ആന്തൂറിയത്തിലെ വര്‍ണ വൈവിധ്യങ്ങള്‍; അഴകിനും വരുമാനത്തിനും

Published : Jan 05, 2020, 05:50 PM IST
ആന്തൂറിയത്തിലെ വര്‍ണ വൈവിധ്യങ്ങള്‍; അഴകിനും വരുമാനത്തിനും

Synopsis

ഇതില്‍ മൗറീഷ്യസ് റെഡിന് വിപണിയില്‍ നല്ല ഡിമാന്റുണ്ട്. വലുപ്പമുള്ള പൂവിതളും നല്ല ചുവപ്പും നിറവുമാണ് പ്രത്യേകത. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഇനമാണ് അഗ്നിഹോത്രി. 

ആന്തൂറിയം പൂക്കളുടെ ഭംഗി ആസ്വദിക്കാത്തവര്‍ വിരളമായിരിക്കും. പിങ്കും റോസും ഓറഞ്ചും നിറങ്ങളില്‍ ഉദ്യാനങ്ങളെ അലങ്കരിക്കുന്ന ഈ പൂക്കള്‍ നല്ല വരുമാനം നേടിത്തരുന്നവയുമാണ്. കേരളത്തില്‍ ഏതാണ്ട് പതിമൂന്ന് ഇനങ്ങള്‍ വളര്‍ത്തുന്നുണ്ട്.

ആന്തൂറിയത്തിന്റെ ഇലകള്‍ക്ക് ചേമ്പിലയുടെ ആകൃതിയാണുള്ളത്. പൂക്കളുടെ മധ്യത്തിലായി തിരി പോലെയുള്ള ഭാഗമുണ്ട്. കേരളത്തില്‍ വന്‍തോതില്‍ കൃഷി ചെയ്യുന്നവര്‍ സൂര്യപ്രകാശം നിയന്ത്രിക്കാന്‍ ഒരുതരം വല കെട്ടി മറച്ചാണ് കൃഷി ചെയ്യുന്നത്.

പ്രധാന ഇനങ്ങള്‍

ആന്തൂറിയം ആന്‍ഡ്രിയാനവും ആന്തൂറിയം ഷെര്‍സെറിയാനവും ആണ് നമ്മള്‍ സാധാരണയായി പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നത്. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്നത് ആന്തൂറിയം ആന്‍ഡ്രിയാനമാണ്.

ചുവന്ന പൂക്കള്‍

ടെംപ്‌റ്റേഷന്‍, ട്രോപിക്കല്‍ റെഡ്, റെഡ് ഡ്രാഗണ്‍,വെര്‍ഡന്‍ റെഡ്, മൗറീഷ്യസ് റെഡ് എന്നിവയാണ് ചുവപ്പിലെ ഇനങ്ങള്‍.

 

ഓറഞ്ച് പൂക്കള്‍

മൗറീഷ്യസ് ഓറഞ്ച്, പീച്ച്, കാസിനോ, സണ്‍ഷൈന്‍, ഓറഞ്ച്, നിറ്റ എന്നിവയാണ് ഓറഞ്ചിലെ വ്യത്യസ്ത ഇനങ്ങള്‍.

വെളുത്ത പൂക്കള്‍

അക്രോപോളിസ്, ലിന്‍ഡ ഡി മോള്‍, മൗറീഷ്യസ് വൈറ്റ്, ലിമ, മനോവ മിസ്റ്റ് എന്നിവയാണ് വെള്ള ആന്തൂറിയങ്ങള്‍

പിങ്ക് പൂക്കള്‍

ആബെ പിങ്ക, കാന്‍ഡി സ്ട്രിപ്, പാഷന്‍ എന്നിവയാണ് പിങ്ക് പൂക്കള്‍.

 

പച്ച നിറമുള്ള ആന്തൂറിയം

മിഡോറി, എസ്മറാല്‍ഡ എന്നിവയാണ് ആന്തൂറിയത്തിലെ പച്ചപ്പൂക്കള്‍ വിരിയിക്കുന്ന ഇനങ്ങള്‍

ഇതില്‍ മൗറീഷ്യസ് റെഡിന് വിപണിയില്‍ നല്ല ഡിമാന്റുണ്ട്. വലുപ്പമുള്ള പൂവിതളും നല്ല ചുവപ്പും നിറവുമാണ് പ്രത്യേകത. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഇനമാണ് അഗ്നിഹോത്രി. തീയുടെ ചുവപ്പായിരിക്കും ഇതളുകള്‍ക്ക്. ചില്ലി റെഡും കേരളത്തില്‍ പ്രചാരത്തിലുണ്ട്. മുളകിന്റെ ചുവപ്പ് നിറമായിരിക്കും ഇതിന്. ഇത് കൂടാതെ ലിവര്‍ റെഡ് എന്ന മറ്റൊരു ഇനവും കൂടിയുണ്ട്. കരളിന്റെ ചുവപ്പാണ് ഈ പൂക്കള്‍ക്ക്. ക്യാന്‍ക്യാന്‍ എന്ന ഇനവും കേരളത്തില്‍ പ്രചാരത്തിലുള്ള ചുവന്ന ആന്തൂറിയമാണ്. ഇവയില്‍ മിക്കവയും ഹോളണ്ടില്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്.

