പിഞ്ചുകുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി അച്ഛനും അമ്മയും ന്യൂയോർക്കിലേക്ക് യാത്ര പോയി, ഒടുവിൽ അറസ്റ്റ്

By Web TeamFirst Published Nov 24, 2022, 2:12 PM IST
Highlights

കുട്ടിയുടെ അച്ഛനേയും അമ്മയേയും ബന്ധപ്പെടാനുള്ള ആദ്യത്തെ ശ്രമം പരാജയമായിരുന്നു. അവസാനം അച്ഛൻ അപാർട്മെന്റിലേക്ക് വിളിക്കുകയും താൻ രാവിലെ അപാർട്മെന്റിൽ നിന്നും ഇറങ്ങിയതാണ് എന്നും ഇപ്പോൾ അൽപം അകലെയാണ് എന്നും പറയുകയായിരുന്നു. 

പിഞ്ചുകുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി ദൂരയാത്രക്ക് പോയ അച്ഛനും അമ്മയും അറസ്റ്റിൽ. സംഭവം നടന്നത് സൗത്ത് കരോലിനയിലാണ്. അച്ഛനും അമ്മയും ന്യൂയോർക്കിലേക്ക് പോയപ്പോൾ രണ്ട് വയസുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കുകയായിരുന്നു. 

24 വയസുള്ള ഡൊണാൾഡ് ​ഗെകോം​ഗെ, ഡാർലിൻ അൽഡ്രിച്ച് എന്നിവരാണ് കുഞ്ഞിന്റെ മാതാപിതാക്കൾ. ഇവർക്കെതിരെ തിങ്കളാഴ്ചയാണ് ഷെരീഫ് അൽ കാനൻ ഡിറ്റൻഷൻ സെന്ററിൽ കേസെടുത്തത്. കുഞ്ഞിനോട് നിയമവിരുദ്ധമായി പെരുമാറി എന്നതാണ് കേസ്. 

പൊലീസ് പറയുന്നതനുസരിച്ച് നവംബർ പതിനേഴിനാണ് ചാൾസ്റ്റൺ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ ഒരു പിഞ്ചുകുഞ്ഞ് തനിച്ചാണെന്ന് അവർക്ക് വിവരം കിട്ടിയത്. അപാർട്മെന്റ് മാനേജർക്ക് കുട്ടിയുടെ അച്ഛനേയോ അമ്മയേയോ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഏതായാലും വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് ഇവിടെ എത്തുകയായിരുന്നു. 

പൊലീസ് എത്തുമ്പോൾ കുട്ടി തനിച്ച് വീട്ടിലെ ലിവിം​ഗ്‍റൂമിലെ കിടക്കയിൽ കിടക്കുകയായിരുന്നു. കുട്ടിയുടെ ഡയപ്പർ ചീത്തയായിരുന്നു എന്നതൊഴിച്ചാൽ കുട്ടിക്ക് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ പിന്നീട് പരിശോധിക്കുന്നതിന് വേണ്ടി അടുത്തുള്ള കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

കുട്ടിയുടെ അച്ഛനേയും അമ്മയേയും ബന്ധപ്പെടാനുള്ള ആദ്യത്തെ ശ്രമം പരാജയമായിരുന്നു. അവസാനം അച്ഛൻ അപാർട്മെന്റിലേക്ക് വിളിക്കുകയും താൻ രാവിലെ അപാർട്മെന്റിൽ നിന്നും ഇറങ്ങിയതാണ് എന്നും ഇപ്പോൾ അൽപം അകലെയാണ് എന്നും പറയുകയായിരുന്നു. 

പിന്നീട്, താൻ ഒരു ബിസിനസ് ആവശ്യത്തിന് വേണ്ടി ന്യൂയോർക്കിലാണ് എന്നും കുട്ടിയുടെ അമ്മ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ട് എന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് അത് തിരുത്തുകയും കുട്ടിയുടെ അമ്മയും ന്യൂയോർക്കിലാണ് എന്ന് സമ്മതിക്കുകയും ചെയ്തു. പിന്നാലെ ഇരുവരും അറസ്റ്റിലായി. ബുധനാഴ്ച വരെ, ഗെകോംഗും ആൽഡ്രിച്ചും ജയിലിലായിരുന്നു. ആൽഡ്രിച്ചിനെ 75,000 ഡോളർ ബോണ്ടിലും ​ഗെകോം​ഗിനെ $50,000 -ത്തിനും ആണ് തടവിലാക്കിയിരിക്കുന്നത്.

click me!