
ക്യാൻസറും മസിലുകൾക്ക് ബലഹീനതയും മറ്റ് നിരവധി രോഗങ്ങളുമുള്ള ഒരാളായിരുന്നു ജിപ്സി റോസ് ബ്ലാഞ്ചർഡ് (Gypsy Rose Blanchard). അവൾക്ക് താങ്ങും തണലുമായിരുന്നു അവളുടെ അമ്മ ഡീ ഡീ ബ്ലാഞ്ചർഡ് (Dee Dee Blanchard). അവർ പരസ്പരം വളരെ സ്നേഹിച്ചിരുന്നു. ഡീ ഡീ മകളെ പൊന്നുപോലെ നോക്കി. അവൾ ആഗ്രഹിക്കുന്നതെല്ലാം നൽകാൻ ആ അമ്മ എന്നും തയ്യാറായിരുന്നു. 20 വർഷത്തിലേറെ കാലം അവർ പരസ്പരം പ്രചോദനവും പ്രതീക്ഷയുമായി ജീവിച്ചു. എന്നാൽ, ഒരു സുപ്രഭാതത്തിൽ ആ പട്ടണം തീർത്തും ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടു.
ഡീ ഡീയെ ആരോ സ്വന്തം വീട്ടിലിട്ട് കുത്തിക്കൊന്നു. എല്ലാവരും നിരാലംബയായ പെൺകുട്ടിയെ കുറിച്ചോർത്ത് വിലപിച്ചു. പെൺകുട്ടിക്ക് സ്വന്തമായി ജീവിക്കാൻ മാർഗമില്ല, അമ്മയുടെ സഹായമില്ലാതെ ഒന്ന് ചലിക്കാൻ പോലും പ്രയാസം. അമ്മയില്ലാത്ത ഒരു ജീവിതം അസാധ്യമായ അവൾ എന്ത് ചെയ്യുമെന്ന് ഓർത്ത് ആളുകൾ വ്യാകുലപ്പെട്ടു. എന്നാൽ അപ്പോഴാണ് അവർ ശ്രദ്ധിക്കുന്നത്, മകളെ അവിടെയെങ്ങും കാണ്മാനില്ല. കൊലപാതകി മകളെ തട്ടിക്കൊണ്ടു പോയതാകാമെന്ന് ആളുകൾ സംശയിച്ചു. ഉടനെ അവൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ ജിപ്സിയെ കണ്ടെത്തി. എന്നാൽ അവർ കണ്ടെത്തിയ ജിപ്‌സി കാണാതായ അതേ പെൺകുട്ടിയായിരുന്നില്ല. മെലിഞ്ഞ, അംഗവൈകല്യമുള്ള ഒരു കാൻസർ രോഗിയെക്കാൾ, ശക്തയായ, സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയുള്ള ആരുടേയും സഹായമില്ലാതെ നടക്കാനും, ആഹാരം കഴിക്കാനും സാധിക്കുന്ന പുതിയ ജിപ്സിയായിരുന്നു അത്. അവളെ കണ്ട് എല്ലാവരും അന്തംവിട്ടു. ജിപ്‌സി ഒറ്റരാത്രികൊണ്ട് എങ്ങനെ ഇങ്ങനെ മാറിയെന്ന് അവർ അതിശയിച്ചു.
