വാങും ഭാര്യ ഹോങ് ഐലാനും 80 വർഷത്തോളമാണ് ഒന്നിച്ചു ജീവിച്ചത്. ഇരുവരുടെയും പെരുമാറ്റവും പരസ്പര ബഹുമാനവും കാരണം നാട്ടുകാരുടെ 'മാതൃകാ ദമ്പതികൾ' ആയിരുന്നു ഇവർ.

വിചിത്രമെന്നു തോന്നാവുന്ന ദിനചര്യ കൊണ്ടും 80 വർഷം നീണ്ട ദാമ്പത്യജീവിതത്തിന്റെ മനോഹരമായ ഓർമ്മകൾ കൊണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചൈനയിൽ നിന്നുള്ള 106 വയസ്സുകാരൻ. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിൽ നിന്നുള്ള വാങ് ഡിങ്ഗാവോ എന്ന മുത്തശ്ശനാണ് ഈ പ്രായത്തിലും സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്ത് നാടിന് അത്ഭുതമാകുന്നത്. പ്രായത്തിന്റേതായ കേൾവിക്കുറവുണ്ടെന്നതൊഴിച്ചാൽ തികച്ചും ആരോഗ്യവാനാണ് വാങ്. 'സൗത്ത് ചൈന മോണിം​ഗ് പോസ്റ്റാ'ണ് ഇദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന ജീവിതരീതിയെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്.

വ്യത്യസ്തമായ 'റിവേഴ്സ് ഷെഡ്യൂൾ'

സാധാരണക്കാരായ ആളുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദിനചര്യയാണ് വാങ് പിന്തുടരുന്നത്. വൈകുന്നേരം 4 നും 5 നും ഇടയിൽ ഉറങ്ങാൻ കിടക്കുന്ന അദ്ദേഹം അർദ്ധരാത്രി 1 മണിക്ക് ഉണരും. പുലർച്ചെ 3 മണിക്ക് പ്രാതൽ കഴിച്ച് പ്രഭാതസവാരിക്കായി പുറപ്പെടും. പിതാവിന്റെ ഈ വേറിട്ട ശീലത്തിന് പൂർണ്ണ പിന്തുണയുമായി മകനുമുണ്ട്. ദിവസവും അതിരാവിലെ ഉണർന്ന് അച്ഛനായി പ്രാതൽ ഒരുക്കുന്നത് ഈ മകനാണ്. കുളിക്കുന്നതും തുണി അലക്കുന്നതും മുതൽ തുന്നൽ ജോലികൾ വരെ അദ്ദേഹം ഇപ്പോഴും സ്വയം ചെയ്യുന്നു. ഭക്ഷണകാര്യത്തിലും വാങ്ങിന് പ്രത്യേക നിർബന്ധങ്ങളൊന്നുമില്ല. കടൽവിഭവങ്ങളും പുഴ ഞണ്ടുകളുമാണ് പ്രിയപ്പെട്ട ആഹാരം. ചിലപ്പോഴൊക്കെ മകനൊപ്പം ചെറിയൊരു ഗ്ലാസ് 'ബൈജിയു' (ചൈനീസ് മദ്യം) കഴിക്കാനും അദ്ദേഹം മടിക്കാറില്ല. സന്തോഷകരമായ മനസ്സ്, കുടുംബബന്ധങ്ങളിലെ ഊഷ്മളത, കാര്യങ്ങൾ സ്വയം പഠിക്കാനും ജോലി ചെയ്യാനുമുള്ള താല്പര്യം എന്നിവയാണ് തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്ന് വാങ് പറയുന്നു.

നാലാം ക്ലാസ് വിദ്യാഭ്യാസം

നാല് വർഷത്തെ ഔപചാരിക വിദ്യാഭ്യാസം മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും പുതിയ കാര്യങ്ങൾ കണ്ടുപഠിക്കാനുള്ള വാങ്ങിന്റെ കൗതുകം അദ്ദേഹത്തെ ഒരു ബഹുമുഖ പ്രതിഭയാക്കി മാറ്റി. ചെറുപ്പത്തിൽ തന്നെ ഗ്രാമത്തിലെ കാഷ്യറായി നിയമിതനായ അദ്ദേഹം, ഗ്രാമീണരെ നിരീക്ഷിച്ച് പാചകം, മുള നെയ്ത്ത്, അരി കൊണ്ടുള്ള ശില്പകല എന്നിവയെല്ലാം സ്വായത്തമാക്കി.

തർക്കങ്ങൾ തീർക്കാൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം

വാങും ഭാര്യ ഹോങ് ഐലാനും 80 വർഷത്തോളമാണ് ഒന്നിച്ചു ജീവിച്ചത്. ഇരുവരുടെയും പെരുമാറ്റവും പരസ്പര ബഹുമാനവും കാരണം നാട്ടുകാരുടെ 'മാതൃകാ ദമ്പതികൾ' ആയിരുന്നു ഇവർ. കുടുംബങ്ങളിൽ തർക്കങ്ങളുണ്ടാകുമ്പോൾ പരിഹാരത്തിനായി അയൽവാസികൾ സമീപിച്ചിരുന്നത് ഇവരെയായിരുന്നു. ഇരുവരുടെയും സ്വഭാവത്തിൽ വലിയ വ്യത്യാസമുണ്ടായിരുന്നതായി മകൻ ഓർക്കുന്നു. അമ്മ പെട്ടെന്ന് കോപിക്കുന്ന സ്വഭാവക്കാരിയും അച്ഛൻ ശാന്തനുമായിരുന്നു. അമ്മ ദേഷ്യപ്പെടുമ്പോൾ അച്ഛൻ ഒട്ടും തർക്കിക്കാറില്ല. പകരം, പുഞ്ചിരിയോടെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കൊണ്ടുക്കൊടുത്ത് പറയും: "ആദ്യം ഈ വെള്ളം കുടിക്കൂ, എന്നിട്ട് ദേഷ്യം തുടരാം." ഈ ഒരൊറ്റ ചെറിയ പ്രവർത്തി കൊണ്ട് തന്നെ പലപ്പോഴും വീടുകളിലെ സംഘർഷങ്ങൾ ഇല്ലാതാകുമായിരുന്നു.

ഭാര്യയുടെ മരണശേഷം വാങ് ശാരീരികമായും മാനസികമായും തളർന്നെങ്കിലും മകന്റെ പരിചരണത്തിൽ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തി. വാങ്ങിന്റെ ജീവിതകഥ പുറത്തുവന്നതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. 2020 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 100 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള 1,19,000 ആളുകളാണ് ചൈനയിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ നൂറുവയസ്സുകാരുള്ള രാജ്യവും ചൈന തന്നെയാണ്.