
സാഹസികത ഇഷ്ടപ്പെടുന്ന ആളുകൾക്കായി ഒരു ട്രാവൽ ഏജൻസി തീർത്തും വ്യത്യസ്തമായ ഒരു കപ്പൽ യാത്ര വാഗ്ദാനം ചെയ്യുകയാണ്. നിരവധി കപ്പലുകളും, വിമാനങ്ങളും ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ ബെർമുഡ ട്രയാംഗിളിലേക്കാണ് (Bermuda Triangle) യാത്ര. ഇനി യാത്രക്കാർ സഞ്ചരിക്കുന്ന കപ്പൽ എങ്ങാനും അപ്രത്യക്ഷമായാൽ ട്രാവൽ ഏജൻസി മുഴുവൻ പണവും തിരികെ നൽകും എന്നതാണ് ഓഫർ.
യുഎസിന്റെ തെക്കുകിഴക്കൻ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഇതുള്ളത്. ബെർമുഡ, ഫ്ലോറിഡ, പ്യൂർട്ടോ റിക്കോ എന്നിവയ്ക്കിടയിൽ (between Bermuda, Florida and Puerto Rico) സ്ഥിതി ചെയ്യുന്ന ഏകദേശം ത്രികോണാകൃതിയിലുള്ള ഒരു പ്രദേശമാണിത്. നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇവിടെ നിരവധി കപ്പലുകള്‍ അപ്രത്യക്ഷമായതായി പറയപ്പെടുന്നു. ഈ ദുരൂഹ തിരോധങ്ങൾക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നായിരുന്നു പലരുടേയും വാദം. ശക്തമായ ചുഴലിക്കാറ്റ്, അന്യഗ്രഹജീവികളുടെ സാന്നിധ്യം, കാന്തികശക്തി തുടങ്ങിയ നിരവധി കാരണങ്ങളാണ് ഇതിന് വിശദീകരണമായി ഗവേഷകർ പറയുന്നത്. ഒരു പ്രത്യേക ഭൂഗുരുത്വാകർഷണം മൂലം കപ്പലുകൾ അവിടെയുള്ള ഒരു ചുഴിയിലേക്ക് വീഴുന്നതാണെന്നും പറയുന്നവരുണ്ട്. പ്രദേശത്തിന്റെ ഈ നിഗൂഢത കാരണം ഡെവിൾസ് ട്രയാംഗിൾ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.
എന്തായാലും ദുരൂഹത നിറഞ്ഞ ഇവിടേയ്ക്കാണ് സഞ്ചാരികളെ ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. രണ്ട് ദിവസത്തെ യാത്രയ്‌ക്കായി ഒരാളിൽ നിന്ന് 1.4 ലക്ഷം രൂപയാണ് ഈടാക്കുന്നത്. നോർവീജിയൻ പ്രൈമ ലൈനർ എന്ന ക്രൂയിസ് കപ്പലിലായിരിക്കും സഞ്ചാരികൾ പ്രദേശം ചുറ്റിക്കാണുന്നത്. ന്യൂയോർക്കിൽ നിന്ന് ബർമുഡയിലേക്കായിരിക്കും കപ്പൽ യാത്ര. കപ്പലിന്റെ അടിഭാഗം ഗ്ലാസ് ആയിരിക്കും. കൂടാതെ, യാത്രക്കിടയിൽ പ്രഗത്ഭരുടെ പ്രഭാഷണങ്ങളും, അവതരണങ്ങളും, സഞ്ചാരികൾക്കായുള്ള ചോദ്യോത്തരവേളകളും കമ്പനി സംഘടിപ്പിച്ചിട്ടുണ്ട്. പത്രപ്രവർത്തകനും യുകെ പ്രതിരോധ മന്ത്രാലയത്തിലുണ്ടായിരുന്നതുമായ നിക്ക് പോപ്പ്, പീറ്റർ റോബിൻസ്, എഴുത്തുകാരൻ നിക്ക് റെഡ്‌ഫേൺ തുടങ്ങിയവരായിരിക്കും പ്രസംഗിക്കുക.
യാത്രക്കിടെ കപ്പൽ അപ്രത്യക്ഷമായാൽ മുഴുവൻ തുകയും തിരികെ നൽകുമെന്നാണ് സംഘാടകർ വാഗ്ദാനം ചെയ്തിരിക്കുന്നത്. "ഈ ബെർമുഡ ട്രയാംഗിൾ ടൂറിൽ അപ്രത്യക്ഷമാവുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട. ടൂറിന് 100% റീഫണ്ട് ഉണ്ട്, നിങ്ങൾ അപ്രത്യക്ഷമാകുന്ന അവസരത്തിൽ നിങ്ങളുടെ പണം തിരികെ നൽകും" അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. കേൾക്കുമ്പോൾ ഒന്ന് ഞെട്ടുമെങ്കിലും, അവിടെ പോകാനും, അതിനെ കുറിച്ച് കൂടുതലായി അറിയാനും ആഗ്രഹിക്കുന്നവർ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത് ആളുകൾക്കിടയിൽ വലിയ ചർച്ചയായി മാറുകയാണ്. അതേസമയം ഇത്തരം യാത്രകൾ ഒരു പുതിയ സംഭവമൊന്നുമല്ല. ലോകമെമ്പാടുമുള്ള ഗവേഷകർക്കിടയിൽ ഇത് പ്രസിദ്ധമാണ്.
2017 -ൽ, ഓസ്‌ട്രേലിയയിൽ നിന്നുള്ള കാൾ ക്രൂസെൽനിക്കി എന്ന ശാസ്ത്രജ്ഞൻ ബെർമുഡ ട്രയാംഗിളിന്റെ നിഗൂഢത എന്നേക്കുമായി പരിഹരിച്ചതായി അവകാശപ്പെട്ടിരുന്നു. ബെർമുഡ ട്രയാംഗിളിൽ വിമാനങ്ങളും ബോട്ടുകളും ദുരൂഹമായി അപ്രത്യക്ഷമാകുന്നതിന് പിന്നിൽ അമാനുഷിക കാരണങ്ങളൊന്നുമില്ലെന്നാണ് സിഡ്‌നി സർവകലാശാലയിലെ കാൾ പറയുന്നത്. മോശം കാലാവസ്ഥയും, മനുഷ്യന് സംഭവിക്കുന്ന പിഴവുകളുമാണ് ഈ തിരോധനങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം അനുമാനിക്കുന്നു. മാത്രമല്ല, ബെര്‍മുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് വരുന്ന കഥകളിലേറെയും സത്യമല്ല എന്ന വാദവും നിലനില്‍ക്കുന്നുണ്ട്.