
എവിടെയും എന്തിനും ഇന്ന് സെൽഫിയുണ്ട്. 2012 -ന്റെ അവസാനത്തോടെയാവണം ലോകത്ത് സെൽഫി ഇത്രയധികം സാധാരണമായി മാറിയത്. എവിടെയായിരുന്നാലും എങ്ങനെ ആയിരുന്നാലും ഒഴിവാക്കാൻ പറ്റാത്തതായി ഇന്ന് പലർക്കും സെൽഫി മാറിയിട്ടുണ്ട്.
അടുത്തിടെ അതുപോലെ ഒരു സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിന് കാരണമാവുകയുണ്ടായി. ഒരു ദമ്പതികളാണ് ആ സെൽഫി പകർത്തിയത്. അത് പകർത്തിയതാവട്ടെ അപ്പോൾ അപകടത്തിൽ പെട്ടുപോയൊരു വിമാനത്തിന്റെ തൊട്ടുമുന്നിൽ വച്ചും. ദമ്പതികൾ വീണിരിക്കുന്ന വിമാനത്തിന് മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നതാണ് ചിത്രത്തിൽ കാണാനാവുന്നത്.
പെറുവിലാണ് വിമാനാപകടം നടന്നത്. ആ വിമാനത്തിലെ യാത്രക്കാരായിരുന്നു ദമ്പതികൾ. എല്ലാവരേയും ഭയപ്പെടുത്തുന്ന ആ സാഹചര്യത്തിലും ദമ്പതികൾ അതിജീവിക്കാനായതിന്റെ സന്തോഷത്തിൽ സെൽഫി പകർത്തിയതാവണം. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ കടുത്ത ഭാഷയിൽ ദമ്പതികളെ വിമർശിച്ചു. ഇങ്ങനെ ഒരു അപകടത്തിന് പിന്നാലെ സെൽഫി പകർത്തിയത് അനുചിതമാണ് എന്നും പലരും പറഞ്ഞു.
പെറുവിലെ ലിമയിലെ ജോർജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ചയാണ് വിമാനം അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് ശേഷം ഒരു ഫയർ ട്രക്ക് പറന്നുയരുന്നതിനിടെ വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് വന്ന റിപ്പോർട്ടുകളിൽ അഗ്നിശമനാ ഉദ്യോഗസ്ഥരായ രണ്ടുപേർ സംഭവത്തിൽ മരിക്കുകയുണ്ടായി എന്നും പറയുന്നു. എന്നാൽ, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
എൻറിക് വാർസി-റോസ്പിഗ്ലിയോസി എന്നയാളാണ് ഏതായാലും അപകടത്തിന് തൊട്ടുപിന്നാലെ ഭാര്യയുമൊത്ത് നിൽക്കുന്ന സെൽഫി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'ജീവിതം നിങ്ങൾക്ക് രണ്ടാമതൊരു അവസരം കൂടി നൽകുമ്പോൾ' എന്നും അതിന് കാപ്ഷൻ നൽകിയിരുന്നു.
നിരവധിപ്പേർ ചിത്രം കണ്ടതോടെ ദമ്പതികളെ വിമർശിച്ച് മുന്നോട്ട് വന്നു. ഇങ്ങനെ ഒരു അവസരത്തിൽ സെൽഫി പോസ്റ്റ് ചെയ്തത് ഒട്ടും ശരിയായില്ല എന്നായിരുന്നു ഇവരുടെ അഭിപ്രായം. എന്നാൽ, അതേ സമയം തന്നെ, ചിലർ ദുരന്തങ്ങളെ അതിജീവിക്കുന്നതിനെ നോക്കിക്കാണുന്നത് ഇങ്ങനെ പൊസിറ്റീവ് ആയിട്ടാവാം എന്ന് അഭിപ്രായപ്പെട്ട് കൊണ്ട് ചിലർ അവരെ പിന്തുണയ്ക്കുകയും ചെയ്തു.