
വളരെ വിചിത്രമായ അനേകം വാർത്തകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറും നമ്മളത് കണ്ട് അന്തം വിടാറുമുണ്ട്. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ യുഎസ്സിൽ നിന്നും വരുന്നത്. പൊട്ടിപ്പൊളിഞ്ഞ ഒരു മതിൽ ഒരാൾ 41 ലക്ഷം രൂപയ്‍ക്ക് വിൽക്കാൻ വച്ചതാണ് വാർത്ത.
വാഷിംഗ്ടൺ ഏരിയയിലെ ജോർജ്ജ്ടൗണിലാണ് ഈ ലക്ഷങ്ങൾ വില മതിക്കുന്ന മതിൽ. ഈ ഭാഗത്ത് വീടുകൾക്കും മറ്റും മിനിമം വില 13 കോടി വരും. മതിലിന്റെ ചിത്രം കാണുന്നവർ അത് വീട് മൊത്തം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതാണ് എന്നാണ് കരുതിയിരുന്നത്. അതിനാൽ തന്നെ ഇത്ര കുറഞ്ഞ വിലയ്ക്ക് വീട് കിട്ടുന്നു എന്നത് അവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. എന്നാൽ, സത്യത്തിൽ നടന്നത് വേറൊന്നായിരുന്നു.
41 ലക്ഷത്തിന് ഈ കണ്ണായ സ്ഥലത്ത് വീട് സ്വന്തമാക്കാം എന്ന് കരുതി എത്തിയിരുന്നവർ അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത് പൊട്ടിപ്പൊളിഞ്ഞ ഒരു മതിൽ മാത്രമാണ് വിൽപനയ്ക്ക് ഉള്ളത് എന്ന്. വീടിന്റെ ഉടമസ്ഥനായ അലന്റെ അവഗണന കാരണമാണ് മതിലിന്റെ അവസ്ഥ വളരെ മോശമായിത്തീർന്നത്. ഇത് അലന്റെ വീടിനെയും ബാധിക്കാൻ തുടങ്ങിയതോടെ അയാൾ ഒരു എഞ്ചിനീയറെ വിളിച്ച് അത് പരിശോധിക്കാൻ ആവശ്യപ്പെട്ടു. മതിലിന്റെ മോശം അവസ്ഥ കാരണമാണ് വീടും ഇത്തരം അവസ്ഥയിലേക്ക് മാറിയത് എന്ന് എഞ്ചിനീയർ അറിയിച്ചു.
ആദ്യം ഒരു അയൽക്കാരൻ 600 ഡോളറിന് ഈ മതിൽ വാങ്ങാൻ തയ്യാറായിരുന്നു. എന്നാൽ, അലൻ ആവശ്യപ്പെട്ടത് 50000 ഡോളറായിരുന്നു. അതോടെ അയൽക്കാരൻ പിന്മാറി. പിന്നാലെയാണ് അത് വേറെ തരത്തിൽ വിൽക്കാൻ അലൻ ശ്രമിച്ച് തുടങ്ങിയത്. ഏതായാലും പൊട്ടിയിരിക്കുന്ന ഈ മതിൽ 41 ലക്ഷത്തിന് വാങ്ങാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല.