സ്പെയിനിൽ 'ക്രയിം​ഗ് റൂം', ആർക്കെങ്കിലും കരയാൻ തോന്നിയാൽ ആ മുറിയിലേക്ക് ചെല്ലാം!

By Web TeamFirst Published Oct 18, 2021, 3:53 PM IST
Highlights

ഒരാഴ്ച മുമ്പാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഒരു മാനസികാരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. 116 മില്യൺ ഡോളറിന്റെ ആ പദ്ധതിയിൽ 24 മണിക്കൂർ ആത്മഹത്യാ പ്രതിരോധ ഹെൽപ്പ് ലൈൻ പോലുള്ള സേവനങ്ങളും ഉൾപ്പെടുന്നു. 

നമ്മുടെ സമൂഹം കരയുന്ന ആളുകളെ ദുർബലരായിട്ടാണ് കണക്കാക്കുന്നത്. ഒരു പെൺകുട്ടി കരഞ്ഞാൽ ആളുകൾ അവളോട് സഹതപിച്ചെന്നിരിക്കും. എന്നാൽ, ഒരു ആൺകുട്ടി കരഞ്ഞാൽ, അയ്യേ നീയൊരു ആൺകുട്ടിയാണ്, ആൺകുട്ടികൾ കരയാൻ പാടില്ലെന്ന് പറഞ്ഞ് വിലക്കുന്നു. അതുകൊണ്ട് തന്നെ സ്ത്രീയും പുരുഷനും തങ്ങളുടെ സങ്കടങ്ങൾ മറ്റുള്ളവരുടെ മുന്നിൽ തുറന്ന് പറയാൻ മടിക്കുന്നു. എന്നാൽ, ഇങ്ങനെ കരച്ചിൽ അടക്കിപ്പിടിച്ച് ജീവിച്ചാൽ പിന്നീട് നമ്മളെ തേടിയെത്തുന്നത് ഗുരുതരമായ മാനസിക പ്രശ്നങ്ങളായിരിക്കും.

അതേസമയം, സ്പാനിഷ് സർക്കാർ ഇതിനൊരു പരിഹാരം കാണാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാകുന്ന സ്പെയിൻ(Spain) ഈയിടെ രാജ്യത്ത് 'ക്രയിങ് റൂം'(Crying Room) എന്ന പേരിൽ ഒരു പുതിയ പരിപാടി ആരംഭിച്ചു. ആർക്കെങ്കിലും വിഷമം തോന്നിയാൽ, അത് പുറത്ത് പറയാൻ സാധിക്കാത്ത പക്ഷം ഈ കരയുന്ന മുറിയിലേയ്ക്ക് കയറി ചെല്ലാം. അവിടെ ഒറ്റക്കിരുന്ന് മനസ്സ് തുറന്ന് കരയാം. അങ്ങനെ മനസ്സിന്റെ ഭാരം കുറക്കാം. അവിടെ വച്ചിരിക്കുന്ന ഫോണിൽ നമുക്ക് ആരെ വേണമെങ്കിലും വിളിച്ച് സംസാരിക്കാം.  

ഒരാഴ്ച മുമ്പാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഒരു മാനസികാരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. 116 മില്യൺ ഡോളറിന്റെ ആ പദ്ധതിയിൽ 24 മണിക്കൂർ ആത്മഹത്യാ പ്രതിരോധ ഹെൽപ്പ് ലൈൻ പോലുള്ള സേവനങ്ങളും ഉൾപ്പെടുന്നു. "ഇത് ഒരു മോശം കാര്യമല്ല. മറിച്ച്, പൊതുജനാരോഗ്യത്തിന്റെ കാര്യമാണ്. നമ്മൾ അതിനെ കുറിച്ച് സംസാരിക്കണം, പ്രവർത്തിക്കണം" അദ്ദേഹം പദ്ധതി ആരംഭിച്ചപ്പോൾ പറഞ്ഞു. 

ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10 -നാണ് പദ്ധതി ആരംഭിച്ചത്. സെൻട്രൽ മാഡ്രിഡിലാണ് ക്രയിങ് റൂം സ്ഥാപിച്ചിട്ടുള്ളത്. 2019 -ൽ 3,671 പേരാണ് സ്പെയിനിൽ ആത്മഹത്യ ചെയ്തത്. സർക്കാർ കണക്കുകൾ പ്രകാരം,10 കൗമാരക്കാരിൽ ഒരാൾക്ക് മാനസികാസ്വാസ്ഥ്യവും, മൊത്തം ജനസംഖ്യയുടെ 5.8% ഉത്കണ്ഠയും അനുഭവിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു പദ്ധതി അവിടെ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.  

click me!