എട്ടിന്‍റെ പണി, പണം അടയ്ക്കാനുള്ള ചലാനുകൾ നഗരമധ്യത്തിലെ എഐ സ്ക്രീനിൽ പരസ്യമായി പ്രദർശിപ്പിച്ച് ഗുരുഗ്രാം ട്രാഫിക് പോലീസ്, വീഡിയോ

Published : Aug 02, 2026, 05:26 PM IST
Gurugram's AI-smart traffic warning screen

Synopsis

ഗുരുഗ്രാമിൽ സ്ഥാപിച്ച പുതിയ എഐ നിരീക്ഷണ സംവിധാനം വാഹനങ്ങളുടെ കുടിശ്ശിക ചലാനുകൾ റോഡിലെ ഡിജിറ്റൽ സ്ക്രീനുകളിൽ പ്രദർശിപ്പിക്കുന്നു. ട്രാഫിക് നിയമപാലനം കർശനമാക്കാൻ ലക്ഷ്യമിടുന്ന ഈ സംവിധാനം, ഫലപ്രാപ്തിയെയും വാഹന ഉടമകളുടെ സ്വകാര്യതയെയും കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

രിയാനയിലെ ഗുരുഗ്രാമിൽ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനായി തുടങ്ങിയ പുതിയ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടി. നഗരത്തിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്മാർട്ട് ഡിജിറ്റൽ സ്ക്രീനുകൾ വഴി. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ്, ആ വാഹനത്തിന് അടയ്ക്കാനുള്ള കുടിശ്ശിക ട്രാഫിക് ചലാനുകൾ തത്സമയം പ്രദർശിപ്പിക്കുന്ന സംവിധാനമാണ് അധികൃതർ നടപ്പാക്കിയിരിക്കുന്നത്. ഇതിലൂടെ നിയമലംഘകർക്ക് പിഴ അടയ്ക്കാതെ യാത്ര തുടരുക കൂടുതൽ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

'ഉണ്ട്, ചലാൻ അടയ്ക്കാനുണ്ട്'

വാഹനം സ്ക്രീനിന്‍റെ പരിധിയിലേക്ക് എത്തുമ്പോൾ എഐ സാങ്കേതികവിദ്യ നമ്പർ പ്ലേറ്റ് തിരിച്ചറിയുകയും ബന്ധപ്പെട്ട ഡാറ്റാബേസിൽ നിന്ന് കുടിശ്ശിക ചലാനുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു. തുടർന്ന് വാഹന നമ്പർ, ബാക്കി നിൽക്കുന്ന ചലാനുകളുടെ എണ്ണം, അടയ്ക്കാനുള്ള തുക തുടങ്ങിയ വിവരങ്ങൾ മുന്നിലെ വലിയ സ്ക്രീനിൽ തെളിയിക്കുന്നു. അതായത് ഒരു വാഹനം സ്ക്രീനിന്‍റെ പരിധിയിൽ വന്നാൽ ഉടനെ സ്ക്രീനിൽ നിങ്ങൾ ഇത്ര രൂപ നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് വലിയ സ്ക്രീനിൽ തെളിഞ്ഞ് വരും. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകത പൊതുജനങ്ങളിൽ കൂടുതൽ ബോധ്യപ്പെടുത്തുകയും കുടിശ്ശിക പിഴകൾ വേഗത്തിൽ ഈടാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

 

 

'സ്വകാര്യതയ്ക്ക് വിലയില്ലേ?'

സമൂഹ മാധ്യമങ്ങളിൽ ഈ സംവിധാനത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പ്രതികരണങ്ങളാണ് ഉയർന്നത്. "ഇനി ചലാൻ അവഗണിക്കാൻ കഴിയില്ല", "നിയമം പാലിക്കാൻ ഇത് ഫലപ്രദമായ മാർഗമാണ്" തുടങ്ങിയ അഭിപ്രായങ്ങൾ ചിലർ പങ്കുവെച്ചപ്പോൾ, ഒരു രസികൻ എഴുതിയത്, ഇനി ഇന്ത്യക്കാർ തങ്ങളുടെ പേര് വലിയ സ്ക്രീനിൽ തെളിഞ്ഞ് വരാൻ നിയമം ലംഘിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു. അതേസമയം വാഹന ഉടമകളുടെ സ്വകാര്യതയെ സംബന്ധിച്ചും ചിലർ ആശങ്ക പ്രകടിപ്പിച്ചു. പിന്നാലെ പൊതുസ്ഥലങ്ങളിൽ വ്യക്തിഗത വാഹന വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് സ്വകാര്യതാ പ്രശ്നങ്ങൾക്ക് ഇടയാക്കുമോയെന്ന ചർച്ചയും ശക്തമായി.

അതേസമയം, റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ കുറയ്ക്കാനും സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ ഫലപ്രദമായ ട്രാഫിക് നിയന്ത്രണം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കുന്നു. നഗരത്തിൽ സ്മാർട്ട് ട്രാഫിക് മാനേജ്മെന്‍റിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും, നിയമങ്ങൾ പാലിക്കുന്ന ഡ്രൈവർമാർക്ക് ഇത് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്നും അവർ പറയുന്നു. എഐ അടിസ്ഥാനമാക്കിയുള്ള ഇത്തരം സംവിധാനങ്ങൾ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമോയെന്ന കാര്യവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചയായി മാറി.

PREV
Read more Articles on
click me!

Recommended Stories

'ഒരു ബ്രേക്ക് ഫാസ്റ്റിന് 700 രൂപ! അവർ ഞങ്ങളെ കൊള്ളയടിച്ചു'; ഹാൽദിറാമിന്‍റെ ഔട്ട്ലെറ്റിലെ ബില്ല് പങ്കുവച്ച് യുവാവ്, കുറിപ്പ് വൈറൽ
അവധി ദിവസം വെറുതെയിരുന്നൂടേ? ഉറങ്ങിത്തീർത്തൂടേ? എന്താ കുഴപ്പം; ചർച്ചയായി യുവതിയുടെ പോസ്റ്റ്