വൈദ്യുതി മുടങ്ങി, പിന്നാലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ജോലിയിൽ നിന്നും പിരിച്ച് വിട്ട് കമ്പനി, കുറിപ്പ് വൈറൽ

Published : Sep 12, 2026, 07:02 PM IST
Power outage

Synopsis

ഇന്ത്യയിലെ വൈദ്യുതി പ്രതിസന്ധി വർക്ക് ഫ്രം ഹോം ജീവനക്കാരുടെ തൊഴിൽ സുരക്ഷയെ സാരമായി ബാധിക്കുന്നു. തുടർച്ചയായ വൈദ്യുതി തടസ്സവും ഇന്റർനെറ്റ് പരാജയവും കാരണം ജോലി പൂർത്തിയാക്കാൻ കഴിയാതെ വന്ന ഐടി ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടു. ഈ സംഭവം കമ്പനികളുടെ മാനുഷിക പരിഗണനയെയും ജീവനക്കാരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

കാലാവസ്ഥ വ്യതിയാനം മൂലം മൺസൂണിലുണ്ടായ കുറവ് ഇന്ത്യയിലെ ജലവൈദ്യുത പദ്ധതികളെ പ്രതിസന്ധിയിലാക്കിയപ്പോൾ നേപ്പാളിലെ അപ്രതീക്ഷിത പ്രളയം ഇന്ത്യയിലെ കൽക്കരി വൈദ്യുതി നിലയങ്ങളെയും പ്രതിസന്ധിയിലാക്കി. ഇതോടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ വൈദ്യുതി തടസം ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. എന്നാൽ, ഈ വൈദ്യുതി തടസം നിരവധി പേരുടെ തൊഴിൽ സുരക്ഷയെ കൂടി ബാധിച്ച് തുടങ്ങിയിരിക്കുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പ്രതിസന്ധിയിലായത് വർക്ക് ഫ്രം ജീവനക്കാർ

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (Work From Home) ഐടി ജീവനക്കാരുടെ തൊഴിൽ സുരക്ഷയെക്കുറിച്ചാണ് വലിയ തോതിലുള്ള ആശങ്കയുയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിൽ ഒരു സോഫ്റ്റ്‌വെയർ പ്രൊഫഷണലിന് വൈദ്യുതി തടസം കാരണം ജോലി തന്നെ നഷ്ടപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർച്ചയായ ദിവസങ്ങളിലുണ്ടായ വൈദ്യുതി തടസ്സവും ഇന്‍റർനെറ്റ് പരാജയവും കാരണം പ്രധാനപ്പെട്ട പ്രൊജക്റ്റ് റിലീസ് പൂർത്തിയാക്കാൻ കഴിയാത്തതിനെ തുടർന്നാണ് കമ്പനി ഇയാളെ പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഒരേ കമ്പനിയിൽ യാതൊരുവിധ പരാതികൾക്കും ഇടനൽകാതെ ജോലി ചെയ്തു വരികയായിരുന്ന അഖിൽ എന്ന ജീവനക്കാരനാണ് ഈ ദുരനുഭവം നേരിട്ടത്.

തന്‍റെതല്ലാത്ത കുറ്റും, ഇനിയെന്ത് ചെയ്യും?

തന്‍റെ നിയന്ത്രണത്തിലല്ലാത്ത അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കാരണമാണ് ജോലി നഷ്ടപ്പെട്ടതെന്ന് വ്യക്തമാക്കി അഖിൽ എക്സിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഈ ആഴ്ചയിൽ മാത്രം തുടർച്ചയായി നാല് ദിവസങ്ങളിൽ പ്രദേശത്ത് കടുത്ത വൈദ്യുതി തടസ്സമുണ്ടായതാണ് തന്‍റെ ജോലി നഷ്ടപ്പെടാൻ കാരണമെന്ന് അദ്ദേഹം പറയുന്നു. പ്രധാനപ്പെട്ട ഒരു പ്രൊഡക്ഷൻ റിലീസ് നടക്കുന്ന സമയത്തായിരുന്നു പവർകട്ട്. ഇന്‍റർനെറ്റ് ബാക്കപ്പായി മൊബൈൽ ഹോട്ട്സ്പോട്ട് ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് അതും പരാജയപ്പെട്ടു. പ്രൊഡക്ഷൻ റിലീസ് മുടങ്ങിയതോടെ കമ്പനിയുടെ ക്ലയന്‍റ് വിഷയം ഒരു ഗുരുതരപ്രശ്നമായി മാനേജ്‌മെന്‍റിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ കമ്പനി മാനേജ്‌മെന്‍റ് അഖിലിന് പിരിച്ചുവിടൽ നോട്ടീസ് കൈമാറുകയായിരുന്നു. തന്‍റെ ഭാഗത്തുനിന്ന് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്നും പെട്ടെന്നുണ്ടായ ജോലി നഷ്ടത്തിൽ ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അഖിൽ എക്സിൽ കുറിച്ചു.

കുറച്ച് കൂടി മാനുഷിക പരിഗണനയാകാം

സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും ഐടി മേഖലയിലും വലിയ രീതിയിലുള്ള ചർച്ചകൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാർക്ക് വൈദ്യുതി തടസ്സം പോലെ അപ്രതീക്ഷിതമായിയുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളിൽ കമ്പനികൾ കൂടുതൽ മാനുഷിക പരിഗണന നൽകണമെന്നാണ് ഒരു വിഭാഗം വാദിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് മനഃപൂർവ്വമല്ലാത്ത വീഴ്ചകൾ ഉണ്ടാകുമ്പോൾ കടുത്ത നടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് അവരുടെ സാഹചര്യങ്ങൾ കൂടി വിലയിരുത്താൻ കമ്പനികൾ തയ്യാറാകണമെന്ന് നിരവധി പേർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നിർണ്ണായകമായ ഡെഡ്‌ലൈനുകളോ പ്രൊജക്റ്റ് റിലീസുകളോ ഉള്ള സമയങ്ങളിൽ വീട്ടിലെ ഇന്‍റർനെറ്റോ വൈദ്യുതിയോ തടസ്സപ്പെട്ടാൽ ജീവനക്കാർ മറ്റ് ബദൽ മാർഗ്ഗങ്ങൾ തേടേണ്ടതുണ്ടെന്ന് മറുവിഭാഗവും അഭിപ്രായപ്പെട്ടു. ഇത്തരം അടിയന്തിര സാഹചര്യങ്ങളിൽ ഓഫീസ് സന്ദർശിക്കുകയോ അടുത്തുള്ള കോ-വർക്കിംഗ് സ്‌പേസുകളെ ആശ്രയിക്കുകയോ ചെയ്യണമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

സർവകലാശാല വൈസ് പ്രിൻസിപ്പലായ അച്ഛനും ശിഷ്യയും തമ്മിൽ രഹസ്യബന്ധം; 86 പേജിന്‍റെ റിപ്പോർട്ട് പുറത്ത് വിട്ട് പെൺമക്കൾ, ചൈനയിൽ വിവാദം
വൈകുന്നേരം 5 മണിക്ക് ഉറക്കം, പുലർച്ചെ 1 മണിക്ക് ഉണരും! 106-ാം വയസ്സിലും വിസ്മയമായി ചൈനീസ് മുത്തശ്ശൻ