
അതിമനോഹരമായ ഒരു കൊച്ചു സ്കോട്ടിഷ് ദ്വീപിലെ (Scottish island) ഒരു പ്രൈമറി സ്കൂലേയ്ക്ക് പ്രധാനാധ്യാപകനെ/ അധ്യാപികയെ (Headteacher) തേടുന്നു. അതും സ്കൂളിൽ വെറും നാലേ നാല് വിദ്യാർത്ഥികളാണ് ഉള്ളത്. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അവസരമാണിതെന്ന് ഫൗല പ്രൈമറി സ്കൂൾ (Foula Primary School) പറയുന്നു.
ഷെറ്റ്‌ലാൻഡ് മെയിൻലാൻഡിൽ നിന്ന് 16 മൈൽ അകലെയുള്ള ഫൗല എന്ന ദ്വീപിലാണ് സ്കൂൾ. വെറും ഇരുപത്തെട്ട് ആളുകൾ മാത്രമാണ് ആ ദ്വീപിൽ താമസിക്കുന്നത്. നാലുവർഷത്തെ സേവനത്തിന് ശേഷം ഇപ്പോൾ ആ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ബെവർലി മാക്ഫെർസൺ പറയുന്നത്, ഇതൊരു സുഖമുള്ള ജോലിയാണ് എന്നാണ്. വാർഷിക ശമ്പളം അറുപത് ലക്ഷം രൂപയാണ്, കൂടാതെ താമസിക്കാൻ മൂന്ന് കിടപ്പുമുറികളുള്ള ഒരു വീടും വാടകയ്ക്ക് ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് ശരിയായ വീക്ഷണവും, ചുറുചുറുക്കും, എന്തും ചെയ്യാം എന്ന മനോഭാവവും ഉണ്ടായിരിക്കണമെന്ന് ഷെറ്റ്‌ലൻഡ് ഐലൻഡ്‌സ് കൗൺസിലിന്റെ പരസ്യം പറയുന്നു.
ഇംഗ്ലണ്ടിൽ വലിയ സ്‌കൂളുകൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ബെവർലി. എന്നാൽ, അവിടെയെല്ലാം താരതമ്യം ചെയ്യുമ്പോൾ ഇവിടെയാണ് ഏറ്റവും ജോലി കുറവെന്ന് അവർ പറയുന്നു. "എനിക്ക് ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും റിലാക്സ്ഡ് ആയ ഹെഡ്ടീച്ചർ ജോലിയാണിത്" അവർ പറഞ്ഞു. കുട്ടികളുടെ കുടുബങ്ങളുമായും തനിക്ക് നല്ല ബന്ധമാണ് എന്നവർ പറയുന്നു. ഒരു ദിവസത്തിൽ ആറ് മണിക്കൂറാണ് ജോലി. അതേസമയം ദ്വീപിൽ നേരം പോക്കാൻ വഴികൾ കുറവാണ്.
ദ്വീപിൽ കടകളോ പബ്ബുകളോ ഒന്നുമില്ല. എന്നാൽ ഇവിടെ വളരെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷമാണുള്ളതെന്ന് ബെവർലി പറയുന്നു. അവരുടെ വീടിരിക്കുന്ന സ്ഥലത്ത് മറ്റൊരു വീടില്ല. എന്നാൽ, അതിൽ അവർക്ക് ബുദ്ധിമുട്ടില്ല. കാരണം, ഈ ശാന്തതയും ഒറ്റപ്പെടലും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബെവർലി. ഒരു ക്ലാസ് മുറി മാത്രമാണ് സ്കൂളിലുള്ളത്. ആർട്ട് ടീച്ചർ, ഐടി ടീച്ചർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ എന്നിവരുൾപ്പെടെ നിരവധി പാർട്ട് ടൈം സ്റ്റാഫുകൾ പ്രധാനാധ്യാപകനെ പിന്തുണയ്ക്കാൻ ഉണ്ടാകും.
ഫൗലയ്ക്ക് അഞ്ച് മൈലിൽ താഴെയാണ് നീളം. ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ ദ്വീപ് നിവാസികൾ സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്നു. മൂന്ന് കാറ്റാടി യന്ത്രങ്ങൾ, ഒരു ഹൈഡ്രോ ജനറേറ്റർ, സോളാർ പാനലുകൾ എന്നിവ ഉപയോഗിച്ചാണ് ദ്വീപ് വൈദ്യുതി ഉണ്ടാക്കുന്നത്. ഷെറ്റ്‌ലാൻഡിൽ നിന്ന് ആഴ്‌ചയിൽ മൂന്ന് തവണ പുറപ്പെടുന്ന കടത്തുവള്ളമാണ് ഇവിടെയ്ക്ക് എത്താനുള്ള ഒരു വഴി. കൂടാതെ, ലെർവിക്കിന് പുറത്തുള്ള ടിംഗ്‌വാൾ എയർപോർട്ടിൽ നിന്ന് ദ്വീപിലേക്ക് പതിവ് ഫ്ലൈറ്റുകളുമുണ്ട്.
ദ്വീപിലെ നിവാസികൾ ഇപ്പോഴും ആധുനിക ഗ്രിഗോറിയൻ കലണ്ടറല്ല പിന്തുടരുന്നത്. പകരം ജൂലിയൻ കലണ്ടറാണ് പിന്തുടരുന്നത്. അതുകൊണ്ട് ജനുവരി 6 -നാണ് നിവാസികൾ ക്രിസ്മസ് ആഘോഷിക്കുന്നത്, ജനുവരി 13 -ന് പുതുവത്സര ദിനവും ആഘോഷിക്കുന്നു.