
കരകവിഞ്ഞ് അതിശക്തമായ കുത്തിയൊഴുകുന്ന നദി, വാഹനത്തിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ വാഹനത്തോടെ ഒലിച്ച് പോയി. ചുറ്റും ഉണ്ടായിരുന്നവരുടെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ അഭ്യാസ പ്രകടനം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുത്തൊഴുക്കിൽപ്പെട്ട് മഹീന്ദ്ര എസ്‌യുവിയും വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേരും ഒഴുകി പോകുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഏറെ അസ്വസ്ഥത ഉളവാക്കുന്ന ഈ വീഡിയോ ദൃശ്യങ്ങളിൽ വാഹനം വെള്ളത്തിനടിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കാണാം.
വീഡിയോ ദൃശ്യങ്ങളുടെ തുടക്കത്തിൽ അതിശക്തമായി കുത്തിയൊലിച്ച് ഒഴുകുന്ന ഒരു നദി കാണാം. നദിയുടെ മറുവശത്തായി ഏതാനും ആളുകൾ കൂടി നിൽക്കുന്നു. രണ്ടുപേർ മഹീന്ദ്ര എസ്‌യുവിയിൽ നദി മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും കാണാം. അപകടകരമാണെന്ന് ചുറ്റുമുള്ളവർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അത് വകവയ്ക്കാതെ അവർ വാഹനം മുന്നോട്ടെടുക്കുകയും ഏതാനും നിമിഷങ്ങൾക്കകം കുത്തൊഴുക്കിൽ പെട്ടുപോവുകയുമായിരുന്നു. വാഹനം നദിയിലേക്ക് പൂർണമായി മറിഞ്ഞുവീഴുകയും വെള്ളത്തിനടിയിലേക്ക് മുങ്ങി പോവുകയും ചെയ്യുന്നു. തുടർന്ന് കുറച്ചു ദൂരം ഈ വാഹനം വെള്ളത്തിലൂടെ ഒഴുകി പോകുന്നതും കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് വാഹനത്തിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അതിൽ പിടിച്ചുനിൽക്കുന്ന ദൃശ്യങ്ങൾ. എന്നാൽ, ഡ്രൈവറെ വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നില്ല.
ചണ്ഡീഗഡിനടുത്തുള്ള നയാഗോണിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ അവസ്ഥയെക്കുറിച്ചും സ്ഥിരീകരിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കൂടാതെ ഈ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണ് എന്നതിനെക്കുറിച്ചും സമൂഹ മാധ്യമ ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ചു. അതേസമയം, സമാനമായ മറ്റൊരു സംഭവത്തിൽ, ഒഡീഷയിൽ കൊരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് 22 വയസ്സുള്ള ഒരു യൂട്യൂബറെ കഴിഞ്ഞ ദിവസം കാണാതായി. ബെർഹാംപൂരിൽ നിന്നുള്ള സാഗർ ടുഡു എന്ന യുവാവ് തന്‍റെ യൂട്യൂബ് ചാനലിനായി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടയിൽ സമീപത്തെ അണക്കെട്ട് തുറന്ന് വിടുകയായിരുന്നു. പെട്ടെന്ന് നദിയിലെ ജലനിരപ്പ് ഉയരുകയും ഇയാൾ ശക്തമായ ഒഴുക്കില്‍പ്പെട്ട് പോവുകയുമായിരുന്നു.