
അച്ഛന്റെയും അമ്മയുടെയും മരണത്തിന് പിന്നാലെ നവി മുംബൈയിലുള്ള 55 -കാരൻ ഫ്ലാറ്റിന് പുറത്തിറങ്ങാതെ കഴിഞ്ഞത് മൂന്ന് വർഷം. ഭക്ഷണം ഓർഡർ ചെയ്താണ് കഴിച്ചിരുന്നത്. ആകെ കാണുന്ന മനുഷ്യരും ഈ ഭക്ഷണത്തിന്റെ ഡെലിവറിക്കായി എത്തുന്നവർ മാത്രമായിരുന്നു.
55 -കാരനായ ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ മരിച്ചതിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീഴുകയായിരുന്നു. 20 വർഷം മുമ്പ് സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. മാതാപിതാക്കളും മരിച്ചതോടെ ആരും ഇല്ല എന്ന തോന്നലുണ്ടാവുകയും പുറംലോകവുമായുള്ള ബന്ധങ്ങളവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നത്രെ ഇയാൾ.
പിന്നീട് ഒരു എൻജിഒയെ അദ്ദേഹത്തിന്റെ അവസ്ഥ അറിയിക്കുകയായിരുന്നു. തുടർന്ന് സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവിൽ (സീൽ) നിന്നുള്ള സാമൂഹിക പ്രവർത്തകർ സെക്ടർ 24 -ലെ ഘർകൂൾ സിഎച്ച്എസിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു.
കണ്ടെത്തുമ്പോൾ വീട്ടിൽ മാലിന്യങ്ങളും മനുഷ്യവിസർജ്ജ്യങ്ങളും ഉൾപ്പടെ ഉണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങാനും കൂട്ടാക്കിയിരുന്നില്ല. ലിവിംഗ് റൂമിലെ ഒരു സോഫയിലാണ് അദ്ദേഹം ഉറങ്ങിക്കൊണ്ടിരുന്നത്. വീട്ടിൽ ചില ഫർണിച്ചറുകളും കാണാനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കാലിന് ഒരു ഇൻഫെക്ഷൻ ബാധിച്ചിരുന്നു. അടിയന്തിരമായി ചികിത്സ ലഭ്യമാക്കാൻ പാകത്തിന് ഗുരുതരമായിരുന്നു അത് എന്നും സീലിൽ നിന്നുള്ള പാസ്റ്റർ ഫിലിപ് പറയുന്നു.
അദ്ദേഹം മാലിന്യം കളയാൻ പോലും പുറത്തിറങ്ങാറില്ലായിരുന്നു എന്നാണ് അയൽക്കാർ പറയുന്നത്. ഞങ്ങൾ അദ്ദേഹത്തെ സഹായിക്കാറുണ്ടായിരുന്നു. വീട് വൃത്തിയാക്കി കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സഹായിച്ചിരുന്നു എന്നും അയൽക്കാർ TOI -യോട് പറയുന്നു.
അദ്ദേഹത്തിന്റെ വീട്ടുകാരെയോ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഒന്നും അദ്ദേഹം വിളിക്കാനോ സംസാരിക്കാനോ തയ്യാറായിരുന്നില്ല. താൻ തനിച്ചായിപ്പോയി എന്നും ഈ മോശം ആരോഗ്യാവസ്ഥയിൽ തനിക്കൊരു ജോലി കണ്ടെത്താനാവില്ല എന്നും അദ്ദേഹം പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.