
നമ്മൾ ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ മതി ചിലപ്പോൾ മറ്റുള്ളവർക്ക് വലിയ സന്തോഷം നൽകാൻ. അത്തരം മനുഷ്യത്വപരമായ പെരുമാറ്റത്തിലൂടെയും ദയയിലൂടെയും ഒക്കെ തന്നെയാണ് ഈ ലോകം ഇങ്ങനെ പോകുന്നതും. ദിവസേന ഒരുപാട് ക്രൈം വാർത്തകളും മനസ് മടുപ്പിക്കുന്ന സംഭവങ്ങളും നമ്മുടെ കൺമുന്നിലെത്താറുണ്ട്. എന്നാൽ, അതുപോലെ തന്നെ മനുഷ്യരിലുള്ള പ്രതീക്ഷ വർധിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്.
അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. moamen12323 എന്ന യൂസറാണ് പോസ്റ്റിട്ടിരിക്കുന്നത്. അതിൽ തിരക്കേറിയ ഒരു ബസിൽ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് പറയുന്നത്. താൻ കയറിയ ബസിൽ വലിയ തിരക്കായിരുന്നു എന്നാണ് യുവാവ് എഴുതുന്നത്.
നേരത്തെ തന്നെ യുവാവിന് സീറ്റ് കിട്ടി. എന്നാൽ, ബസിൽ ഒരുപാടുപേർ നിൽക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ പ്രായമായ ഒരാളും ഉണ്ടായിരുന്നു. അയാൾക്ക് താൻ സീറ്റ് ഒഴിഞ്ഞുനൽകി എന്നാണ് യുവാവ് പറയുന്നത്. പിന്നീട് അവർ ഇരുവരും തമ്മിൽ നടന്ന സംഭാഷണമാണ് യുവാവിന്റെ ആ ദിവസം തന്നെ വളരെ വ്യത്യസ്തമായ ഒരു ദിവസമാക്കി മാറ്റിയത്.
ആ സമയത്ത് യുവാവും പ്രായം ചെന്ന മനുഷ്യനും തമ്മിൽ ചെറിയ ചില സംഭാഷണങ്ങളുണ്ടായി. അദ്ദേഹം പറഞ്ഞ ഒരു കാര്യമാണ് യുവാവിന്റെ മനസിനെ സ്പർശിച്ചത്. താൻ നാല് ദിവസമായി ആരോടെങ്കിലും സംസാരിച്ചിട്ട്, എന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്നതായിട്ടാണ് അയാൾ യുവാവിനോട് പറഞ്ഞത്.
ഈ സംഭാഷണം വളരെ സാധാരണയായി പോയിക്കൊണ്ടിരുന്ന തന്റെ ദിവസത്തെ ആകെ മാറ്റി എന്നാണ് യുവാവ് പറയുന്നത്. വളരെ ചെറുത് എന്ന് തോന്നുന്ന ചില പ്രവൃത്തികൾ വലിയ ചില അനുഭവങ്ങളാണ് നൽകുക എന്ന് തെളിയിക്കുന്നതാണ് യുവാവിന്റെ പോസ്റ്റ്.
ഒരുപാടുപേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവാവ് ആ മനുഷ്യനെ കേൾക്കാൻ കാണിച്ച മനഃസന്നദ്ധതയെ പലരും അഭിനന്ദിച്ചു. ഇങ്ങനെയുള്ള ആളുകളെയാണ് ഈ ലോകത്തിന് ആവശ്യം എന്ന് പ്രതികരിച്ചവരും ഒരുപാടുണ്ട്.