അമ്മയ്ക്ക് ഇഷ്ടപ്പെട്ട കണ്ണാടിക്ക് വില ഒരു ലക്ഷം, മടികൂടാതെ വാങ്ങി നൽകി മകൻ; ഈ സ്നേഹം അമ്മ ഒരിക്കലും മറക്കില്ലെന്ന് നെറ്റിസെന്‍സ്

Published : Apr 02, 2026, 12:03 PM IST
glasses

Synopsis

ദില്ലി സ്വദേശിയായ സാഹിൽ രാജ് കുമാർ തന്‍റെ അമ്മയ്ക്ക് 1.1 ലക്ഷം രൂപയുടെ കണ്ണട സമ്മാനിക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വൈകാരിക അനുഭവമാണ് എക്സിലൂടെ പങ്കുവെച്ചത്. മകന്‍റെ ഉയർന്ന വരുമാനത്തെക്കുറിച്ച് അറിയാതെ, വിലക്കൂടുതൽ കാരണം അമ്മ ആദ്യം നിരസിച്ചെങ്കിലും, ഒടുവിൽ മകന്റെ സ്നേഹത്തിന് മുന്നിൽ സമ്മതിച്ചു. ഈ ഹൃദയസ്പർശിയായ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ മനോഹരമായ ഒരു കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദിക് ക്രാഫ്റ്റ് (VedicCraft) മാനേജിംഗ് ഡയറക്ടറും ട്രേഡറുമായ സാഹിൽ രാജ് കുമാർ തന്‍റെ അമ്മയുമായിട്ടുണ്ടായ രസകരവും വൈകാരികവുമായ അനുഭവമാണ് എക്സിലൂടെ പങ്കുവെച്ചത്. സാമ്പത്തികമായി നല്ല നിലയിലാണെങ്കിലും സ്വന്തം ആവശ്യങ്ങൾക്കായി അനാവശ്യമായി പണം ചിലവാക്കാത്ത സ്വഭാവമായിരുന്നു സാഹിലിന്‍റെ അമ്മയ്ക്ക്. അടുത്തിടെ കണ്ണട വാങ്ങാൻ പോയ അവർ ഒരു ജോഡി കണ്ണട ഇഷ്ടപ്പെടുകയും അത് മകനെ വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തു. എന്നാൽ, ആ കണ്ണടയുടെ വില ഏകദേശം 1,200 ഡോളർ (ഏകദേശം 1.1 ലക്ഷം രൂപ) ആണെന്ന് അറിഞ്ഞതോടെ, ഇത്രയും വലിയ തുക ചിലവാക്കാൻ അവർ തയ്യാറായില്ല.

തന്‍റെ സമ്പാദ്യം ആ പരിധികൾ കടന്നെന്ന് മകൻ

അമ്മയുടെ സ്വഭാവം അറിയാവുന്ന സാഹിൽ അത് താൻ സമ്മാനമായി വാങ്ങി നൽകാമെന്ന് പറഞ്ഞു. എന്നാൽ, മാസത്തിൽ 5-6 ലക്ഷം രൂപ എങ്കിലും സമ്പാദിക്കുന്ന കാലത്ത് ഇത്തരം ആഡംബരങ്ങൾ വേണ്ടെന്നായിരുന്നു അമ്മയുടെ ഉപദേശം. തന്‍റെ മകൻ ഇതിനോടകം തന്നെ ആ പരിധിക്കപ്പുറം സമ്പാദിക്കുന്നുണ്ടെന്ന് ആ അമ്മ സത്യത്തിൽ അറിഞ്ഞിരുന്നില്ല. താൻ അതിലും വലിയ തുക പ്രതിമാസം സമ്പാദിക്കുന്നുണ്ടെന്ന് അമ്മയെ വിശ്വസിപ്പിക്കാൻ സാഹിലിന് പിന്നീട് 30 മിനിറ്റോളം അമ്മയോട് സംസാരിക്കേണ്ടി വന്നു. ഒടുവിൽ മകന്‍റെ വളർച്ച മനസ്സിലാക്കിയ അമ്മ സന്തോഷത്തോടെ ആ സമ്മാനം സ്വീകരിക്കാൻ തയ്യാറായി.

 

 

ഈ സ്നേഹം അമ്മയെന്നും ഓർക്കുമെന്ന് നെറ്റിസെന്‍സ്

സാഹിൽ പങ്കുവെച്ച ഈ കുറിപ്പ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായതെന്ന് മാത്രമല്ല, നിരവധി ആളുകളെ അത് വൈകാരികമായി സ്പർശിക്കുകയും ചെയ്തു."നിങ്ങൾ ഒരു നല്ല മകനാണ്, എന്‍റെ അമ്മയെ ഈ കഥ ഓർമ്മിപ്പിച്ചു" എന്ന് പലരും കുറിച്ചപ്പോൾ, "അമ്മ ആ കണ്ണട അലമാരയിൽ സൂക്ഷിച്ചുവെച്ച് വരുന്നവരോടൊക്കെ മകൻ വാങ്ങിക്കൊടുത്തതാണെന്ന് അഭിമാനത്തോടെ പറയും" എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. നേരത്തെ, ലക്ഷങ്ങൾ ശമ്പളമുള്ള ഒരു മലയാളി സി.ടി.ഒ തന്‍റെ മക്കളുടെ നാനിമാർക്ക് വേണ്ടി മൗറീഷ്യസിൽ വലിയ തുകയ്ക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്ത വാർത്തയും, 50,000 രൂപയുടെ ഹെയർ ഡ്രയർ വാങ്ങിയ മകളെ കളിയാക്കിയ അമ്മയുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇതുപോലെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ നിഷ്കളങ്കമായ സ്‌നേഹത്തിന്‍റെ കഥയും ഇന്‍റർനെറ്റിൽ ഇടംപിടിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

രാജി സമർപ്പിച്ച ജീവനക്കാരനോട് ഒരൊറ്റ ചോദ്യം, രാജി വയ്ക്കുന്നില്ലെന്ന് ജീവനക്കാരൻ; വൈറലായി പോസ്റ്റ്
സ്‌നേഹത്തിനും വേദനയ്ക്കും എന്ത് ഭാഷ, കരഞ്ഞുപോകും; മരിച്ചുപോയ വയോധികയ്ക്ക് അന്ത്യചുംബനം നൽകി കുരങ്ങൻ