
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി ആദ്യമായി നേരിൽ കണ്ടപ്പോൾ 20,500 രൂപയുടെ ബിൽ അടയ്ക്കേണ്ടി വന്ന അനുഭവം പങ്കുവെച്ച് യുവാവിന്‍റെ സമൂഹ മാധ്യമ കുറിപ്പ് വൈറൽ. കുറിപ്പ് വൈറലായതിന് പിന്നാലെ ആദ്യ ഡേറ്റിന്‍റെ പേരിൽ അമിത വിലയുള്ള ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്യിപ്പിച്ച്, വലിയ തുക ഈടാക്കുന്ന സംഘടിത തട്ടിപ്പിന്‍റെ ഭാഗമായിരിക്കാം ഇതെന്നാണ് നിരവധി നെറ്റിസൺസും ചൂണ്ടിക്കാണിക്കുന്നത്.
യുവാവിന്‍റെ കുറിപ്പുപ്രകാരം, ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട് അല്പ നേരം സംസാരിച്ചപ്പോൾ, യുവതി അതേ ദിവസം തന്നെ നേരിൽ കാണാമെന്ന് പറഞ്ഞു. തുടർന്ന് അവൾ തെരഞ്ഞെടുത്ത സ്ഥലത്തേക്ക് ഇരുവരും പോയി. കഫേയാണെന്ന് കരുതിയാണ് എത്തിയതെങ്കിലും പിന്നീടാണ് അതൊരു പബ്ബാണെന്ന് മനസ്സിലായെന്ന് യുവാവ് പറയുന്നു. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത താൻ അവിടെ വെറുതെ ഇരുന്നപ്പോൾ യുവതി വിലകൂടിയ ഷാംപെയ്ൻ (ഏകദേശം 13,000 രൂപ വില), രണ്ട് ഹുക്ക ( (ഏകദേശം 6,000 രൂപ) ഉൾപ്പെടെ നിരവധി സാധനങ്ങൾ ഓർഡർ ചെയ്തു. പിന്നെ ഇരുവരും അല്പം ഭക്ഷണവും അവിടെ നിന്നും കഴിച്ചു. ഒടുവിൽ 20,500 രൂപയുടെ ബിലാണ് ലഭിച്ചതെന്നും യുവാവ് എഴുതുന്നു.
തന്‍റെ മാസശമ്പളത്തിന്‍റെ വലിയൊരു വിഹിതമാണ് ഈ ബില്ലിനായി ചെലവായതെന്ന് യുവാവ് പറയുന്നു. എന്നാൽ, പണം നഷ്ടപ്പെട്ടതിലുപരി, ബിൽ പങ്കിടാൻ പോലും യുവതി തയ്യാറാകാതിരുന്നതാണ് തന്നെ കൂടുതൽ വിഷമിപ്പിച്ചതെന്നും യുവാവ് എഴുതുന്നു. ബിൽ വന്ന സമയത്ത് യുവതി ശുചിമുറിയിലേക്ക് പോയി. എത്രയാണെന്ന് ചോദിക്കാൻ പോലും തയ്യാറായില്ല. പിന്നീട് ബിൽ താൻ തനിച്ച് അടയ്ക്കേണ്ടി വന്നെന്നും അദ്ദേഹം വിവരിച്ചു. അതേസമയം, ഇത് മനപ്പൂർവമായ തട്ടിപ്പായിരുന്നോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അയാൾ കൂട്ടിച്ചേർത്തു.
പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങൾ നേരിട്ടതായി നിരവധി പേർ അഭിപ്രായപ്പെട്ടു. ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവർ നിർബന്ധപൂർവം ഒരു പ്രത്യേക കഫേയിലോ പബ്ബിലോ എത്തിക്കാൻ ശ്രമിക്കുന്നതും തുടർന്ന് അമിത വിലയുള്ള ഓർഡറുകൾ വഴി വൻതുക ഈടാക്കുന്നതും ദില്ലി - എൻസിആർ മേഖലയിൽ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടി. ഡേറ്റിംഗ് ആപ്പ് വഴിയുള്ള സൗഹൃദങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിരവധി പേരാണ് മുന്നറിയിപ്പ് നൽകിയത്.