1991 ജൂലൈ 27 -ന് ലൂസിയാനയിലാണ് ജിപ്സി ജനിച്ചത്. അവളുടെ ജനനത്തിനു തൊട്ടുമുമ്പ്, അവളുടെ മാതാപിതാക്കൾ വേർപിരിഞ്ഞു. അവളുടെ അച്ഛന്റെ പേര് റോഡ് ബ്ലാഞ്ചർഡ്. 24 -കാരിയായ ഡീ ഡീ, ജിപ്‌സിയെ ഗർഭിണിയായിരിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡീ ഡീയുടെ ഗർഭധാരണത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം അദ്ദേഹം അവളെ വിവാഹം കഴിച്ചെങ്കിലും, ഒത്തുപോകാൻ സാധിക്കാത്തത് മൂലം വേർപിരിഞ്ഞു. ഡീ ഡീയുമായി വേർപിരിഞ്ഞിട്ടും, റോഡ് അവരുമായി സമ്പർക്കം പുലർത്തുകയും, അവർക്ക് പതിവായി പണം അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, തുടക്കം മുതൽ, ഡീ ഡീ ഒരു മാതൃകാ രക്ഷിതാവായി സ്വയം ചിത്രീകരിച്ചു. സ്വന്തം കുട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരു അമ്മയാണ് താനെന്ന് അവൾ സ്വയം വിശ്വസിച്ചു. ജിപ്സിയ്ക്ക് ഏകദേശം എട്ട് വയസ്സുള്ളപ്പോൾ, മുത്തച്ഛന്റെ മോട്ടോർ സൈക്കിളിൽ നിന്ന് അവൾ താഴെ വീണു. ഡീ ഡീ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. മുട്ടിന് ചെറിയ പൊട്ടൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, മകൾ സുഖം പ്രാപിച്ചുവെന്ന് ഡീ ഡിക്ക് ബോധ്യപ്പെട്ടില്ല. നിരവധി ശസ്ത്രക്രിയകൾ ചെയ്താൽ മാത്രമേ അവൾ ഇനി നടക്കൂവെന്ന് ഡീ ഡീ മകളെ പറഞ്ഞ് വിശ്വസിപ്പിച്ചു. അതുവരെ, ജിപ്സി വീൽചെയറിൽ ജീവിച്ചാൽ മതിയെന്ന് ഡീ ഡീ തീരുമാനിച്ചു.
ഡീ ഡീയുടെ കുടുംബം ജിപ്‌സിയുടെ ഈ അവസ്ഥയെ ചോദ്യം ചെയ്തപ്പോൾ, ഡീ ഡീ അവരിൽ നിന്ന് മാറി ലൂസിയാനയിലെ മറ്റൊരു പട്ടണത്തിലേക്ക് മാറി. അവിടെ ഒരു അപ്പാർട്ട്മെന്റ് കണ്ടെത്തി, അവിടെ താമസം തുടങ്ങി. ജിപ്സിയെ ഒരു നിത്യരോഗിയായി അവൾ ചിത്രീകരിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ താൻ ഒരു രോഗിയാണ് എന്ന് മകളെ സ്വയം വിശ്വസിപ്പിക്കാൻ തുടങ്ങി ഡീ ഡീ. മകൾക്ക് കാഴ്ചയ്ക്കും, കേൾവിക്കും തകരാറുണ്ടെന്നും, അപസ്മാരമുണ്ടെന്നും ഡോക്ടർമാരെ വിശ്വസിപ്പിച്ച്, അവൾ മകൾക്ക് തെറ്റായ മരുന്നുകൾ നൽകിക്കൊണ്ടിരുന്നു. പൂർണാരോഗ്യവതിയായ അവളെ നിത്യരോഗിയാക്കി, കൂടെ കൊണ്ട് നടന്നു.
എന്നാൽ, ഒരിക്കൽ ഒരു ഡോക്ടർ ജിപ്സിയെ തന്റെ ക്ലിനിക്കിലേയ്ക്ക് ക്ഷണിച്ചു. അവിടെ അവളെ വിവിധ ടെസ്റ്റുകൾക്ക് വിധേയയാക്കിയ ഡോക്ടർ ഞെട്ടിപ്പോയി. ജിപ്സിയ്ക്ക് ഡീ ഡീ പറയുന്ന തരത്തിലുള്ള യാതൊരു രോഗങ്ങളും ഇല്ലെന്ന് അദ്ദേഹം കണ്ടെത്തി. "അവൾ നടക്കാത്തതിന് ഒരു കാരണവും ഞാൻ കാണുന്നില്ല" അദ്ദേഹം ഡീ ഡീയോട് പറഞ്ഞു. എന്നാൽ ഡീ ഡീ അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ ഡോക്ടർക്ക് അമ്മയിൽ സംശയം തോന്നിത്തുടങ്ങി. ഡീ ഡീക്ക് മഞ്ചൗസെൻ സിൻഡ്രോം ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി. ഒരാൾ തന്റെ പരിചരണത്തിലുള്ള ഒരു വ്യക്തിക്ക് സാങ്കൽപ്പിക രോഗങ്ങൾ കല്പിക്കുന്ന ഒരു മാനസിക രോഗമായിരുന്നു അത്.
