
പലതരം വിചിത്ര സ്വഭാവമുള്ള പരാന്നഭോജികൾ ലോകത്തുണ്ട്. അതിലൊന്നിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. മത്സ്യത്തിന്റെ ശരീരത്തിലാണ് ഈ പരാന്നഭോജിയുള്ളത്. അതിന്റെ പേര് സൈമോത്തോവ എക്സിഗോവ. ഈ പരാന്നഭോജിയുടെ പ്രത്യേകത, ഇത് മത്സ്യത്തിന്റെ ചെകിളകളിലൂടെ പ്രവേശിച്ച് അതിന്റെ നാവ് ഭക്ഷിക്കുകയും, പകരം അവിടെ കയറി ഇരിക്കുകയും ചെയ്യുന്നു എന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ നാവ് തിന്നുന്ന പേൻ എന്നും വിളിക്കുന്നു. സൈമോത്തൈഡേ കുടുംബത്തിൽ പെട്ടതാണ് ഈ പരാന്നഭോജി. കാഴ്ചയിൽ മാത്രമല്ല പ്രവർത്തിയിലും അവൻ ഭീകരനാണ്.
മീനിന്റെ ചെകിളകൾ വഴി അകത്ത് കയറുന്ന അവ അതിന്റെ കൂർത്ത പല്ലുകൾ ഉപയോഗിച്ച് മത്സ്യത്തിന്റെ നാക്കിൽ ആഞ്ഞൊരു കടി കൊടുക്കുന്നു. തുടർന്ന് മുറിവിൽ നിന്ന് വരുന്ന രക്തം മുഴുവൻ ഊറ്റി കുടിക്കുന്നു. അടങ്ങാത്ത വിശപ്പോടെ ജീവി നാക്കിലെ രക്തം മുഴുവൻ ഊറ്റിയെടുക്കുന്നു. രക്തം വാർന്ന നാക്ക് ഇതോടെ നിർജ്ജീവമാവുകയും, പൊഴിഞ്ഞു വീഴാൻ കാരണമാവുകയും ചെയ്യുന്നു. തുടർന്ന് അറ്റു പോയ നാക്കിന്റെ ശേഷിക്കുന്ന ഭാഗത്തോട് ചേർന്ന് പരാന്നഭോജി മത്സ്യത്തിന്റെ പുതിയ നാവായി മാറുന്നു. മത്സ്യത്തിന്റെ കഫം ഭക്ഷിച്ചാണ് പിന്നീട് അവ ജീവിക്കുന്നത്. ഈ രീതിയിൽ പ്രവർത്തിക്കുന്ന ഒരേ ഒരു പരാന്നഭോജി കൂടിയാണിത്. പ്രവേശിക്കുന്ന ഹോസ്റ്റിന്റെ ശരീരത്തിലെ അവയവത്തെ പ്രവർത്തനരഹിതമാക്കി, സ്വയം ആ അവയവമായി മാറുന്ന രീതി ലോകത്തെ മറ്റൊരു പരാന്നഭോജിയിലും കാണാൻ സാധിക്കില്ല. ഹോസ്റ്റിൽ നിന്ന് വേർപെടുത്താൻ നോക്കിയാൽ, ചിലപ്പോൾ പരാന്നഭോജി കടിച്ചെന്നിരിക്കും. അല്ലാത്തപക്ഷം അത് അപകടകാരിയല്ല. മനുഷ്യർക്ക് ദോഷം ചെയ്യുകയില്ല.
ഗൾഫ് ഓഫ് കാലിഫോർണിയയുടെ തെക്ക് ഭാഗത്താണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പെൺ പരാന്നഭോജികൾക്ക് ഒരിഞ്ച് നീളവും ആൺ പരാന്നഭോജികൾക്ക് അതിന്റെ പകുതിയോളം നീളവും വരും. ഇത് കൂടുതലും സ്നാപ്പർ മീനുകളെയാണ് ലക്ഷ്യമിടുന്നത്. ഈ ജീവികൾ പുരുഷന്മാരായിട്ടാണ് തങ്ങളുടെ ജീവിതം ആരംഭിക്കുന്നത്. പിന്നീട് വലുതാകുമ്പോൾ ലിംഗഭേദം സംഭവിച്ച് പെണ്ണായി മാറുകയും ചെയ്യുന്നു.
ജൂണിലാണ് ഈ പരാന്നഭോജിയെ കണ്ടെത്തിയത്. യുകെയിലെ സഫോക്കിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ നിന്നായിരുന്നു അതിനെ കണ്ടെത്തിയത്. ഈ ചരക്ക് സഫോക്ക് കോസ്റ്റൽ പോർട്ട് ഹെൽത്ത് അതോറിറ്റി (SCPHA) നിരസിക്കുകയും, അതിനെ കയറ്റി അയച്ച രാജ്യത്തേക്ക് തന്നെ തിരിച്ചയക്കുകയും ചെയ്തു. യുകെയിൽ ഇതിന് മുൻപ് 2014 -ലും 2015 -ലുമാണ് ഈ പരാന്നഭോജിയെ കണ്ടിട്ടുള്ളത്.