
മാതൃസ്നേഹം അത് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും ഉണ്ട് എന്ന് തെളിയിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാകും. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ ഒന്നുകൂടി. അമ്മയുടെ ത്യാഗവും നിരുപാധികമായ സ്നേഹവും പ്രകടിപ്പിക്കുന്ന ഹൃദയഭേദകമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ ഒന്നാകെ ദുഃഖത്തിൽ ആക്കുകയാണ്. കടിച്ചു കീറാനായി പാഞ്ഞടുക്കുന്ന മുതലയുടെ കയ്യിൽ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാനായി സ്വയം ബലി കൊടുക്കുന്ന ഒരു അമ്മ മാനാണ് ഈ വീഡിയോയിൽ എന്നാണ് പറയുന്നത്.
ശാന്തമായി ഒഴുകുന്ന ഒരു പുഴയിലൂടെ ഒരു കുഞ്ഞു മാൻ നീന്തി വരുന്നതാണ് വീഡിയോയുടെ തുടക്കം. പെട്ടെന്ന് പുഴയുടെ സകല ശാന്തതയും തകർത്തുകൊണ്ട് അക്രമകാരിയായ ഒരു മുതല പുഴയുടെ അടിയിൽ നിന്നും പൊങ്ങി വരുന്നു. അത് മാൻ കുഞ്ഞിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുന്നു. ഇതൊന്നുമറിയാതെ നീന്തി മുന്നോട്ട് നീങ്ങുകയാണ് പാവം മാൻകുഞ്ഞ്. പക്ഷേ, അപകടം മാൻ കുഞ്ഞിൻറെ അമ്മ കണ്ടു. പിന്നെ ഒരു നിമിഷം വൈകിയില്ല വാ തുറന്നു പിടിച്ചു കൊണ്ട് പാഞ്ഞടുത്ത മുതലയുടെ മുൻപിലേക്ക് അമ്മമാൻ അതിവേഗത്തിൽ നീന്തിയെത്തി സ്വന്തം ജീവൻ നൽകി തലനാരിഴയുടെ വ്യത്യാസത്തിൽ തൻറെ കുഞ്ഞിനെ രക്ഷിക്കുന്നു.
മാതൃത്വത്തിന്റെ ഈ വൈകാരിക പ്രകടനവും ഒരു അമ്മ തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എത്രത്തോളം പോകും എന്നതും ഓൺലൈനിൽ നിരവധി ആളുകളുടെ ഹൃദയം കവർന്നു. 2.5 ലക്ഷത്തിലധികം ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു. സെക്കന്റുകൾ മാത്രമാണ് ഈ വീഡിയോയുടെ ദൈർഘ്യം എങ്കിലും കാഴ്ചക്കാരുടെ മനസ്സിൽ ഇത് സങ്കടം നിറയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.