേക്ക് ക്ഷണിക്കുന്നു. അടുക്കളയിൽ നിന്നും കോഫി എടുത്തു കൊണ്ട് അവർ വീണ്ടും ഇൻറർവ്യൂ ടേബിളിലേക്ക് തിരികെ എത്തുന്നു.

ഓരോ സ്ഥാപനങ്ങളും തങ്ങൾക്ക് ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് വ്യത്യസ്തങ്ങളായ മാർഗങ്ങളാണ് സ്വീകരിക്കാറ്. എന്നിരുന്നാലും ഇൻറർവ്യൂ വിജയിക്കുക എന്നത് ഏതൊരു കമ്പനിയിൽ ആയാലും ജോലി കിട്ടാനുള്ള അടിസ്ഥാനമാണ്. പരീക്ഷകൾ നടത്തിയും മുഖാമുഖം ചോദ്യങ്ങൾ ചോദിച്ചുമൊക്കെ വ്യത്യസ്തങ്ങളായ രീതിയിൽ കമ്പനികൾ ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്താറുണ്ട്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തനിക്ക് ആവശ്യമുള്ള ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പുതിയൊരു മാർഗ്ഗം പരീക്ഷിക്കുകയാണ് ഒരു സോഫ്റ്റ്‌വെയർ കമ്പനി സിഇഒ. 'കോഫി കപ്പ് ടെസ്റ്റ്' എന്നാണ് അദ്ദേഹം ഈ പരീക്ഷണത്തിന് നൽകിയിരിക്കുന്ന പേര്.

മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ട്രെൻഡ് ഇന്നസ്' എന്ന സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി കിട്ടണമെങ്കിൽ ആണ് ഉദ്യോഗാർത്ഥികൾ കോഫി കപ്പ് ടെസ്റ്റ് പാസാക്കേണ്ടത്. ഇൻറർവ്യൂവിൽ ഉദ്യോഗാർത്ഥികൾ എത്രമാത്രം മികവ് പുലർത്തിയാലും ഇൻറർവ്യൂവിന്റെ അവസാനം നടക്കുന്ന കോഫി കപ്പ് ടെസ്റ്റിൽ വിജയിക്കുന്നവരെ മാത്രമേ ഈ സ്ഥാപനത്തിൽ ജോലിക്കാരായി നിയമിക്കൂ.

ഇനി എന്താണ് ഈ കോഫി കപ്പ് ടെസ്റ്റ് എന്നല്ലേ? കാര്യം ലളിതമാണ്, ഇൻറർവ്യൂവിന്റെ അവസാനത്തോടെ അഭിമുഖത്തിനായി എത്തിയിരിക്കുന്ന ഉദ്യോഗാർത്ഥിയെ സ്ഥാപനമേധാവികളിൽ ആരെങ്കിലും ഒരാൾ ഒരു കപ്പ് കോഫി കുടിക്കുവാനായി അടുക്കളയിലേക്ക് ക്ഷണിക്കുന്നു. അടുക്കളയിൽ നിന്നും കോഫി എടുത്തു കൊണ്ട് അവർ വീണ്ടും ഇൻറർവ്യൂ ടേബിളിലേക്ക് തിരികെ എത്തുന്നു. ശേഷം ഉദ്യോഗാർത്ഥി കോഫി കുടിച്ചു കഴിയുന്നതുവരെ സംസാരം തുടരുന്നു. കോഫി കുടിച്ചു കഴിയുന്നതോടെ അഭിമുഖം അവസാനിച്ചതായും കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്ന ഉറപ്പോടെയും ഉദ്യോഗാർത്ഥിയെ പോകാൻ അനുവദിക്കുന്നു. 

എന്നാൽ, ഇനിയാണ് യഥാർത്ഥത്തിൽ ഉദ്യോഗാർത്ഥിയുടെ ഭാവി നിർണയിക്കുന്ന കാര്യം കിടക്കുന്നത്. കുടിച്ചു കഴിഞ്ഞ കോഫി കപ്പ് തിരികെ അടുക്കളയിൽ കൊണ്ടുപോയി കഴുകി വയ്ക്കുന്ന ഉദ്യോഗാർത്ഥിയെ മാത്രമേ തുടർന്ന് ഈ സ്ഥാപനത്തിൽ ജോലിക്കായി എടുക്കൂ. ഇൻറർവ്യൂ കഴിഞ്ഞതായി അറിയിച്ചതിനുശേഷം കോഫി കപ്പ് അവിടെത്തന്നെ വച്ച് മടങ്ങുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും ഇവിടെ ജോലിക്ക് എടുക്കില്ല.

ഒരു സ്ഥാപനത്തിന്റെ വിജയത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ടത് സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ഒരേ മനസ്സോടെ പ്രവർത്തിക്കുക എന്നതാണെന്നാണ് ട്രെൻഡ് ഇൻസ് കമ്പനിയുടെ സിഇഒ പറയുന്നത്. അതുകൊണ്ടാണത്രെ ഇത്തരത്തിൽ ഒരു പരീക്ഷണം തന്റെ സ്ഥാപനത്തിലേക്ക് ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് മുൻപായി അദ്ദേഹം നടത്തുന്നത്. സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റുള്ളവരുടെ ചുമരിൽ വയ്ക്കാതെ സ്വയം അവ ഏറ്റെടുത്ത് ചെയ്യാനുള്ള കഴിവ് ഉണ്ടോ എന്നാണ് ഈ പരീക്ഷണത്തിലൂടെ കമ്പനി അധികാരികൾ മനസ്സിലാക്കുന്നത്. ഉള്ളിന്റെയുള്ളിൽ അത്ര മനോഭാവമുള്ളവർക്ക് മാത്രമേ മറ്റാരുടെയും പ്രേരണ കൂടാതെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ കഴിയൂ എന്നാണ് കമ്പനി വക്താക്കൾ പറയുന്നത്.

click me!