130 വർഷം പഴക്കമുള്ള വീട് വാങ്ങി, പിന്നാലെ മുൻ ഉടമയുടെ കത്ത്, വീട്ടിൽ മദ്യശേഖരം, പതിറ്റാണ്ടുകൾ പഴക്കം! മൂന്ന് രഹസ്യ മുറികൾ, വീഡിയോ

Published : Nov 15, 2026, 08:52 AM IST
secret rooms in 130 year old victorian home

Synopsis

130 വർഷം പഴക്കമുള്ള വീട് വാങ്ങിയ ദമ്പതികൾക്ക് ലഭിച്ച ഒരു കത്തും അതിലൂടെ അവർ കണ്ടെത്തിയ രഹസ്യങ്ങളുമാണ് ഇതിൽ പറയുന്നത്. കാനഡയിൽ നിന്ന് ലഭിച്ച കത്തിലെ വിവരങ്ങൾ വെച്ച് വീട്ടിലെ മൂന്ന് രഹസ്യ അറകൾ ഇവർ കണ്ടെത്തുകയായിരുന്നു.

ഏറെ പ്രതീക്ഷകളോടെയാകും ഓരോരുത്തരും പുതിയൊരു വീട് സ്വന്തമാക്കുന്നത്. എന്നാൽ, അങ്ങനെ സ്വന്തമാക്കിയൊരു വീട്ടിൽ തങ്ങളറിയാത്ത ചില രഹസ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തി ഒരു കത്ത് ലഭിച്ചാൽ! അതെ ചിലപ്പോൾ 'കിളി'തന്നെ പോകും. അതുമൊരു 130 വർഷത്തോളം പഴക്കമുള്ള വീടാണ് വാങ്ങിയതെങ്കിൽ പ്രത്യേകിച്ചും. പറഞ്ഞ് വരുന്നത് ടിക് ടോക്കിൽ ഏതാണ്ട് 15 ലക്ഷത്തോളം പേർ കണ്ട ഒരു വീഡിയോയെ കുറിച്ചാണ്. കോർട്ട്നി, മാറ്റ് എന്നീ ദമ്പതികൾ, തങ്ങൾ പുതുതായി വാങ്ങിയ വിക്ടോറിയൻ ശൈലിയിലുള്ള വീട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യമുറികളെക്കുറിച്ച് വെളിപ്പെടുത്തുന്ന ഒരു കത്ത് കാനഡയിൽ നിന്നും ലഭിച്ചെന്ന് പറയുന്ന ഒരു വീഡിയോയായിരുന്നു അത്.

പുതുതായി വാങ്ങിയ 'പഴയൊരു' വീട്ടിലേക്കെത്തിയ കത്ത്!

തങ്ങളുടെ വീട് എവിടെയാണെന്ന് ദമ്പതികൾ വെളിപ്പെടുത്തുന്നില്ല. അതേസമയം ചരിത്ര പാരമ്പര്യമുള്ള മാഡിസൺ കുടുംബത്തിന്‍റെ കൈവശമുണ്ടായിരുന്ന 130 വർഷം പഴക്കമുള്ള ഒരു വീട് തങ്ങൾ വാങ്ങിയെന്നും പിന്നാലെ കാനഡയിൽ നിന്നും തങ്ങൾക്ക് ലഭിച്ച കത്തിൽ ആ വീട്ടിലെ ചില രഹസ്യങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നുണ്ടെന്നും മാറ്റ് വീഡിയോയിൽ പറയുന്നു. വീട് മുമ്പ് സ്വന്തമായിരുന്ന മാഡിസൺ കുടുംബത്തിലെ അവസാനത്തെ അംഗമാണ് എന്ന് കത്തെഴുതിയ ആൾ സ്വയം പരിചയപ്പെടുത്തുന്നു. പുതുതായി വാങ്ങിയ വീട്ട് വാങ്ങിയപ്പോൾ പറയാൻ വിട്ടുപോയ കാര്യമെന്ന ആ മുഖത്തോടെ തുടങ്ങുന്ന കത്തിൽ വീട്ടിലെ മൂന്ന് രഹസ്യ സ്ഥാനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു.

ആ മൂന്ന് രഹസ്യങ്ങൾ

കത്തിൽ വീട്ടിലെ മൂന്ന് രഹസ്യ സ്ഥലങ്ങളെ കുറിച്ചാണ് പരാമർശിച്ചിരുന്നത്. ദമ്പതികൾ ആദ്യം കണ്ടെത്തിയത് സ്വീകരണമുറിയിലെ അടുപ്പിന് മുകളിലായി കണ്ണാടി പാനലിന് പിന്നിൽ ഒളിപ്പിച്ചിരുന്ന ഒരു ചെറിയ സ്ഥലമാണ്. സ്ഥലം ചെറുതാണെങ്കിലും അവിടെ സൂക്ഷിച്ചിരുന്നത് പഴക്കം ചെന്നൊരു മദ്യശേഖരം! അതിൽ 1970 -ലെ ഫ്രഞ്ച് റോസ് വൈനും 1989 -ലെ കാബർനെറ്റ് സോവിഞ്ഞോൺ വൈനും ഉൾപ്പെടെ പഴക്കമുള്ള നിരവധി മദ്യക്കുപ്പികൾ അടുക്കി വെച്ചിരുന്നു. അടുത്ത സൂചന ബാത്ത്റൂമിലേക്കായിരുന്നു. ഭിത്തിയിലെ പാനലുകൾക്ക് പിന്നിൽ കണ്ടെത്തിയത് മുറിയല്ല, ഇടുങ്ങിയ തട്ടിൻപുറത്തോട് സാമ്യമുള്ള ഒരു രഹസ്യ സ്ഥലം. പഴക്കംചെന്നതും ജീർണിച്ചതുമായ ഈ ഭാഗത്തെ വീട്ടിലെ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമെന്നാണ് കോർട്ട്നി ഈ ഇടത്തെ വിശേഷിപ്പിച്ചത്. മൂന്നാമതായി ടോയ്ലറ്റിന് എതിർവശത്തെ ചെറിയ വാതിലിന് പിന്നിൽ വിശാലമായൊരു സംഭരണസ്ഥലവും കണ്ടെത്തി. ഈ സ്ഥലം എങ്ങനെ ഉപയോഗിക്കണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ദമ്പതികൾ പറഞ്ഞു. 130 വർഷം പഴക്കമുള്ള തങ്ങളുടെ പുതിയ വീട്ടിലെ രഹസ്യത്തെ കുറിച്ച് ദമ്പതികൾ വീഡിയോ പങ്കുവച്ചപ്പോൾ കണ്ടത് 15 ലക്ഷത്തോളം പേരും.

PREV
Read more Articles on
click me!

Recommended Stories

വിവാഹയാത്രയ്ക്കിടെ അപ്രതീക്ഷിത അപകടം; കാർ നെൽപ്പാടത്തേക്ക് മറിഞ്ഞു, ചെളിയിൽ മുങ്ങി വധു!
പാന്‍റിന്‍റെ പോക്കറ്റിൽ നിന്നും കുരങ്ങൻ അടിച്ചോണ്ട് പോയത് ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 81,800 രൂപ! പിന്നാലെ നോട്ടുകൾ വലിച്ചെറിഞ്ഞു, വീഡിയോ