
കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണ് എന്ന് അറിഞ്ഞാൽ മുന്നുംപിന്നും നോക്കാതെ എടുത്തുചാടുന്നവരാണ് മിക്ക മാതാപിതാക്കളും. അതുപോലെ ഒരു അച്ഛനെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകളെ രക്ഷിക്കാൻ കടലിലേക്ക് ചാടുന്നതിന് മുമ്പ് അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നതാണ് സത്യം.
ഞായറാഴ്ചയാണ് സംഭവം. ഒരു ചെറിയ പെൺകുട്ടി ഡിസ്നി ഡ്രീം ക്രൂയിസ് കപ്പലിന്റെ നാലാമത്തെ ഡെക്കിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു എന്നാണ് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ നാല് രാത്രി നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലേക്ക് മടങ്ങുകയായിരുന്നു ബഹാമിയൻ ക്രൂയിസ്.
ബഹാമാസിലെ ഡിസ്നിയുടെ സ്വകാര്യ ദ്വീപിനടുത്ത് വച്ചാണ് പെൺകുട്ടി കപ്പലിന്റെ നാലാമത്തെ ഡെക്കിൽ നിന്നും വെള്ളത്തിലേക്ക് വീണത്. പിന്നാലെ തന്നെ ഇതുകണ്ട അവളുടെ അച്ഛനും കപ്പലിൽ നിന്നും ചാടുകയായിരുന്നു എന്നാണ് സംഭവത്തിന് സാക്ഷികളായവർ പറയുന്നത്.
മാത്രമല്ല, സുരക്ഷയ്ക്ക് വേണ്ടി പ്ലെക്സിഗ്ലാസ് സേഫ്റ്റി ബാരിയേഴ്സ് സ്ഥാപിച്ചിരുന്ന സ്ഥലത്ത് നിന്നാണ് പെൺകുട്ടി വീണത്. എങ്ങനെ അപകടം സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ല എന്നും യാത്രക്കാർ പറയുന്നു. അച്ഛനും കൂടി ചാടിയതോടെ യാത്രക്കാരിൽ ഒരാൾ അറിയിച്ചതിനെ തുടർന്ന് ഉടനെ തന്നെ ജീവനക്കാർ എത്തി. റെസ്ക്യൂ ബോട്ടുകളും സജ്ജമായി.
രക്ഷാപ്രവർത്തകർ എത്തുന്നതിന് മുമ്പായി 20 മിനിറ്റോളം അച്ഛൻ മകളെ വെള്ളത്തിൽ മുങ്ങിപ്പോകാതെ പിടിച്ചു നിർത്തുകയായിരുന്നു. സംഭവത്തിന് ശേഷം, ഡിസ്നി ഡ്രീം ഒടുവിൽ ഫ്ലോറിഡയിലേക്കുള്ള യാത്ര പുനരാരംഭിക്കുകയും ചെയ്തു. യാത്രക്കാർ കുട്ടിയുടെ അച്ഛനേയും ജീവനക്കാരേയും അഭിനന്ദിച്ചു. അച്ഛനും മകളും സുരക്ഷിതരായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.
യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു. അതോടെ അച്ഛനെ ഹീറോ എന്നാണ് മിക്കവരും വിശേഷിപ്പിക്കുന്നത്.