വിവാഹമോചനം വേണം, ഒപ്പം ഫ്ലാറ്റിന്‍റെ 50% -വുമെന്ന് ഭർത്താവ്, കുടുംബം നോക്കിയത് താനെന്ന് ഭാര്യ; കോടതി വിധി ഭാര്യയ്ക്കൊപ്പം

Published : Mar 30, 2026, 09:48 AM IST
Divorce

Synopsis

48 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യയുടെ 'മേധാവിത്വം' കാരണം സിംഗപ്പൂരിൽ 70-കാരൻ വിവാഹമോചനത്തിന് ഹർജി നൽകി. എന്നാൽ, പതിറ്റാണ്ടുകളായി കുടുംബം പുലർത്തിയത് ഭാര്യയാണെന്ന് കണ്ടെത്തിയ കോടതി, ഫ്ലാറ്റിന്റെ 90 ശതമാനം ഓഹരിയും അവർക്ക് നൽകി വിധിച്ചു.

 

'കുടുംബനാഥ'യായിരുന്നു ഭാര്യയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിംഗപ്പൂരിൽ 70 -കാരൻറെ വിവാഹമോചന ഹർജി അനുവദിച്ച കോടതി. അദ്ദേഹത്തിന്‍റെ ഫ്ലാറ്റിന്‍റെ 90 ശതമാനവും ഭാര്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ചു. 70 -കാരനായ സിംഗപ്പൂരുകാരൻ ഭാര്യയുടെ 'മേധാവിത്വം' സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് 48 വർഷത്തെ വിവാഹ ബന്ധം ഉപേക്ഷിക്കാനായി വിവാഹമോചന ഹർജി നൽകിയത്. ഒപ്പം താനും അമ്മയുടെ ചേർന്ന് വാങ്ങിയ ഫ്ലാറ്റിന്‍റെ 50 ശതമാനം തനിക്ക് അവകാശപ്പെട്ടതാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. എന്നാൽ, കുടുംബം നോക്കാതെ സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന ആളായിരുന്നു ഭർത്താവെന്നും അദ്ദേഹം 24 വർഷമായി തന്നെ വിട്ട് ജീവിക്കുകയായിരുന്നെന്നും കുടുംബം തന്‍റെ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമാണ് മുന്നോട്ട് പോയതെന്നും ഭാര്യ കോടതിയെ അറിയിച്ചു. ഭാര്യയുടെ ഭാഗത്താണ് ന്യായമെന്ന് കണ്ടെത്തിയ കോടതി ഫ്ലാറ്റിന്‍റെ 90 ശതമാനം ഓഹരിയും ഭാര്യയ്ക്ക് നൽകാൻ ഉത്തരവായി.

ഭാര്യയുടെ ചെലവിൽ ജീവിതം

വിവാഹത്തിന് ഏഴ് വർഷം മുമ്പാണ് അദ്ദേഹവും അമ്മയും ചേർന്ന് മൂന്ന് ബെഡ് റൂമുകളുള്ള ഫ്ലാറ്റ് വാങ്ങിയത്. 2022 -ൽ അമ്മ മരിച്ചതോടെ ആ ഫ്ലാറ്റിന്‍റെ ഏക ഉടമ അദ്ദേഹമായി. അമ്മ മരിച്ചതിന് പിന്നാലെയാണ് അദ്ദേഹം വിവാഹമോചനത്തിന് ഹർജി നൽകിയത്. ഏഴുപതുകളുടെ അവസാനത്തോടെയായിരുന്നു അദ്ദേഹത്തിന്‍റെ വിവാഹം. എന്നാൽ 1990 -കൾക്ക് ശേഷം തനിക്ക് വീട്ടിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടെന്നും അതിനാൽ തനിക്ക് മാറിത്താമസിക്കേണ്ടിവന്നെന്നും അദ്ദേഹം കോടതിയിൽ അവകാശപ്പെട്ടു. എന്നാൽ, ഭർത്താവ് തന്നെ 2002 -ൽ ഉപേക്ഷിച്ച് പോയെന്ന് കാണിച്ച് ഭാര്യ അക്കാലത്ത് നൽകിയ പരാതി കോടതിയിൽ ഹാജരാക്കി. മാത്രമല്ല, ഭർത്താവ് 1995 ന് ശേഷം ജോലി ചെയ്തിട്ടില്ലെന്നും അത്തരം കാര്യങ്ങളിൽ താത്പര്യം കാണിക്കാതെ വീട്ടിൽ തന്നെ ഇരിക്കുകയായിരുന്നെന്നും അവർ ചൂണ്ടിക്കാണിച്ചു. ഒപ്പം കുടുംബത്തിന്‍റെ മെത്തം ഭാരം തന്‍റെ തലയിലായിരുന്നെന്നും ജോലിക്ക് പോയി വന്നതിന് ശേഷം കുട്ടുകളുടെ കാര്യമടക്കം എല്ലാം ചെയ്ത് വീട് നോക്കിയിരുന്നത് താനാണെന്നും ഭാര്യ കോടതിയിൽ അറിയിച്ചു. തന്‍റെ പണം പലപ്പോഴും ഭർത്താവ് മോഷ്ടിച്ച് സ്വന്തം കാര്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നെന്നും അവർ കോടതിയിൽ പറഞ്ഞു.

ഫ്ലാറ്റിന്‍റെ അവകാശം ഭാര്യയ്ക്ക്

എന്നാൽ, ഭാര്യയ്ക്ക് അധിക ഭാരം നൽകാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി താനാണ് കുട്ടികളെ നോക്കി വീടിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. പക്ഷേ, ഇപ്പോൾ കുട്ടികൾ അച്ഛനെ ഒന്ന് കാണാൻ പോലും തയ്യാറല്ലെന്നും അദ്ദേഹം ഒരിക്കൽ പോലും അവരുടെ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നില്ലെന്നും ഭാര്യയും വാദിച്ചു. മാത്രമല്ല, പലപ്പോഴും തന്‍റെ ഓഫീസിൽ വന്ന് ബഹളം വച്ചിരുന്ന അദ്ദേഹം വേലക്കാരിയുമായി രഹസ്യബന്ധം സൂക്ഷിച്ചിരുന്നത് താൻ പിടികൂടിയെന്നും ഭാര്യ കോടതിയോട് പറഞ്ഞു. ഇതോടെ ഭർത്താവ് സ്വന്തം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ ഭാര്യയുടെ സമ്പാദ്യം ഉപയോഗിച്ചാണ് ജീവിക്കുന്നതെന്ന് കണ്ടെത്തിയ കോടതി മൊത്തം സ്വത്തും ഭാഗം വയ്ക്കണമെന്നും വീടിന്‍റെ 90 ശതമാനവും ഭാര്യയ്ക്ക് അവകാശപ്പെട്ടതാണെന്നും വിധി പറയുകയായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

പുതപ്പുകൊണ്ട് സ്വയം ശരീരം പൊതിഞ്ഞു, മുകളിൽ മീൻവല, വീട്ടിൽ കുടുങ്ങിയത് മണിക്കൂറുകൾ, വില്ലനായി ഓൺലൈൻ ചലഞ്ച്
സ്വകാര്യ ആശുപത്രികളുടെ കൊള്ള, അനാവശ്യ മരുന്നും ടെസ്റ്റും; ശ്രദ്ധേയമായി പോസ്റ്റ്