ഇതിനിടയിൽ, അമ്മയ്ക്ക് ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്ന് ജിപ്സിയും സംശയിക്കാൻ തുടങ്ങിയിരുന്നു. 2010 -ൽ, ജിപ്‌സിയ്ക്ക് 14 വയസ്സായിരുന്നുവെന്ന് ഡീ ഡീ എല്ലാവരോടും പറയുമായിരുന്നു. എന്നാൽ, അവൾക്ക് യഥാർത്ഥത്തിൽ 19 വയസ്സായിരുന്നു. അമ്മ പറയുന്നതുപോലെ തനിക്ക് അസുഖമില്ലെന്ന് അവൾ അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. തനിക്ക് നടക്കാൻ കഴിയുമെന്ന് അവൾ തിരിച്ചറിഞ്ഞു. പിന്നെ അമ്മയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമായി. അവളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ ഡീ ഡീ അവളെ കട്ടിലിൽ കെട്ടിയിട്ടു.
എന്നാൽ, അവളാകട്ടെ ഡീ ഡീ ഉറങ്ങുമ്പോൾ ഓൺലൈൻ ചാറ്റ് റൂമുകളിൽ പുരുഷന്മാരുമായി സംസാരിക്കാൻ തുടങ്ങി. അവരിൽ ഒരാൾ തന്നെ രക്ഷിക്കുമെന്ന് അവൾ പ്രതീക്ഷിച്ചു. ഒടുവിൽ, 2012 -ൽ, അവൾക്ക് ഏകദേശം 21 വയസ്സുള്ളപ്പോൾ, വിസ്കോൺസിനിൽ നിന്നുള്ള നിക്കോളാസ് ഗോഡെജോൺ എന്ന 23 -കാരനെ അവൾ കണ്ടുമുട്ടി. അസഭ്യം പറഞ്ഞതിന് ഗോഡെജോണിന് ക്രിമിനൽ റെക്കോർഡും നേരത്തെ മാനസികരോഗവും ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും ജിപ്‌സിയെ പിന്തിരിപ്പിച്ചില്ല. അവർ ഇരുവരും അടുത്തു. തന്റെ അവസ്ഥ എല്ലാം അവൾ അയാളോട് തുറന്ന് പറഞ്ഞു. അവർ ഇരുവരും ഡീ ഡീയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ തുടങ്ങി.
ഒരു ദിവസം ഡീ ഡീ ഉറങ്ങുമ്പോൾ, ജിപ്സിയുടെ നിർദേശ പ്രകാരം നിക്കോളാസ് അവളെ 17 തവണ കുത്തി കൊലപ്പെടുത്തി. എന്നാൽ ദിവസങ്ങൾക്ക് ശേഷം പൊലീസ് അവർ ഇരുവരെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, അവൾ കുറ്റം സമ്മതിച്ചു. 2016 -ൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് കോടതി അവളെ 10 വർഷത്തെ തടവിന് ശിക്ഷിച്ചു. ജിപ്‌സി ഇപ്പോൾ മിസൗറിയിലെ ചില്ലിക്കോത്ത് കറക്ഷണൽ സെന്ററിൽ ശിക്ഷ അനുഭവിക്കുകയാണ്. എന്നാൽ 2023 -ൽ അവൾക്ക് പരോൾ ലഭിക്കും. അതേസമയം, ജിപ്‌സി തന്റെ അമ്മയുടെ രോഗാവസ്ഥയെക്കുറിച്ച് പഠിക്കുകയും, അവൾ അനുഭവിച്ച പീഡനവുമായി പൊരുത്തപ്പെടുകയും ചെയ്തു. ഇന്ന് അമ്മയെ കൊന്നതിൽ അവൾ പശ്ചാത്തപിക്കുന്നു.