
പൊതുവിടങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ, അതിനെയെല്ലാം കാറ്റിൽപ്പറത്തി അത്യപൂർവ്വമായ സത്യസന്ധത കാണിച്ചിരിക്കയാണ് മഹാരാഷ്ട്രയിലെ ഒരു ബസ് കണ്ടക്ടർ. ബസ്സിൽ വെച്ച് നഷ്ടപ്പെട്ട 24,000 രൂപ അടങ്ങിയ ബാഗ് രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിൽ ഉടമസ്ഥയായ വയോധികയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചിരിക്കുകയാണ് കണ്ടക്ടറായ രാജു വാണി.
സംഭവം ഇങ്ങനെ
2024-ൽ ഛത്രപതി സംഭാജിനഗറിനും വാഷിമിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് 75-കാരിയായ കസാബായ് ഗെയ്ക്‌വാദിന് തൻ്റെ പണവും പ്രധാനപ്പെട്ട മെഡിക്കൽ രേഖകളും അടങ്ങിയ ബാഗ് ബസ്സിൽ വെച്ച് നഷ്ടപ്പെടുന്നത്. യാത്ര കഴിഞ്ഞ് ബസ് ഡിപ്പോയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കണ്ടക്ടറായ രാജു വാണി ഉടമസ്ഥരില്ലാത്ത ഈ ബാഗ് കണ്ടെത്തുന്നത്. അദ്ദേഹം ഉടനടി ബാഗ് ബസ് ഡിപ്പോ മാനേജ്‌മെൻ്റിനെ ഏൽപ്പിക്കുകയും ചെയ്തു.
എന്നാൽ അവിടെക്കൊണ്ടും രാജു വാണി തൻ്റെ ശ്രമം അവസാനിപ്പിച്ചില്ല. ബാഗിലുണ്ടായിരുന്ന മെഡിക്കൽ രേഖകളിൽ കസാബായ് ഗെയ്ക്‌വാദ് എന്ന പേര് കണ്ട അദ്ദേഹം രണ്ട് വർഷത്തോളമായി ആ വയോധികയെ കണ്ടെത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
അവിചാരിതമായ കണ്ടുമുട്ടൽ
രണ്ട് വർഷങ്ങൾക്ക് ശേഷം അതേ റൂട്ടിൽ രാജു വാണി ഡ്യൂട്ടിയിലായിരുന്ന ബസ്സിൽ യാത്ര ചെയ്യാനായി കസാബായ് വീണ്ടും കയറി. ടിക്കറ്റ് പരിശോധനയ്ക്കിടെ ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ഈ യാത്രക്കാരി തന്നെയാണ് താൻ രണ്ട് വർഷമായി തിരയുന്ന കസാബായ് ഗെയ്ക്‌വാദ് എന്ന് രാജു വാണി തിരിച്ചറിയുന്നത്. തുടർന്ന് ഇവരെ ബസ് ഡിപ്പോയിൽ എത്തിച്ച്, അധികൃതരുടെ സാന്നിധ്യത്തിൽ നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെട്ടിരുന്ന പണവും രേഖകളും സുരക്ഷിതമായി കൈമാറി. വർഷങ്ങൾക്കുശേഷം തൻ്റെ പണം തിരികെ ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും അറിയിച്ച കസാബായ്, രാജു വാണിയുടെ സത്യസന്ധതയ്ക്ക് ആദരവായി 1,100 രൂപ സമ്മാനമായി നൽകുകയും ചെയ്തു.