
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തന്‍റെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി മാതൃകയാകുകയാണ് പ്രമുഖ ഇന്ത്യൻ ശതകോടീശ്വരനും ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനുമായ റിസ്‌വാൻ സാജൻ. മേഖലയിലെ സംഘർഷങ്ങൾ തന്‍റെ സ്ഥാപനത്തിലെ 6,000 -ത്തിലധികം വരുന്ന ജീവനക്കാരുടെ ജോലിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നൽകി. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
"നല്ല സമയങ്ങളിൽ എല്ലാവരും വളർച്ചയെക്കുറിച്ച് സംസാരിക്കും. എന്നാൽ, പ്രയാസകരമായ സമയങ്ങളിലാണ് നിങ്ങളുടെ മൂല്യങ്ങൾ പരീക്ഷിക്കപ്പെടുന്നത്," സാജൻ തന്‍റെ ഇന്‍സ്റ്റാഗ്രാമിൽ എഴുതി. ഡാന്യൂബ് ഗ്രൂപ്പിനെ ഇന്നത്തെ നിലയിൽ കെട്ടിപ്പടുത്തത് ജീവനക്കാരുടെ കഠിനാധ്വാനമാണെന്നും അതിനാൽ ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുക എന്നത് തന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയിൽ പിരിച്ചുവിടലുകൾ ഉണ്ടാവില്ലെന്നും എല്ലാ ജീവനക്കാർക്കും ശമ്പളം കൃത്യസമയത്ത് തന്നെ വിതരണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ജീവനക്കാരെ ചേർത്തുപിടിക്കാനുള്ള റിസ്‌വാൻ സാജന്‍റെ തീരുമാനത്തെ പ്രശംസകൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. "ഇത് വെറും 6,000 ജീവനക്കാരല്ല, മറിച്ച് 6,000 കുടുംബങ്ങളാണ്. നിങ്ങളൊരു യഥാർത്ഥ നായകനാണ്" എന്ന് ഒരാൾ കുറിച്ചു. പലരും ഇതൊരു "യഥാർത്ഥ വിജയം" എന്നാണ് വിശേഷിപ്പിച്ചത്. സ്വന്തം ആളുകൾക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്‍റെ ശൈലിയെ ഒരു മികച്ച മനുഷ്യസ്‌നേഹിയുടേതെന്നാണ് പലരും അടയാളപ്പെടുത്തിയത്.
1993 -ൽ ഏതാനും ആയിരം ദിർഹംസുമായി ദുബായിൽ എത്തിയ റിസ്‌വാൻ സാജന്‍റെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. ഒരു ഹാർഡ്‌വെയർ കടയിലെ ജോലിയിൽ നിന്നാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്. പിന്നീട് ഡാന്യൂബ് എന്ന ചെറിയ ട്രേഡിംഗ് സ്ഥാപനം തുടങ്ങുകയും 2014 -ൽ ഡാന്യൂബ് പ്രോപ്പർട്ടീസ് സ്ഥാപിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. ഷാരൂഖ് ഖാന്‍റെ പേരിൽ 55 നിലകളുള്ള വാണിജ്യ ഗോപുരം നിർമ്മിച്ച് അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ന് 5.13 ബില്യൺ ദിർഹംസ് വാർഷിക വരുമാനമുള്ള ഡാന്യൂബ് ഗ്രൂപ്പിന് യുഎഇക്ക് പുറമെ ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, ചൈന തുടങ്ങിയ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. ഫോബ്‌സ് മിഡിൽ ഈസ്റ്റിന്‍റെ 2025 -ലെ ഏറ്റവും സ്വാധീനമുള്ള 10 റിയൽ എസ്റ്റേറ്റുകാരിൽ ഒരാളായും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.