
ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് പിന്നാലെ ഓഫീസിൽ ലാപ്ടോപ്പ് തിരികെ നൽകാൻ രണ്ടര വയസ്സുകാരനായ മകനുമായെത്തിയ ബെംഗളൂരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പല കമ്പനികളുടെയും യഥാർത്ഥ മുഖം ഇങ്ങനെയാണെന്നും ആ കമ്പനിയേക്കാളും പ്രാധാന്യം കുടുംബത്തിന് നൽകണം എന്നുമാണ് ഇദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. തനിക്ക് ജോലി നഷ്ടപ്പെട്ടെന്നും അവസാന ദിവസത്തെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കമ്പനിയുടെ ലാപ്ടോപ്പ് തിരികെ നൽകാനാണ് ഓഫീസിൽ എത്തിയതെന്നും യുവാവ് പറയുന്നു. അന്ന് ഭാര്യ ജോലിക്കായി പുറത്തുപോയതിനാലും വീട്ടിൽ കുട്ടിയെ നോക്കാൻ വേറാരും ഇല്ലാതിരുന്നതിനാലും രണ്ടരവയസ്സുകാരനായ മകനെയും കൂട്ടിയാണ് ഓഫീസിലെത്തിയത്.
ഓഫീസിലെത്തിയപ്പോൾ കുട്ടിയെ അകത്തേക്ക് പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. ഇത് തന്റെ അവസാനത്തെ ദിവസമാണെന്നും ലാപ്ടോപ്പ് ഏൽപ്പിച്ച് ഉടൻ മടങ്ങുമെന്നും വിശദീകരിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. ഒടുവിൽ സഹപ്രവർത്തകരിൽ ഒരാളെ വിളിച്ച് മകനെ നോക്കാൻ ഏൽപ്പിച്ച ശേഷമാണ് അകത്തേക്ക് പോയത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് തീരുമെന്ന് കരുതിയ കാര്യങ്ങൾ പൂർത്തിയാക്കാൻ 15 മിനിറ്റോളം എടുത്തു. ആ മുഴുവൻ സാഹചര്യവും തന്നെ മാനസികമായി വല്ലാതെ തളർത്തി എന്നും അദ്ദേഹം വ്യക്തമാക്കി.
കമ്പനി നിയമങ്ങൾ തെറ്റിച്ചുവെന്ന് താൻ കുറ്റപ്പെടുത്തുന്നില്ല, സന്ദർശകരെയും കുട്ടികളെയും സംബന്ധിച്ച് ഓഫീസുകൾക്ക് കർശനമായ നിയമങ്ങളുണ്ടെന്ന് തനിക്കറിയാം. എങ്കിലും ഈ സംഭവം ജോലിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പുനർചിന്ത നടത്താൻ തന്നെ പ്രേരിപ്പിച്ചു. 'ഒരു കമ്പനി വെറുമൊരു കമ്പനി മാത്രമാണ്. നിങ്ങളെ സംബന്ധിച്ച് നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾക്ക് വലിയ വിലയുണ്ടാകാം, പക്ഷേ കമ്പനിക്ക് അത് പ്രധാനമാകണമെന്നില്ല' എന്നും യുവാവ് കുറിച്ചു.
വർഷങ്ങളോളം രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തും കമ്പനിയെ സ്വന്തം കുടുംബം പോലെ കരുതിയും ജീവനക്കാർ ജോലി ചെയ്തേക്കാം. എന്നാലത് എക്കാലത്തും ഒരു ബിസിനസ്സ് കരാർ മാത്രമായിരിക്കുമെന്നും യുവാവ് പറയുന്നു. 'പഠിച്ച പാഠം ഇതാണ്: ജോലി പ്രധാനമാണ്, എന്നാൽ നിങ്ങളുടെ കുടുംബവും ജോലിക്കപ്പുറമുള്ള ജീവിതവുമാണ് അതിനേക്കാൾ പ്രധാനം' എന്നും യുവാവ് ഓർമ്മിപ്പിച്ചു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. യുവാവ് പറഞ്ഞത് വളരെ ശരിയാണ് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്.