
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ എയര്‍ബിഎന്‍ബി വഴി ബുക്ക് ചെയ്ത താമസസ്ഥലത്ത് വെച്ച് ദമ്പതികളുടെ കിടപ്പറ ദൃശ്യങ്ങള്‍ മൂന്ന് ദിവസം ആതിഥേയന്‍ വീഡിയോയില്‍ പകര്‍ത്തിയെന്ന പരാതിയില്‍ എയര്‍ബിഎന്‍ബിക്ക് അനുകൂലമായി കോടതിവിധി. മൂന്ന് ദിവസത്തെ അവധിയാഘോഷിക്കാന്‍ എത്തിയപ്പോള്‍ തങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ രഹസ്യക്യാമറ വെച്ച് ആതിഥേയന്‍ പകര്‍ത്തിയെന്ന് കാണിച്ച് കോടതിയെ സമീപിച്ച ദമ്പതികള്‍ക്ക് എതിരെയാണ് അമേരിക്കയിലെ ഫ്‌ളോറിഡ സുപ്രീം കോടതിയുടെ വിധി വന്നത്.
എയര്‍ബിഎന്‍ബി താമസ സ്ഥലത്തെ പരാതികള്‍ പരിഹരിക്കേണ്ടത് കമ്പനി നിയോഗിക്കുന്ന മധ്യസ്ഥനാണെന്നാണ് എയര്‍ബിഎന്‍ബി വ്യവസ്ഥ. ഇതുപ്രകാരം, കോടതിയല്ല, മധ്യസ്ഥനാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്. പരാതികള്‍ കോടതി ഇടപെട്ട് പരിഹരിക്കണം എന്നായിരുന്നു ദമ്പതികളുടെ ആവശ്യം. എന്നാല്‍, പരാതിക്കാര്‍ എയര്‍ബിഎന്‍ബി വ്യവസ്ഥയില്‍ ഒപ്പുവെച്ചത് ചൂണ്ടിക്കാട്ടി, ആ വ്യവസ്ഥകള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നാണ് കോടതി വിധിച്ചത്.
അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് പരാതിക്കിടയായ സംഭവം നടന്നത്. ലോഡ്ജുകളും ഹോം സ്‌റ്റേകളും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന പ്‌ളാറ്റ്‌ഫോമാണ് എയര്‍ബിഎന്‍ബി. താരതമ്യേന കുറഞ്ഞ ചാര്‍ജും സുരക്ഷിതത്വവുമാണ് എയര്‍ബിഎന്‍ബിയെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നത്. അമേരിക്ക കേ്രന്ദമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലോകമെമ്പാടും ഇവരുടെ ശൃംഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള താമസസ്ഥലങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനാവും. അങ്ങനെയാണ് ഈ ദമ്പതികള്‍ ഫ്‌ളോറിഡയിലെ ലോംഗ്‌ബോട്ട് കീയിലെ വീട് ബുക്ക്‌ചെയ്തത്. ഇവിടെ എത്തി മൂന്ന് ദിവസം താമസിച്ച ദമ്പതികള്‍ അവസാനമാണ് തങ്ങളുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടതായി അറിഞ്ഞത്.
എയര്‍ബിഎന്‍ബി വഴി എത്തിയ താമസസ്ഥലത്ത് പലയിടങ്ങളിലായി ആതിഥേയന്‍ ഒൡക്യാമറകള്‍ സ്ഥാപിച്ചതായി ഇവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്ന് ദിവസത്തെ താമസത്തിനിടയ്ക്ക് കിടപ്പറ ദൃശ്യങ്ങളടക്കം രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് ആതിഥേയന്‍ പകര്‍ത്തി. അവസാന ദിവസമാണ് ഈ ക്യാമറകള്‍ കണ്ടെത്താനായത്. തുടര്‍ന്നാണ് ആതിഥേയനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനും എതിരെ ഇവര്‍ കോടതിയെ സമീപിച്ചത്. തങ്ങളുടെ സ്വകാര്യദൃശ്യങ്ങള്‍ രഹസ്യക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ സംഭവത്തില്‍ അടിയന്തിര നടപടി വേണമെന്നും നഷ്ടപരിഹാരം ആവശ്യമാണെന്നുമാണ് ഇവര്‍ പരാതിയില്‍ പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്താന്‍ എയര്‍ബിഎന്‍ബിക്ക് നിര്‍ദേശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന്, കീഴ്‌കോടതി ഇവരുടെ പരാതി പരിഗണിച്ചു. മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള തങ്ങളുടെ വ്യവസ്ഥകളില്‍ ദമ്പതികള്‍ ഒപ്പു വെച്ചതായി കമ്പനി വാദിച്ചു. ആ വ്യവസ്ഥകള്‍ പ്രകാരം, പരാതികള്‍ ഉണ്ടായാല്‍ കോടതികള്‍ക്ക് പുറത്ത് മധ്യസ്ഥന്‍ മുഖേനയാണ് പരിഹാരം കാണേണ്ടത് എന്നും കമ്പനി വാദിച്ചു. തുടര്‍ന്നാണ്, കോടതിക്ക് പുറത്ത് കമ്പനി നിശ്ചയിക്കുന്ന മധ്യസ്ഥന്‍ മുഖാന്തിരം പരാതി പരിഹരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിനെതിരെ ദമ്പതികള്‍ അപ്പീലിന് പോയി. തുടര്‍ന്നാണ് എയര്‍ബിഎന്‍ബിക്ക് അനുകൂലമായി ഫ്‌ളോറിഡയിലെ സുപ്രീം കോടതിയുടെ വിധി വന്നത്. കീഴ്‌ക്കോടതി വിധി ശരിവെച്ച സുപ്രീംകോടതി നമ്പതികളുടെ പരാതി കരാര്‍ വ്യവസ്ഥ പ്രകാരം മധ്യസ്ഥന് വിട്ടു. കോടതിക്ക് പുറത്തുവെച്ച് പരാതികള്‍ തീര്‍ക്കാനുള്ള എയര്‍ബിഎന്‍ബി വ്യവസ്ഥകള്‍ അംഗീകരിച്ച കോടതി എന്നാല്‍, വ്യവസ്ഥകളിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി.