മുറ്റം വൃത്തിയാക്കുന്നതിനിടെ കുഴിച്ചിട്ട നിലയിൽ പണത്തിന്റെ കെട്ടുകൾ, അന്തംവിട്ട് ദമ്പതികൾ

By Web TeamFirst Published Aug 7, 2022, 3:39 PM IST
Highlights

എല്ലാ നോട്ടും ഒരേ വർഷത്തിലേത് തന്നെയാണ് എന്നതാണ് അതിലെ ഏറ്റവും അത്ഭുതകരമായ കാര്യം. 1934 -ലെ $1,000 (79,365.50 Indian Rupee) ഇന്നത്തെ ഏകദേശം $21,000 (16,66,675.50 Indian Rupee) -ന് തുല്യമായിരിക്കുമെന്ന് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു.

വീടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കുന്ന നിലയിൽ പണം കണ്ടെത്തിയതിനെ തുടർന്ന് സ്തംഭിച്ച് ന്യൂജെഴ്സിയിലെ ദമ്പതികൾ. ഇന്നും ഇന്നലെയും ഒന്നുമുള്ളതല്ല ഈ പണം 1930 -കളിൽ നിന്നും ഉള്ളതാണ്. പണം കിട്ടിയിരുന്ന സ്ഥലത്ത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു എന്നാണ് പറയുന്നത്. തങ്ങളുടെ മുറ്റത്ത് അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിലാണ് ദമ്പതികൾ പണം കണ്ടെത്തിയത്. ഏകദേശം 80,000 രൂപയാണ് സൂസൻ- റിച്ച് ഗിൽസൺ ദമ്പതികൾ കണ്ടെത്തിയത്. 

ഇതെല്ലാം അച്ചടിച്ചിരിക്കുന്നത് 1934 -ലാണ്. അതായത് ആ പണം ഏകദേശം 80 വർഷമായി അവിടെ ഉണ്ടായിരുന്നിരിക്കണം എന്ന് വിശ്വസിക്കപ്പെടുന്നു. ഏതായാലും പണം കണ്ടതോടെ ഭാര്യയും ഭർത്താവും ഞെട്ടിപ്പോയി. അങ്ങനെ ഇരുവരും ചേർന്ന് ആ സ്ഥലത്ത് നേരത്തെ എന്തായിരുന്നു, എങ്ങനെ ആയിരുന്നു എന്നതിനെ കുറിച്ചെല്ലാം ചെറിയ അന്വേഷണം തന്നെ നടത്തി. 

അപ്പോഴാണ് മനസിലായത്, വൈൽഡ്‍വുഡിൽ സ്ഥിതി ചെയ്യുന്ന അവരുടെ വീട് 1920 -ൽ പണി കഴിപ്പിച്ചതാണ്. അത് നേരത്തെ ഒരു വേശ്യാലയം ആയിരുന്നു. നാല് വർഷം മുമ്പാണ് ​ഗിൽസൺ ആ കോട്ടേജ് വാങ്ങിയത്. മുറ്റത്ത് നിന്നും കുറച്ച് കല്ലുകളും മറ്റും മാറ്റാൻ തീരുമാനിച്ചതിന്റെ ഭാ​ഗമായി പണി ചെയ്യുകയായിരുന്നു ഇരുവരും. അതിന്റെ ഭാ​ഗമായി ഒരു എക്സ്കവേറ്ററും വാടകയ്ക്കെടുത്തു. 

നിലത്ത് മണ്ണിലായി എന്തോ ഒരു ഉരുണ്ട വസ്തു കിടക്കുന്നത് കണ്ടതോടെ തൽക്കാലത്തേക്ക് അദ്ദേഹം ജോലി നിർത്തി വച്ചു. ആദ്യം വേറെന്തോ ആണെന്നാണ് കരുതിയത്. അങ്ങനെ അത് കത്തിക്കാനുള്ള സ്ഥലത്തേക്ക് മാറ്റി. എന്നാൽ, പിന്നീട് സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് മുറുക്കി കെട്ടിവച്ച നിലയിലുള്ള പണത്തിന്റെ കെട്ടാണ് എന്ന് മനസിലായത്. അത് സി​ഗാർ കെട്ടി വച്ചതു പോലെയിരുന്നു എന്ന് ദമ്പതികൾ പറയുന്നു. 

എല്ലാ നോട്ടും ഒരേ വർഷത്തിലേത് തന്നെയാണ് എന്നതാണ് അതിലെ ഏറ്റവും അത്ഭുതകരമായ കാര്യം. 1934 -ലെ $1,000 (79,365.50 Indian Rupee) ഇന്നത്തെ ഏകദേശം $21,000 (16,66,675.50 Indian Rupee) -ന് തുല്യമായിരിക്കുമെന്ന് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു.

അവിടെ അയൽപക്കത്ത് തലമുറകളായി താമസിക്കുന്ന ആളുകളോടാണ് ദമ്പതികൾ ആ വീടിനെ കുറിച്ച് ചോദിച്ചത്. അവരാണ് അത് നേരത്തെ വേശ്യാലയം ആയിരുന്നു എന്ന കാര്യം പറയുന്നത്. ഏതായാലും ആ പണം എങ്ങനെ വന്നു എന്നോ ആരായിരിക്കാം അവിടെ വച്ചിരിക്കുക എന്നോ അറിയില്ല. ഏതായാലും ദമ്പതികളുടെ തീരുമാനം ആ പണം ചെലവഴിക്കേണ്ട എന്നാണത്രെ. 

click me!