വീടുവിറ്റു താമസം ക്രൂയിസ് കപ്പലിലാക്കി, നാടുകൾ കണ്ട്, ജീവിതമാസ്വദിച്ച് ദമ്പതികൾ

By Web TeamFirst Published May 14, 2022, 3:16 PM IST
Highlights

വിരമിച്ച ശേഷം ചെലവ് ചുരുക്കി മുഴുവൻ സമയവും യാത്ര ചെയ്യാനുള്ള ഒരു മാർ​ഗം ഞങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്ന് ദമ്പതികൾ പറയുന്നു. 

യുഎസ്സിലെ സിയാറ്റിലിലു(Seattle, U.S)ള്ള ദമ്പതികൾ തങ്ങളുടെ വീട് വിറ്റു. എന്നിട്ട്, മുഴുവൻ സമയവും ഒരു ക്രൂയിസ് കപ്പലി(cruise ships)ൽ ജീവിക്കാനാരംഭിച്ചു. അവർ പറയുന്നത് ഏതെങ്കിലും കരയിൽ ഒരു വീട് വാങ്ങി ജീവിക്കുന്നതിലും നല്ലതാണ് ഇതെന്നാണ്. മാത്രവുമല്ല, ആഞ്ചലിനും റിച്ചാർഡ് ബർക്കിനും (Angelyn and Richard Burk) സമുദ്രയാത്ര ഇഷ്ടമായിരുന്നു, സമുദ്രയാത്രകൾ അവരുടെ സ്വപ്നമായിരുന്നു. വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ വർഷത്തിലൊരു തവണ എങ്കിലും സമുദ്രയാത്ര നടത്തുമെന്നും ഇരുവരും ഉറപ്പിച്ചിരുന്നു. 

കഴിഞ്ഞ വർഷം ഇരുവരും വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങി. ഒപ്പം തന്നെ മുഴുവൻ സമയവും ഒരു ക്രൂയിസ് കപ്പലിൽ കഴിയുന്നതിനെ കുറിച്ചും ഇരുവരും ചിന്തിച്ച് തുടങ്ങി. ലോയൽറ്റി മെമ്പർഷിപ്പ് എടുക്കുകയും സെയിൽ പീരിയഡിൽ വാങ്ങുകയും ചെയ്‍താൽ ഒരുദിവസം 3250 രൂപയേ ക്രൂയിസ് കപ്പലിൽ കഴിയുന്നതിന് ചെലവ് വരൂ എന്ന് ആഞ്ചലീൻ കണക്കുകൂട്ടി. 

തങ്ങൾക്ക് സമുദ്രയാത്ര ഇഷ്ടമായിരുന്നു. വിമാനത്തിലല്ലാതെ വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാനും സാധിക്കുമല്ലോ എന്ന് ആഞ്ചലീൻ പറയുന്നു. കരീബിയൻ കടലിൽ സഞ്ചരിക്കാൻ 1992 -ലാണ് ആഞ്ചലീൻ ആദ്യമായി ഒരു മെഗാ ഷിപ്പിൽ കയറുന്നത്. അപ്പോഴാണ് അവളുടെ സമുദ്രയാത്രകളോടുള്ള പ്രണയം ആരംഭിച്ചതും.

വിരമിച്ച ശേഷം ചെലവ് ചുരുക്കി മുഴുവൻ സമയവും യാത്ര ചെയ്യാനുള്ള ഒരു മാർ​ഗം ഞങ്ങൾ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു എന്ന് ദമ്പതികൾ പറയുന്നു. കയ്യിലൊതുങ്ങുന്ന കാശിന് അത് കണ്ടെത്തണം എന്നും ഉണ്ടായിരുന്നു. അങ്ങനെയാണ് ആഞ്ചലീൻ ഈ കണക്കുകൂട്ടലുകൾ നടത്തുന്നത്. അതിനുവേണ്ടി ദമ്പതികൾ ചെലവുകൾ ചുരുക്കിയും കാശ് നോക്കി ചെലവാക്കിയും ജീവിച്ചു. 

ഇപ്പോൾ തന്നെ ഇരുവരും 51 ദിവസം കപ്പലിൽ ചെലവഴിച്ചു. സിയാറ്റിലിൽ നിന്നും സിഡ്‍നിയിലേക്കായിരുന്നു ആ യാത്ര. ഇറ്റലി, ഐസ്‌ലാൻഡ്, കാനഡ, സിംഗപ്പൂർ, ബഹാമസ് എന്നിവിടങ്ങളാണ് ദമ്പതികളുടെ പ്രിയപ്പെട്ട സ്ഥലങ്ങൾ. ഒരുദിവസം 3250 രൂപയാണ് ഏകദേശം ചെലവ് വരുന്നത്. ഹോട്ടൽ ബുക്ക് ചെയ്യുക, റെസ്റ്റോറന്റ് കണ്ടെത്തുക തുടങ്ങിയ സങ്കീർണതകളില്ലാതെ ഇത് നടക്കുന്നുവെന്നും ആഞ്ചലീൻ പറയുന്നു. 

click me!