അക്രോപോളീസ് എന്ന ഇനത്തിന് പ്രതിരോധ ശേഷി കൂടുതലാണ്. തണ്ടിന് നീളം കുറവാണ്. നല്ല വെളുത്ത പൂക്കള്‍ക്ക് വിപണിയില്‍ ആവശ്യക്കാരുണ്ട്.

ചിയേഴ്‌സ് എന്ന ഇനത്തിന് പിങ്ക് നിറമാണ്. നീളമുള്ള തണ്ടാണുള്ളത്. ഒരു ചെടിയില്‍ നിന്ന് ഏകദേശം 13 പൂക്കള്‍ ലഭിക്കുന്ന ഓറഞ്ച് നിറത്തിലുള്ള ആന്തൂറിയമാണ് സഗ്ലോ.

കൃഷി ചെയ്യുന്ന വിധം

ചട്ടിയില്‍ പോട്ടിങ്ങ് മിശ്രിതമായി ഓടിന്‍കഷണങ്ങളും കരിയുമാണ് നിറയ്ക്കുന്നത്. ചട്ടിയുടെ ചുവട്ടില്‍ രണ്ടോ മൂന്നോ ഇഞ്ച് പൊക്കത്തില്‍ വലുപ്പമുള്ള ഓടിന്‍കഷണങ്ങള്‍ ഇടാം. വെള്ളം നന്നായി വാര്‍ന്നുപോകാന്‍ സഹായിക്കും.

ഇതിന് മുകളിലായി ചെറിയ ഓടിന്‍കഷണങ്ങളും കരിയും കൂട്ടിക്കലര്‍ത്തി നിറയ്ക്കണം. ഇതില്‍ ചെടി നടാവുന്നതാണ്. ചെറുതായി മുറിച്ച് ചകിരി ഒഴിവാക്കിയ തൊണ്ട് വേരിന് സമീപം ഇട്ടുകൊടുക്കാം. ചട്ടിയില്‍ നിറയെ പോട്ടിങ്ങ് മിശ്രിതം ഇടരുത്. ആറ്റിലെ മണ്ണും ഉപയോഗിക്കാറുണ്ട്. ചെടി വളരുന്നതിനനുസരിച്ച് ഇവയെല്ലാം കൂട്ടിക്കലര്‍ത്തി ഇടാം.

വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍

ചട്ടികള്‍ ഒഴിവാക്കി തറയില്‍ കൃഷി ചെയ്യുന്നതാണ് നല്ലത്. നന്നായി കിളച്ച് മണ്ണ് പൊടിച്ചെടുക്കണം. ആറ്റിലെ മണ്ണ്, കരിയിലപ്പൊടി, ചകിരിച്ചോറ്, കമ്പോസ്റ്റ്, ചാരം, ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് എന്നിവയെല്ലാം അല്‍പം കലര്‍ത്തി സൂക്ഷിക്കാം. ആന്തൂറിയം നടാനായി തയ്യാറാക്കിയിരിക്കുന്ന സ്ഥലത്ത് ഈ വളക്കൂറുള്ള മാധ്യമം ഇട്ടശേഷം ചെടി നടാം. നടുമ്പോള്‍ 45 സെ.മീ അകലം പാലിക്കണം. ഏകദേശം 20 സെ.മീ പൊക്കമുള്ള തൈകള്‍ വേണം തറയില്‍ നട്ടുവളര്‍ത്താന്‍. നടുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് കുമിള്‍നാശിനിയില്‍ ഇട്ടുവെയ്ക്കാം.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് ആവശ്യം. നല്ല നീര്‍വാര്‍ച്ചയും ഉണ്ടായിരിക്കണം. വേരുചീയല്‍ രോഗവും ബാക്റ്റീരിയ മൂലമുള്ള രോഗബാധയും ആന്തൂറിയത്തിനുണ്ടാകാം. വേര് ചീയല്‍ നിയന്ത്രിക്കാന്‍ അക്കോമിന്‍ എന്ന കുമിള്‍നാശിനി മൂന്ന് മി.ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയുടെ ചുവട്ടില്‍ ഒഴിക്കാം.

ബാക്റ്റീരിയ രോഗമായ ബ്‌ളൈറ്റ് നിയന്ത്രിക്കാന്‍ മഞ്ഞള്‍പ്പൊടിയും സോഡിയം ബൈ കാര്‍ബണേറ്റും 10: 1 എന്ന അനുപാതത്തില്‍ യോജിപ്പിച്ച് ഒരു ലിറ്റര്‍വെള്ളത്തില്‍ ഒന്നര ഗ്രാം കലക്കി ആഴ്ചയില്‍ ഒരു പ്രാവശ്യം സ്‌പ്രേ ചെയ്യാം.

ആന്തൂറിയം ചെടികള്‍ക്ക് ജൈവവളവും രാസവളവും നല്‍കാവുന്നതാണ്. 19:19:19 എന്ന വളം രണ്ടു ഗ്രാം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ആഴ്ചയില്‍ ഒരിക്കല്‍ നല്‍കാം. 

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി